നഗരംപാറ മോഡൽ ഫോറസ്റ്റ് സ്റ്റേഷനിൽ പച്ചക്കറി കൃഷി ആരംഭിച്ചു.
കോതമംഗലം:കാർഷിക വികസന, കർഷക ക്ഷേമ വകുപ്പിൻ്റെ 'സ്ഥാപനാധിഷ്ഠിത പച്ചക്കറി പദ്ധതി' പ്രകാരം നീണ്ടപാറയിലെ നഗരംപാറ മോഡൽ ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്ത് പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സൈജൻ്റ് ചാക്കോ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മൂന്നാർ ഡി എഫ് ഒ രാജു കെ ഫ്രാൻസിസ് മുഖ്യ പ്രഭാഷണം നടത്തി.
ഫോറസ്റ്റ് സ്റ്റേഷൻ കോമ്പൗണ്ടിലെ ഏകദേശം അര ഏക്കറോളം സ്ഥലത്ത് വിവിധയിനം പച്ചക്കറി കൃഷി ചെയ്യുന്നതിനായുള്ള പദ്ധതി കൃഷി വകുപ്പിൽ നിന്നും പ്രത്യേകമായി അനുവദിച്ചിട്ടുണ്ട്. പച്ചക്കറി കൃഷിക്ക് ആവശ്യമായ വിത്ത്,തൈകൾ,വളങ്ങൾ,ജലസേചനത്തിനുള്ള പമ്പ്സെറ്റ്,ഡ്രിപ്പ് ഇറിഗേഷൻ,പച്ചക്കറി പന്തൽ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പാവൽ, പയർ, വെണ്ട, ചീര, വഴുതന, പടവലം, മത്തൻ, കോവൽ തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്.സുഭിക്ഷം സുരക്ഷിതം പദ്ധതിയുമായി സംയോജിപ്പിച്ച് ജൈവ കൃഷിയാണ് നടപ്പിലാക്കുന്നത്. വിഷ രഹിത പച്ചക്കറിയും സ്വയം പര്യാപ്തയും ലക്ഷ്യമിടുന്ന ഈ പദ്ധതി മാതൃകാപരമായിത്തന്നെ പൂർത്തിയാക്കുമെന്ന് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അറിയിച്ചു.
കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി പി സിന്ധു, വൈസ് പ്രസിഡൻ്റ് ജിംസിയ ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം പി എം കണ്ണൻ,സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ഷിബു പടപറമ്പത്ത്,മെമ്പർമാരായ ഹരീഷ് രാജൻ,സന്ധ്യ ജയ്സൺ,കൃഷി ഓഫീസർമാരായ ഇ എം മനോജ്,സജി കെ എ,റെയ്ഞ്ച് ഓഫീസർ കെ വി രതീഷ്,സാജു വർഗീസ്,ജഗദീഷ് എം പി,ജി ജി സന്തോഷ്,കൃഷി അസിസ്റ്റൻ്റ് വിനീഷ് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments