കേരളത്തില്‍ ഭാവിയില്‍ നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് സോളാര്‍ പാനല്‍ വേണമെന്നത് നിയമപ്രകാരം അനുശാസിക്കാനാവും: മുഖ്യമന്ത്രി
കേരളത്തില്‍ ഭാവിയില്‍ നിര്‍മിക്കുന്ന നിശ്ചിത ചതുരശ്രഅടിയ്ക്ക് മുകളിലുള്ള കെട്ടിടങ്ങളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കണമെന്നത് നിയമപ്രകാരം അനുശാസിക്കാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വൈദ്യുതി വകുപ്പിന്റെ ഊര്‍ജ കേരള മിഷന്‍ പദ്ധതികളുടെ ഉദ്ഘാടനം ടാഗോര്‍ തിയറ്ററില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സൗരോര്‍ജത്തില്‍ നിന്ന് പരമാവധി വൈദ്യുതി ഉത്പദിപ്പിക്കുകയാണ് സൗര പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ വീടുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, മറ്റു സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാനാവും. നഗര ഗ്രാമ വ്യത്യാസമില്ലാതെ കേരളത്തിലെ വീടുകള്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ അനുയോജ്യമാണ്. അദ്യ ഘട്ടത്തില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് 500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ 110 മെഗാവാട്ട് വൈദ്യുതി സൗരോര്‍ജത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്നുണ്ട്. 2021 ഓടെ ആയിരം മെഗാവാട്ട് ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.
ഭവന നിര്‍മാണത്തിന് ലോണ്‍ എടുക്കുന്നതു പോലെ പലിശ കുറഞ്ഞ വായ്പ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ ബാങ്കുകളില്‍ നിന്ന് ലഭ്യമാക്കാനാവുമോയെന്ന് പരിശോധിക്കും. സോളാര്‍ പാനല്‍ വയ്ക്കുന്നതിന് പണം മുടക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ ഓഫീസുകളില്‍ കെ. എസ്. ഇ. ബി പണം മുടക്കി സ്ഥാപിക്കും. സൗരോര്‍ജോത്പാദനത്തില്‍ ലോകത്ത് വലിയ മുന്നേറ്റം നടക്കുന്നു. അത് ഇവിടെയും സൃഷ്ടിക്കാനാവും. കേരളത്തിനാവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധ്യമായ സ്രോതസുകളെല്ലാം പ്രയോജനപ്പെടുത്തണം. ഊര്‍ജകേരള മിഷനില്‍ ഉള്‍പ്പെട്ട ഫിലമെന്റ് രഹിത കേരളം പദ്ധതി വേഗത്തില്‍ നടപ്പാക്കാനാവും. കേരളത്തിലെ എല്ലാ വീടുകളിലും പദ്ധതി നടപ്പാക്കും. ആവശ്യമെങ്കില്‍ എല്‍. ഇ. ഡി ബള്‍ബുകള്‍ കെ. എസ്. ഇ. ബി വീടുകളില്‍ സ്ഥാപിച്ചു നല്‍കും. ഇതിനുള്ള തുക വൈദ്യുതി ബില്‍ മുഖേന നല്‍കിയാല്‍ മതിയാകും. തെരുവ് വിളക്കുകള്‍ എല്‍. ഇ.ഡിയാക്കുന്നതോടെ തദ്ദേശസ്ഥാപനങ്ങളുടെ ചെലവ് കുറയും.
കേരളത്തിലെ വൈദ്യുതി പ്രസരണരംഗവും ശക്തിപ്പെടുത്തേണ്ടതുണ്ട്. 200 കെ. വി ലൈനുകള്‍ 400 കെ. വിയാക്കും. പതിനായിരം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആദ്യ ഘട്ടം നടപ്പാക്കുന്നതിന് കിഫ്ബി ഫണ്ട് വിനിയോഗിക്കും. 2021 ഓടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കൂടംകുളം ലൈന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്. വൈദ്യുതി മേഖലയില്‍ നല്ല സുരക്ഷാ കരുതല്‍ ആവശ്യമാണ്. മരം വീണും ലൈന്‍ പൊട്ടിയും സംഭവിക്കുന്ന അപകടങ്ങള്‍ക്ക് ശാസ്ത്രീയ പരിഹാരം കാണേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വൈദ്യുതി മന്ത്രി എം. എം. മണി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ടൂറിസം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ട്രാന്‍സ്ഗ്രിഡ് ഡ്രോണിന്റെ കൈമാറ്റം നിര്‍വഹിച്ചു. സൗരവെബ്‌സൈറ്റ് വി. എസ്. ശിവകുമാര്‍ എം. എല്‍. എ പ്രകാശനം ചെയ്തു. ഡിജിറ്റല്‍ മാപും വിശദമായ പദ്ധതിരേഖയും മേയര്‍ വി. കെ. പ്രശാന്ത് പ്രകാശനം ചെയ്തു. ഊര്‍ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, കെ. എസ്. ഇ. ബി ഡയറക്ടര്‍ ഡോ. വി. ശിവദാസന്‍, അനര്‍ട്ട് ഡയറക്ടര്‍ ഡോ. എന്‍.ഹരികുമാര്‍, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ കെ. എം. ധരേശന്‍ ഉണ്ണിത്താന്‍, അനില്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
പി.എന്‍.എക്‌സ്.2394/18
- Log in to post comments