ഇലന്തൂരില്‍ ഡെങ്കിപനി പ്രതിരോധ മെഡിക്കല്‍ ക്യാമ്പ് വ്യാഴാഴ്ച
ഡെങ്കിപ്പനി വ്യാപകമായ ഇലന്തൂര്‍ പഞ്ചായത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. സാമൂഹികാരോഗ്യ കേന്ദ്രം, ആയുര്‍വേദാശുപത്രി, ഹോമിയോ ആശുപത്രി എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പഞ്ചായത്ത് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ പത്ത് മുതല്‍ ഒരു മണി വരെ വൈഎംഎ വാര്യാപുരത്തും ഉച്ചകഴിഞ്ഞ് രണ്ട് മണി മുതല്‍ അഞ്ച് മണി വരെ വിളക്കുകല്‍ ഭാഗത്തുമായാണ് സൗജന്യപരിശോധന സംഘടിപ്പിച്ചിക്കുന്നത്. പരിശോധനയ്ക്കെത്തുന്നവര്‍ക്ക് പ്രതിരോധ മരുന്നും നല്‍കും. പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ മാത്രമായി പതിനഞ്ചിലധികം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പഞ്ചായത്ത് അധികൃതര്‍ നേരിട്ട് പനി പ്രതിരോധത്തിന് ചുക്കാന്‍ പിടിക്കുന്നത്. ആരോഗ്യവകുപ്പിന്‍റെ കൂടി സഹകരണത്തോടെ കഴിഞ്ഞദിവസം പഞ്ചായത്തിലെ മധുമൂല, വാര്യാപുരം ഭാഗങ്ങളില്‍ നേരിട്ടെത്തി പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. പഞ്ചായത്ത് അധികൃതര്‍, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ നേരിട്ടെത്തിയാണ് പ്രദേശവാസികള്‍ക്ക് ബോധവല്‍ക്കരണം നടത്തിയത്. പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ് സാംസണ്‍ തെക്കേതില്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ ചെയര്‍മാന്‍ എന്‍. ശിവരാമന്‍, ഗ്രാമപഞ്ചായത്ത് ആരോഗ്യ ചെയര്‍മാന്‍ കെ.പി മുകുന്ദന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.എം.ഷാജി എന്നിവരാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. (പിഎന്‍പി 1520/18)
- Log in to post comments