ഹെപ്പറ്റൈറ്റിസ് എ പകരാതിരിക്കാന്‍ ശ്രദ്ധ വേണം-ജില്ലാ മെഡിക്കല്‍ ഓഫീസര്‍
മഴക്കാലത്ത് പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള ഹെപ്പറ്റൈറ്റിസ് എ തടയുന്നതിന് പ്ര ത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്ക ല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു. കരളിനെ ബാധിക്കുന്ന വൈറസ് രോഗമാണിത്. മലിനമായ ജലത്തിലൂടെയും ആഹാരത്തിലൂടെ യുമാണ് ഇതിന്‍റെ വൈറസ് മനുഷ്യശരീരത്തിലെത്തുന്നത്.
ശരീരവേദനയോടുകൂടിയ പനി, തലവേദന, ക്ഷീണം, മനംപിരട്ടല്‍, ഛര്‍ദി, ഓക്കാനം തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പിന്നീട് മൂത്രത്തിലും കണ്ണിലും ശരീരത്തിലും മഞ്ഞനിറം പ്രത്യക്ഷപ്പെടും. രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടണം. രക്തപരിശോധനയിലൂടെ ഹെപ്പറ്റൈറ്റിസ് എ തിരിച്ചറിയാം. രോഗം വന്നവര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം മരുന്നുകഴിച്ച് വിശ്രമിക്കണം.
നിയന്ത്രണ മാര്‍ഗങ്ങള്‍
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കണം. ജലപരിശോധന നടത്തി കുടിവെള്ളം രോഗാണുമുക്തമാണെന്ന് ഉറപ്പുവരുത്തണം. ജലസ്രോതസ്സുകള്‍ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ശുദ്ധീകരിക്കണം. പരിസര ശുചിത്വം ഉറപ്പുവരുത്തി ജലം മലിനമാകുന്നത് തടയണം. ആഹാര സാധനങ്ങള്‍ അടച്ചു സൂക്ഷിക്കണം. ആഹാരം കഴിക്കുന്നതിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പിട്ടുകഴുകണം. പഴകിയതും മലിനവുമായ ആഹാരം, പാനീയങ്ങള്‍ എന്നിവ ഒഴിവാക്കണം. പഴവര്‍ഗങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക. കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കഴിയുന്നത്രകാലം നല്‍കുന്നതോടൊപ്പം കുപ്പിപ്പാല്‍ ഒഴിവാക്കണം.
പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും സഹകരിക്കണം
ജില്ലയില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും ഇത് വിജയിപ്പിക്കുന്നതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഊര്‍ജിത ഉറവിട നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളും ബോധവത്ക്കരണ പരിപാടികളും നടന്നുവരുന്നു. രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ ഫോഗിംഗ്, സ്പ്രേയിംഗ്, ഫീല്‍ഡ്തല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടക്കുന്നുണ്ട്.
ഡങ്കിപ്പനി നിയന്ത്രണം സാധ്യമാക്കുന്നതിന് ഈഡിസ് കൊതുകുകളെ നിയന്ത്രിക്കണമെന്നും ഇതിനായി ഏവരുടെയും കൂട്ടായ പ്രവര്‍ത്തനം ഉണ്ടാകണമെന്നും ഡിഎംഒ അഭ്യര്‍ഥിച്ചു. (പിഎന്‍പി 1563/18)
- Log in to post comments