Skip to main content

പ്ലസ്‌വണ്‍ പ്രവേശനം: രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; പ്രവേശനം ഇന്നും നാളെയും (19, 20)

ക്ലാസുകള്‍ ജൂണ്‍ 21 ന് ആരംഭിക്കും

ഏകജാലകരീതിയിലുള്ള  പ്ലസ്‌വണ്‍ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പ്രക്രിയയിലെ രണ്ടാമത്തേയും അവസാനത്തേതുമായ അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. വിശദാംശങ്ങള്‍ www.hscap.kerala.gov.in ല്‍ ലഭിക്കും. രണ്ടാമത്തെ ലിസ്റ്റ് അനുസരിച്ച് പ്രവേശനം ഇന്നും നാളെയും (19, 20) നേടാം. താല്‍ക്കാലിക പ്രവേശനത്തില്‍ തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്താന്‍ ഇനി അവസരം ഉണ്ടാവില്ല. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ അതത് സ്‌കൂളുകളില്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചവര്‍ അലോട്ട് ചെയ്ത സ്‌കൂളില്‍ ജൂണ്‍ 20 വൈകിട്ട് അഞ്ചിന് മുമ്പ് സ്ഥിരപ്രവേശനം നേടണം. ജൂണ്‍ 21 ന് പ്ലസ്‌വണ്‍ ക്ലാസുകള്‍ ആരംഭിക്കും.

ഈ അലോട്ട്‌മെന്റോടെ പ്രവേശനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാവും. നേരത്തെ അപേക്ഷ നല്‍കാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിന് 28 മുതല്‍ അപേക്ഷ സ്വീകരിക്കും. അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റൊന്നും ലഭിച്ചിട്ടില്ലാത്തവര്‍ക്ക് നിലവിലുള്ള അപേക്ഷ പുതുക്കി പുതിയ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ത്ത് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം. സപ്ലിമെന്ററി അലോട്ട്‌മെന്റിനെ സംബന്ധിച്ചുള്ള വിശദ നിര്‍ദേശങ്ങള്‍ പിന്നീട് പ്രസിദ്ധീകരിക്കും.

സ്‌പോര്‍ട്‌സ് ക്വാട്ട സ്‌പെഷ്യല്‍ രണ്ടാം അലോട്ട്‌മെന്റ് ഫലവും ഇതിനോടൊപ്പം പ്രസിദ്ധീകരിച്ചു. www.hscap.kerala.gov.in ലെ 'Sports Allotment 

Results' എന്ന ലിങ്കിലൂടെ എട്ട് അക്കങ്ങളുള്ള സ്‌പോര്‍ട്‌സ് അപേക്ഷാ നമ്പരും ജനനത്തീയതിയും നല്‍കി ജില്ല തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ പ്രസ്തുത ലിങ്കില്‍ നിന്നും ലഭിക്കുന്ന രണ്ട് പേജുള്ള അലോട്ട്‌മെന്റ് ലെറ്ററിന്റെ പ്രിന്റൗട്ടെടുത്ത് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നും നല്‍കിയ സ്‌കോര്‍ കാര്‍ഡ്, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളുകളില്‍ പ്രവേശനത്തിനായി ഇന്ന് (19) രാവിലെ 10 മുതല്‍ ഹാജരാകണം. ഒന്നാം അലോട്ട്‌മെന്റില്‍ താല്‍ക്കാലിക പ്രവേശനം നേടിയവര്‍ക്ക് ഈ അലോട്ട്‌മെന്റില്‍ ഉയര്‍ന്ന ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടില്ലെങ്കില്‍ പുതിയ അലോട്ട്‌മെന്റ്  ലെറ്റര്‍ ആവശ്യമില്ല. അലോട്ട്‌മെന്റ് ലഭിച്ചവര്‍ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളുകളില്‍ ഫീസടച്ച് ജൂണ്‍ 20 വൈകിട്ട് അഞ്ചിനകം സ്ഥിരപ്രവേശനം നേടണം.

പി.എന്‍.എക്‌സ്.2454/18

date