Skip to main content

അടിസ്ഥാന സൗകര്യങ്ങളില്ലാത്ത പോളിംഗ് ബൂത്തുകള്‍ മാറ്റുന്നകാര്യം  പരിശോധിക്കും - ജില്ലാ കളക്ടര്‍

    മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ജില്ലയിലെ പോളിംഗ് ബൂത്തുകള്‍ പുതിയ  കേന്ദ്രങ്ങളിലേക്ക് മാറ്റുന്നകാര്യം പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. ജില്ലയിലെ പോളിംഗ് കേന്ദ്രങ്ങള്‍ പുനക്രമീകരിക്കുന്നത് സംബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിശ്ചയിച്ച പല പോളിംഗ് ബൂത്തുകളിലും വേണ്ട അടിസ്ഥാന സൗകര്യങ്ങളില്ല. എന്നാല്‍ ഇവയുടെ തൊട്ടടുത്തുതന്നെ അടിസ്ഥാന സൗകര്യങ്ങള്‍ ഏറെയുള്ള കേന്ദ്രങ്ങള്‍ ലഭ്യമാണ്. ഇവിടേക്ക് പോളിംഗ് ബൂത്തുകള്‍ മാറ്റുകയാണെങ്കില്‍ അത് വോട്ടര്‍മാര്‍ക്കും പോളിംഗ്  ഉദ്യോസ്ഥര്‍ക്കും ആശ്വാസമാകും. ഇത്തരത്തിലുള്ള മാറ്റത്തിന് രാഷ്ട്രീയപാര്‍ട്ടികളുടെ പൂര്‍ണസഹകരണം ആവശ്യമാണ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പോളിംഗ് ബൂത്തുകള്‍ പുനക്രമീകരിക്കുന്നതിന് സമയമുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കുകയാണെങ്കില്‍ തുടര്‍ന്നുവരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഇത് പ്രയോജനപ്രദമാകുമെന്നും കളക്ടര്‍ പറഞ്ഞു. 
    തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശപ്രകാരം 1300 വോട്ടര്‍മാരില്‍ കൂടുതലുള്ള ബൂത്തുകളെ വിഭജിച്ച് പുതിയ പോളിംഗ് ബൂത്തുകള്‍ രൂപീകരിക്കേണ്ടതുണ്ട്. ഇതിന് മുന്നോടിയായി മരണപ്പെട്ടവരെയും സ്ഥലം മാറിപ്പോയവരെയും വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്ന പ്രക്രിയ ത്വരിതപ്പെടുത്തണം. പല ബൂത്തുകളിലും കമ്മീഷന്‍ നിശ്ചയിച്ച മാനദണ്ഡത്തേക്കാള്‍ ഏതാനും വോട്ടര്‍മാര്‍ മാത്രമാണ് കൂടുതലുള്ളത്. ഇവിടങ്ങളില്‍ പുതിയ ബൂത്തുകള്‍ ക്രമീകരിക്കുന്നതിനേക്കാള്‍ എളുപ്പം വോട്ടര്‍മാര്‍ കുറവുള്ള തൊട്ടടുത്ത ബൂത്തുകളിലേക്ക് ഇവരെ മാറ്റുന്നതായിരിക്കും അഭികാമ്യമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 1048 പോളിംഗ് ബൂത്തുകളാണ് ഉള്ളത്. കോന്നി-205, റാന്നി-197, ആറډുള-237, തിരുവല്ല-203, അടൂര്‍- 206 എന്നിങ്ങനെയാണ് ബൂത്തുകളുടെ എണ്ണം.  കോന്നി നിയമസഭാ മണ്ഡലത്തി ല്‍ അടിസ്ഥാന സൗക ര്യങ്ങളില്ലാത്ത മൂന്ന് ബൂത്തുകള്‍ മാറ്റേണ്ടിവരുമെന്നും 16 പുതിയ ബൂത്തുകള്‍ ക്രമീകരിക്കണമെന്നും ഇആര്‍ഒ അറിയിച്ചു.റാന്നിയില്‍ 10 പുതിയ ബൂത്തുകള്‍ കൂടി ക്രമീകരിക്കേണ്ടിവരും. ആറډുളയിലും അടൂരിലും പുതിയ ബൂത്തുകള്‍ ക്രമീകരിക്കേണ്ടിവരില്ലെന്നാണ് ഇആര്‍ഒമാര്‍ അറിയിച്ചത്. തിരുവല്ലയില്‍ 14 പുതിയ ബൂത്തുകള്‍ ക്രമീകരിക്കേണ്ടിവരുമെന്ന് ഇആര്‍ഒ അറിയിച്ചു. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 991731 വോട്ടര്‍മാരാണുള്ളത്. 
    യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി.അജന്തകുമാരി, ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരായ കെ.വി.രാധാകൃഷ്ണന്‍നായര്‍, റ്റി.ജി.ഗോപകുമാര്‍, കെ.ഓമനക്കുട്ടന്‍, ബി.ജ്യോതി, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, വി.ആര്‍.സോജി, വി.എസ്.അനില്‍കുമാര്‍, നൗഷാദ് കണ്ണങ്കര, ജോണ്‍പോള്‍ മാത്യു, ജോണ്‍സ് യോഹന്നാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                                 (പിഎന്‍പി 1565/18)

date