Skip to main content

റേഷന്‍ കടകളിലും താലൂക്ക് റേഷൻ ഡിപ്പോയിലും പരിശോധന നടത്തി

 

മൂവാറ്റുപുഴ താലൂക്കിലെ റേഷന്‍ കടകളിലും താലൂക്ക് റേഷൻ ഡിപ്പോയിലും ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍, സപ്ലൈകോ അധികൃതര്‍ എന്നിവര്‍ സംയുക്ത പരിശോധന നടത്തി. 

 

മൂവാറ്റുപുഴ താലൂക്കിലെ റേഷന്‍ കടകളില്‍ കാലാവധി തീര്‍ന്ന ആട്ടയും ഗുണമേന്മയില്ലാത്ത ഭക്ഷ്യധാന്യങ്ങളും സ്റ്റോക്ക് ഉള്ളതായ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 

 

പരിശോധനയില്‍ രണ്ട് കടകളിലായി മൂന്ന് ചാക്ക് ഗുണനിലവാരമില്ലാത്ത അരി കാണുകയും അത് വിതരണം ചെയ്യാതിരിക്കാൻ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഒക്ടോബര്‍ അഞ്ച് മുതല്‍ 20 വരെ വില്പന കാലാവധിയുള്ള ആട്ടയാണ് നിലവില്‍ റേഷന്‍ കടകളില്‍ സ്റ്റോക്കുള്ളത്. 

 

ഏകദേശം 775 ലോഡ് ഭക്ഷ്യ ധാന്യങ്ങളാണ് മാസം തോറും എഫ്.സി.ഐ മില്ലുകളില്‍ നിന്നും സി.എം.ആര്‍ മില്ലുകളില്‍ നിന്നും താലൂക്ക് റേഷൻ ഡിപ്പോയിലേക്കും തുടര്‍ന്ന് റേഷന്‍ കടകളിലേക്കും സ്റ്റോക്ക് എത്തുന്നത്. ഏതെങ്കിലും വിതരണ യോഗ്യമല്ലാത്ത ഭക്ഷ്യധാന്യം കടയില്‍ എത്തുകയാണെങ്കില്‍ അത് കാര്‍ഡുടമകള്‍ക്ക് വിതരണം നടത്തുവാന്‍ പാടില്ല. അത്തരം സ്റ്റോക്ക് മാറ്റി പകരം നല്ല സ്റ്റോക്ക് കടകളിലേക്ക് താലൂക്ക് റേഷൻ ഡിപ്പോയില്‍ നിന്ന് നല്‍കുന്ന സംവിധാനം നിലവിലുണ്ടെന്നും എല്ലാ റേഷന്‍ കടകളിലും താലൂക്ക് റേഷൻ ഗോഡൗണുകളിലും ഗുണമേന്മയുള്ള ഭക്ഷ്യധാന്യങ്ങളാണ് സ്റ്റോക്ക് ഉള്ളതെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date