Skip to main content

ജില്ലയില്‍ കൂടുതല്‍ വിദ്യാലയങ്ങള്‍  ഹൈ ടെക്ക് ആവുന്നു, നിര്‍മാണ ഉദ്ഘാടനം സെപ്തംബര്‍ 14 ന് 

 

 

എറണാകുളം സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ മുഖമുദ്ര മാറ്റുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി ജില്ലയിലെ 13 സ്കൂളുകള്‍ കൂടി ഹൈ ടെക്ക് ആവുന്നു. സംസ്ഥാന സര്‍ക്കാരിൻറെ നൂറു ദിന സംരക്ഷണ പദ്ധതിയുടെ ഭാഗമായി 13 സ്കൂളുകളുടെ നവീകരണ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെപ്തംബര്‍ 14 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വ്വഹിക്കും. നബാര്‍ഡ്, കിഫ്ബി തുടങ്ങിയവയുടെ സാമ്പത്തിക സഹായം ഉപയോഗിച്ചായിരിക്കും സ്കൂളുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുക. 

ക്ലാസ്മുറികള്‍, ടോയ്ലറ്റുകള്‍, ഇൻറര്‍നെറ്റ് സൗകര്യമുള്ള ഡിജിറ്റല്‍ ക്ലാസ്മുറികള്‍, അടുക്കള, ഭക്ഷണമുറി എന്നിവ ഉള്‍പ്പടെയുള്ള അക്കാദമിക് സമുച്ചയങ്ങള്‍ ഈ സ്കൂളുകളില്‍ നിര്‍മിക്കും. 

പാലിശ്ശേരി ഗവ. ഹൈസ്കൂള്‍, നെല്ലിക്കുഴി ഗവ. ഹൈസ്കൂള്‍, നൊച്ചിമ ഗവ. ഹൈസ്കൂള്‍, ആറൂര്‍ ഗവ. ഹൈസ്കൂള്‍, എന്നീ സ്കൂളുകളില്‍ നബാര്‍ഡിൻറെ രണ്ടു കോടി രൂപ ധനസഹായത്തോടു കൂടി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. പാലിശേരി ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍, മഞ്ഞപ്ര ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍, മുപ്പത്തടം ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍, എടത്തല ഹയര്‍സെക്കണ്ടറി സ്കൂള്‍, കലൂര്‍ എം.ടി ഹയര്‍സെക്കണ്ടറി സ്കൂള്‍, ചൊവ്വര ഹയര്‍സെക്കണ്ടറി സ്കൂള്‍, പൂത്രുക്ക ഹയര്‍സെക്കണ്ടറി സ്കൂള്‍, ചോറ്റാനിക്കര ഹയര്‍സെക്കണ്ടറി സ്കൂള്‍ എന്നിവിടങ്ങളില്‍ കിഫ്ബിയുടെ ഒരു കോടി രൂപ മുതല്‍ മുടക്കില്‍ അക്കാദമിക് സമുച്ചയങ്ങള്‍ നിര്‍മിക്കും. 

വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ പഠന സൗകര്യങ്ങളുടെ കാലോചിതമായ വികസനം ഉറപ്പാക്കി പൊതുവിദ്യാലയങ്ങളുടെ പ്രസക്തി വീണ്ടെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

date