കണ്ണൂര്‍ അറിയിപ്പുകള്‍ 05-10-2021
സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട മികച്ച ജീവനക്കാരന്‍ (സര്‍ക്കാര്‍/പൊതു/സ്വകാര്യ മേഖല), സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയ തൊഴില്‍ദായകന്‍, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച എന്‍ജിഒ/സ്ഥാപനങ്ങള്‍, ഭിന്നശേഷിക്കാരായ മാതൃകാ വ്യക്തി, മികച്ച സര്‍ഗ്ഗാത്മ കഴിവുള്ള കുട്ടി, മികച്ച കായിക താരം, ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായിട്ടുള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം മികവ് തെളിയിക്കുന്നതിനുള്ള റിപ്പോര്‍ട്ട്, അംഗപരിമിതി തെളിയിക്കുന്ന രേഖകള്‍(സിഡിയില്‍ പകര്‍ത്തിയത്) എന്നിവ സഹിതം ഒക്ടോബര്‍ 10നകം ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ നല്‍കണം. വെബ്‌സൈറ്റ് www.sjd.kerala.gov.in ഫോണ്‍: 8281999015.
ഭരണാനുമതിയായി
അഴീക്കോട് എം എല്‍ എയുടെ 2019-20 വര്‍ഷത്തെ പ്രത്യേക വികസന നിധിയില്‍ നിന്നും 4.21 ലക്ഷം രൂപ വിനിയോഗിച്ച് അഴീക്കോട് മണ്ഡലത്തിലെ ചിറക്കല്‍ ഏഴാം വാര്‍ഡ് കാട്ടാമ്പള്ളി കടവത്ത് വളപ്പ് സിദ്ദീഖ് വീട് മുതല്‍ മഹമൂദ് വീട് ഭാഗത്തേക്ക് കോണ്‍ക്രീറ്റ് പ്രവൃത്തി നടത്തുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.
കെല്‍ട്രോണ്‍; ഫയര്‍ ആന്റ് സേഫ്റ്റി കോഴ്‌സ് അപേക്ഷിക്കാം
കെല്‍ട്രോണിന്റെ കോഴിക്കോട് നോളജ് സെന്ററില്‍ ഫയര്‍ ആന്റ് സേഫ്റ്റി പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. ഒരു വര്‍ഷമുള്ള കോഴ്‌സിന്് എസ് എസ് എല്‍ സിയാണ് യോഗ്യത. ഫോണ്‍: 9526871584.
ലേലം ചെയ്യുന്നു
കണ്ണോത്ത് ഗവ.ടിമ്പര്‍ ഡിപ്പോയില്‍ തേക്ക് തടികളുടെ വില്‍പന ഒക്ടോബര്‍ 13ന് നടക്കും. ഓണ്‍ലൈനായി നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ www.msteecommerce.com വഴി രജിസ്റ്റര്‍ ചെയ്യണം. ഡിപ്പോയില്‍ നേരിട്ട് എത്തിയും രജിസ്്‌ട്രേഷന്‍ നടത്താം. ഫോണ്‍: 0490 2302080.
വാഹന വായ്പ
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി-പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കായി നടപ്പാക്കുന്ന വാഹന വായ്പാ പദ്ധതി പ്രകാരം ഓട്ടോറിക്ഷ, ടാക്‌സി കാര്‍/ഗുഡ്‌സ് കാരിയര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് വായ്പ അനുവദിക്കുന്നു. പരമാവധി 10 ലക്ഷം രൂപയാണ് വായ്പ. അപേക്ഷകരുടെ പ്രായം 18നും 55നും മധ്യേ. കുടുംബ വാര്‍ഷിക വരുമാനം 3.5 ലക്ഷം രൂപയില്‍ കവിയരുത്. ഡ്രൈവിങ്ങ് ലൈസന്‍സ് ഉണ്ടായിരിക്കണം. അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പക്ക് ഏഴ് ശതമാനവും അതിനു മുകളില്‍ ഒമ്പത് ശതമാനവുമാണ് പലിശ നിരക്ക്. വായ്പാ തുക 60 തുല്ല്യ മാസ ഗഡുക്കളായി തിരിച്ചടക്കണം.
കൂടാതെ വ്യവസായ വകുപ്പിന്റെ കീഴിലെ സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന ഇ-ഓട്ടോ വാങ്ങുന്നതിനും വായ്പ നല്‍കുന്നു. മൂന്ന് ലക്ഷം രൂപയാണ് വായ്പാ തുക. പലിശ നിരക്ക് ആറു ശതമാനം. സര്‍ക്കാരിന്റെ 30,000 രൂപ സബ്‌സിഡി ലഭിക്കും. വായ്പാ തുകക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2705036, 9446778373.
ദര്‍ഘാസ് ക്ഷണിച്ചു
കണ്ണൂര്‍ എഞ്ചിനീയറിങ്ങ്് കോളേജില്‍ എന്‍വിറോണ്‍മെന്റല്‍ എഞ്ചിനീയറിങ്ങ് ലാബില്‍ വാട്ടര്‍ പ്രൂഫിങ്ങ്, കൊറോഷന്‍ പ്രവൃത്തി ചെയ്യാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയ്യതി ഒക്ടോബര്‍ 28 വൈകിട്ട് നാല് മണി.
സൗജന്യ കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഡി ഡി യു ജി കെ വൈ സ്‌കീമില്‍ നടത്തുന്ന സൗജന്യ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലക്കാര്‍ക്ക് അപേക്ഷിക്കാം. മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. പ്രായം 18നും 35നും മധ്യേ. അക്കൗണ്ട്‌സ് അസിസ്റ്റന്റ് യൂസിങ് ടാലി (പെണ്‍കുട്ടികള്‍ക്ക് മാത്രം) യോഗ്യത പ്ലസ് ടു, ഡിഗ്രി. ബാര്‍ബെന്‍ഡിങ് ആന്റ് സ്റ്റീല്‍പിക്‌സര്‍(ആണ്‍കുട്ടികള്‍ക്ക് മാത്രം) യോഗ്യത എസ്എസ്എല്‍സി തോറ്റവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 9497214091, 8547471900.
ഗവേഷണ പ്രൊജക്ടില്‍ താല്‍കാലിക നിയമനം
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബയോടെക്‌നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് കൗണ്‍സിലിന്റെ (ബിറാക്) സഹായത്തോടെ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടത്തുന്ന താല്‍കാലിക ഗവേഷണ പ്രൊജക്ടിലേക്ക് (എന്‍ഹാന്‍സിങ്ങ് കപ്പാസിറ്റി ഫോര്‍ കണ്ടക്ട് ഓഫ് ഹ്യൂമന്‍ ക്ലിനിക്കല്‍ ട്രെയല്‍സ് ഫോര്‍ കൊവിഡ്-19 വാക്‌സിന്‍ കാന്‍ഡിഡേറ്റ്‌സ്) ക്യൂ എ അനലിസ്റ്റ്, ജൂനിയര്‍ സിസ്റ്റം അനലിസ്റ്റ് (ജി ഐ എസ്), ലാബ് ടെക്‌നീഷ്യന്‍ ഫ്‌ളെബോടോമിസ്റ്റ് എന്നിവരെ നിയമിക്കുന്നു. ഇതിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബര്‍ 12ന് രാവിലെ 9.30ന് തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടക്കും. നിശ്ചിത യോഗ്യതയുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളുമായി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.mcc.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍: 0490 2399249.
പരാതിപ്പെട്ടി സ്ഥാപിക്കല്‍
ജില്ലാ ജാഗ്രത സമിതി കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പരാതിപ്പെട്ടി സ്ഥാപിക്കുന്നു. ബുധനാഴ്ച (ഒക്ടോബര്‍ ആറ്) രാവിലെ 10.30ന് മുന്‍ എം പി പി കെ ശ്രീമതി ടീച്ചര്‍ ഉദ്ഘാടനം ചെയ്യും.
അഭിമുഖം നടത്തുന്നു
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. ഒക്ടോബര്‍ എട്ട് വെള്ളി രാവിലെ 10 മുതല്‍ ഒരു മണി വരെയാണ് അഭിമുഖം. ബിസിനസ് ഡവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ്, മാനേജ്‌മെന്റ് ട്രെയിനി ബ്രാഞ്ച് മാനേജര്‍, മാര്‍ക്കറ്റിങ്ങ് എക്‌സിക്യൂട്ടീവ്, ഡെലിവറി സ്റ്റാഫ്, ഏജന്‍സി മെന്റര്‍ എന്നിങ്ങനെയാണ് ഒഴിവുകള്‍. യോഗ്യത പ്ലസ് ടു/ബിരുദം. ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്കും രജിസ്റ്ററേഷന്‍ സ്ലിപ് സഹിതം പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.
- Log in to post comments