Skip to main content

മേപ്പയ്യൂരിന്റെ വിജയമാതൃകയ്ക്ക് അംഗീകാരം

 

 

ആരോഗ്യപരിപാലന രംഗത്തെ സമഗ്രസംഭാവനക്കുള്ള ആരോഗ്യ കേരളം അവാര്‍ഡ് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിന്. ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും ചേര്‍ന്ന് രൂപം കൊടുത്ത സമഗ്ര ആരോഗ്യ പദ്ധതിക്ക് ജില്ലയില്‍ രണ്ടാം സ്ഥാനമാണ് ഇത്തവണ പഞ്ചായത്തിന് ലഭിച്ചത്. ജനകീയ കൂട്ടായ്മയോടെ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചതിലൂടെയാണ് പഞ്ചായത്ത് അവാര്‍ഡിന് അര്‍ഹമായത്. 

മേപ്പയ്യൂര്‍ ഗവണ്‍മെന്റ് ആശുപത്രിയുടെ മികവാര്‍ന്ന പ്രവര്‍ത്തനം, തരിശ് നിലങ്ങളില്‍ നടപ്പിലാക്കിയ ജൈവകൃഷി, ക്ലീന്‍ പ്രോജക്ട്, ജലസംഭരണികളുടെ സംരക്ഷണം, തോട് നവീകരണം, മാലിന്യസംസ്‌കരണ രംഗത്തെ ശ്രദ്ധേയമായ ഇടപെടല്‍ തുടങ്ങിയവയെല്ലാം ഉത്തമ മാതൃകയായി. ഒപ്പം മേപ്പയ്യൂര്‍ ഗവണ്‍മെന്റ് ആശുപത്രിയുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്താനായത് പഞ്ചായത്തിന് മുതല്‍ക്കൂട്ടായി. തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്റെ എം.എല്‍.എ ഫണ്ടും, മുന്‍ എം.എല്‍.എ കെ. കുഞ്ഞമ്മത് മാസ്റ്ററുടെയും, പി. രാജീവ് എം.പിയുടെയും ഫണ്ടും ഉപയോഗിച്ചാണ് ആശുപത്രി കെട്ടിടം പണിതത്. 600 ഓളം രോഗികള്‍ ദിവസേന എത്തുന്ന ആശുപത്രിയില്‍ പരമാവധി സൗകര്യങ്ങള്‍ ഒരുക്കാനായി. രോഗിക്കള്‍ക്കാവശ്യമായ മരുന്നും രക്തപരിശോധന സംവിധാനവും ആശുപത്രിയില്‍ തന്നെ ലഭ്യമാക്കി. ഇതിലൂടെ രോഗപ്രതിരോധ രംഗത്ത് വലിയ നേട്ടമാണുണ്ടായത്.

വാര്‍ഡ് അടിസ്ഥാനത്തിലുള്ള ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനവും എടുത്ത് പറയേണ്ടതാണ്. ജാഗ്രതാ സമിതിയും ആശുപത്രിയും തമ്മില്‍ ദൈനംദിന ബന്ധം സ്ഥാപിച്ചു. കൂടാതെ ആശുപത്രി നടപ്പിലാക്കിയ മിസ്ഡ് കോള്‍ പദ്ധതിയും ഏറെ ശ്രദ്ധേയമായി. അയല്‍സഭ കണ്‍വീനര്‍മാര്‍ക്ക് നല്‍കിയ ഫോണ്‍ നമ്പറില്‍ മിസ്ഡ് കോള്‍ രേഖപ്പെടുത്തിയാല്‍ ആശുപത്രി ജീവനക്കാര്‍ നേരിട്ട് അവിടെ എത്തുന്ന രീതിയിലാണ് പദ്ധതിയുടെ പ്രവര്‍ത്തനം. ഇതിന്റെയൊക്കെ ഫലമായി രോഗാതുരത ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചു. പഞ്ചായത്തിലെ പാലിയേറ്റീവ് കെയര്‍ രംഗത്തെ പ്രവര്‍ത്തനവും മികച്ച രീതിയിലാണ് നടക്കുന്നത്. 126 കിടപ്പ് രോഗികളാണ് നിലവിലുള്ളത്. ആഴ്ചയില്‍ അഞ്ച് ദിവസവും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിവരുന്നു. ആഴ്ചയില്‍ ഒരു ദിവസം ഇവര്‍ക്ക് മാത്രമായി പ്രത്യേക ഒ.പി സംവിധാനവും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് കൂടാതെ ഹോമിയോ, ആയുര്‍വേദ ഡിസ്‌പെന്‍സറികളുടെ പ്രവര്‍ത്തനവും നല്ല രീതിയില്‍ നടപ്പാക്കുന്നുണ്ട്. 

പഞ്ചായത്തിലെ മാലിന്യ സംസ്‌കരണ രംഗത്തെ ഇടപെടലുകളില്‍ മാതൃകാപരമായി നടപ്പിലാക്കുന്ന ക്ലീനിംഗ് മേപ്പയ്യൂര്‍ ജനകീയ കൂട്ടായ്മയോടെ എല്ലാ വര്‍ഷവും നടപ്പിലാക്കി വരുന്നു. ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനവും സജീവമാണ്. ജില്ലയിലെ മാലിന്യസംസ്‌കരണത്തിന് എം.സി.എഫ് യൂണിറ്റ് സ്ഥാപിക്കുന്നതും മേപ്പയ്യൂര്‍ പഞ്ചായത്തിലാണ്. കാര്‍ഷിക രംഗത്തെ പ്രവര്‍ത്തനങ്ങളിലും ഒട്ടും പിന്നിലല്ല മേപ്പയ്യൂര്‍ പഞ്ചായത്ത്. പതിറ്റാണ്ടുകളായി തരിശായി കിടന്ന നെല്‍പാടം കൃഷിയോഗ്യമാക്കാനായി. കരുവോട് കണ്ടംചിറയിലെ 300 ഏക്കര്‍ സ്ഥലത്ത് ജൈവകൃഷി ആരംഭിച്ചതോടെ കാര്‍ഷിക രംഗത്തും പഞ്ചായത്ത് മാതൃകയായി. ആച്ചികുളങ്ങര കണ്ടംചിറ തോട് നവീകരണവും വനവത്കരണത്തിന് നല്‍കിയ പ്രാധാന്യവും എടുത്ത് പറയേണ്ടതാണ്. ഇത്തരത്തിലുള്ള മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്. 

 

date