Skip to main content

പ്രതീക്ഷയുടെ ചുരം കയറി മലയോര ഹൈവേ യാഥാര്‍ത്ഥ്യത്തിലേക്ക്

 

ജില്ലയിലൂടെ കടന്നു പോവുന്ന മൂന്ന് റീച്ചുകള്‍ക്കു ഭരണാനുമതി ലഭിച്ചതോടെ മലയോര ഹൈവേ യാഥാര്‍ത്ഥ്യത്തിലേക്ക്. അടുത്ത സാമ്പത്തിക വര്‍ഷം തന്നെ പണി ആരംഭിക്കും. 15 മീറ്റര്‍ വീതിയില്‍ 103 കിലോമീറ്റര്‍ ദൂരമാണ് ജില്ലയില്‍ പാത കടന്നുപോകുന്നത്. സംസ്ഥാനത്ത് ആകെ 17 റീച്ചുകള്‍ക്കാണു കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് ഇതിനകം അനുമതി കൊടുത്തത്.
ജില്ലയിലെ ആദ്യ റീച്ചില്‍ മുണ്ടേരി സീഡ്ഫാം ഗേറ്റ് മുതല്‍ പാലുണ്ട, എടക്കര, മുത്തേടം കരുളായി, പൂക്കോട്ടുംപാടം വരെയാണ് ഉള്‍പ്പെടുന്നത്. ഇതിനായി 109 കോടി രൂപയാണ് അനുവദിച്ചത്. പൂക്കോട്ടുംപാടത്തു നിന്നു തുടങ്ങി നിലമ്പൂര്‍ റെയില്‍വേ, ചന്തക്കുന്ന്, മൂലേപ്പാടം പാലം വരെയുളള രണ്ടാമത്തെ റീച്ചിനു 45 കോടിയും മാറ്റിവെച്ചു. പൂക്കോട്ടുംപാടം, കാളികാവ്, കേരള എസ്‌റ്റേറ്റ് അലനല്ലൂര്‍ വഴിയുള്ള മൂന്നാമത്തെ റീച്ചിന് 103 കോടിയാണ് വകയിരുത്തിയത്. 2018-19 വര്‍ഷം തന്നെ പ്രവൃത്തികള്‍ ആരംഭിക്കാന്‍ കഴിയും.
    മുണ്ടേരി- മേപ്പാടി വരെയുള്ള 17  കിലോമീറ്റര്‍ ദൂരത്തിനിടയില്‍ ഏഴു കിലോമീറ്റര്‍ വനത്തിലൂടെയാണ് പാത കടന്നു പോവുന്നത്. ബാക്കി ഭാഗത്ത് സ്വകാര്യ റോഡുകളും കൂപ്പ് റോഡുകളുമാണ്. വനത്തിലൂടെ പാത നിര്‍മ്മിക്കുന്നതിനുള്ള അനുമതിക്കായി കേന്ദ്ര വനം മന്ത്രാലയത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
 കാസര്‍ഗോഡ് നന്ദാരപ്പടവ് മുതല്‍ തിരുവനന്തപുരം പാറശ്ശാല വരെ 1251 കിലോമീറ്റര്‍ ദൂരമുള്ള മലയോര ഹൈവേക്ക് ആകെ 3500 കോടിയാണ് ചെലവ് കണക്കാക്കുന്നത്. സംസ്ഥാന പാത 59 എന്നും അറിയപ്പെടുന്ന ഈ പാത ആലപ്പുഴ ഒഴികെയുള്ള 13 ജില്ലകളിലൂടെ കടന്നുപോവും. പാത പൂര്‍ത്തിയാവുന്നതോടെ നിലമ്പൂരില്‍ നിന്ന് കല്‍പ്പറ്റയിലേക്കുള്ള ദൂരം 60 കിലോമീറ്ററായി കുറയും. നിലവില്‍ കല്‍പ്പറ്റയിലെത്താന്‍ താമരശ്ശേരി വഴിയുള്ള യാത്രക്ക് 100 കിലോ മീറ്ററും നാടുകാണി വഴി 120 കിലോമീറ്ററും ചുറ്റണം.

ഭൂമിക്ക് നഷ്ടപരിഹാരം നല്‍കാതെയാണ് പാതയ്ക്കായി സ്ഥലമേറ്റെടുക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇതിനായി സ്ഥലമുടമകള്‍ നേരത്തെ സമ്മതം നല്‍കിയിട്ടുണ്ട്. അതേമസയം നിര്‍മ്മിതികള്‍ പുനര്‍ നിര്‍മ്മിക്കുന്നതിന് ധനസഹായം അനുവദിക്കും. ഏഴു മീറ്ററാണ് ടാറിംഗ് വീതി. ഇരുവശങ്ങളിലും ഡ്രെയ്‌നേജ്, ഭൂഗര്‍ഭ കേബിളുകളും പൈപ്പുകളും ഇടുന്നതിന് കോണ്‍ക്രീറ്റ് ഡക്ടറുകള്‍, പ്രധാന ടൗണുകളിലും ജംഗ്ഷനുകളിലും ഇന്റര്‍ലോക്ക് കട്ടകള്‍ പാകി കൈവരികള്‍ പിടിപ്പിച്ച നടപ്പാതകള്‍, സൗരോര്‍ജ്ജ തെരുവ് വിളക്കുകള്‍ എന്നിവ സ്ഥാപിക്കും. ബസ് ബേകള്‍, പാതയോരങ്ങളില്‍ വിശ്രമത്തിനായി പുല്‍ത്തകിടികള്‍, ഇരിപ്പിടങ്ങള്‍ എന്നിവയുമുണ്ടാവും. കൂടുതല്‍ സ്ഥലം ലഭ്യമാവുന്നിടങ്ങളില്‍ കക്കൂസ്, കിയോസ്‌കുകള്‍ തുടങ്ങിയ സൗകര്യങ്ങളുമൊരുക്കും. ലോകത്തിലെ നീളമേറിയ സൈക്കിള്‍ ട്രാക്ക് പാതയും അനുബന്ധമായി നിര്‍മ്മിക്കുന്നുണ്ട്.
പാത യാതാര്‍ത്ഥ്യമാവുന്നതോടെ വയനാട്ടുകാര്‍ക്ക് കോഴിക്കോട് ഒഴികെയുള്ള ജില്ലകളിലേക്കുള്ള യാത്രാ ദൂരം ഗണ്യമായി കുറയും. രാത്രി യാത്രാ നിരോധനം മറികടക്കാനുളള ബൈപ്പാസായും റോഡ് മാറും. വയനാടിനെയും നിലമ്പൂരിനെയും ബന്ധിപ്പിച്ചുള്ള ടൂറിസം സാധ്യതകളും വര്‍ധിക്കും. കാര്‍ഷിക രംഗത്തെ കുതിപ്പിനും പാത ആക്കം കൂട്ടും.

 

date