പാലക്കാടിനെ ബാലവേല വിമുക്ത ജില്ലയാക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം
പാലക്കാടിനെ ബാലവേല വിമുക്ത ജില്ലയാക്കാന്‍ സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്ന് പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീളാ ശശിധരന് പറഞ്ഞു. മുതിര്‍ന്നവര്‍ക്ക് നല്‍കുന്നതിന്റെ പകുതി കൂലി മാത്രം കൊടുത്താണ് പലരും കുട്ടികളെ ജോലിയെടുപ്പിക്കുന്നത്. ചെറുപ്രായത്തില്‍ തന്നെ കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ നശിപ്പിക്കുന്ന ഈ പ്രവണത സമൂഹത്തില്‍ നിന്നും ഇല്ലാതാക്കണം. അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ലേബര്‍ ഓഫീസ്, ജില്ലാ ശിശു സംരക്ഷണ സമിതി, ചൈല്‍ഡ് ലൈന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ പാലക്കാട് തൃപ്തി ഹാളില്‍ നടന്ന ബോധവത്ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നഗരസഭാ അധ്യക്ഷ.
കേരളത്തിലെ ഉയര്‍ന്ന സാക്ഷരതാ നിരക്കും പ്രബുദ്ധരായ ജനസമൂഹവും സര്‍ക്കാരിന്റെയും ബന്ധപ്പെട്ട കേന്ദ്രങ്ങളുടെയും സമയോചിത ഇടപെടലുകളും നിയമ നടപടികളും കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനം എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ ഏറെ സഹായിച്ചു. കേരളത്തില്‍ തൊഴിലെടുക്കാന്‍ എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ രക്ഷിതാക്കളോടൊപ്പം തൊഴിലില്‍ ഏര്‍പ്പെടുന്നതാണ് മിക്കപ്പോഴും ബാലവേലയായി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപെടുന്നത്. ചില ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാല്‍ ജില്ലയിലെ സ്ഥിതിയും മറിച്ചല്ല. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, വിദ്യാര്‍ഥികള്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ക്ക് ബോധവത്ക്കരണ കാംപുകളിലൂടെ അവബോധം വളര്‍ത്തിയാല്‍ ബാലവേല വിരുദ്ധ ദിനം ആചരിക്കുന്നത് ഇല്ലാതാക്കാമെന്ന് മുഖ്യപ്രഭാഷകനും ജില്ലാ ശിശു സംരക്ഷണ ഓഫീസറുമായ കെ. ആനന്ദന് പറഞ്ഞു.
ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) എം.കെ രാമകൃഷ്ണന് അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ സാമൂഹിക നീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് എം. സന്തോഷ് ബാബു, ചൈല്‍ഡ് ലൈന്‍ കൗണ്‍സലര്‍ എസ്. സുഷമ, ജില്ലാ ലേബര്‍ ഓഫീസര്‍ (ജനറല്‍) സി.എന്‍. സക്കീന, ജില്ലാ ലേബര്‍ ഓഫീസ് സൂപ്രണ്ട് അഷറഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി ഖിതര്‍ മുഹമ്മദ് സംസാരിച്ചു.
സെമിനാറില്‍ മേഴ്സി കോളെജിലെ എം.എസ്.ഡബ്ള്‍.യു വിഭാഗം വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു.പരിപാടിയോടനുബന്ധിച്ച് വൈകീട്ട് മൂന്നിന് നടന്ന ബോധവത്ക്കരണ റാലി ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) എം.കെ രാമകൃഷ്ണന് ഫല്‍ഗ് ഓഫ് ചെയ്തു. ഗവ.മോയന്‍ എല്‍.പി സ്ക്കൂളില്‍ നിന്നും തുടങ്ങിയ റാലി സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.
- Log in to post comments