Skip to main content

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ടാലന്റ് ലാബ് ഈ വര്‍ഷം മുതല്‍ - മാതൃക മലപ്പുറത്തു നിന്ന്

 

കുട്ടികളിലെ വിത്യസ്ത അഭിരുചികളെ കണ്ടത്താനും പ്രോല്‍സാഹിപ്പിക്കുന്നതിനുമുള്ള ടാലന്റ് ലാബ് ഈ വര്‍ഷം സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പാക്കും. ജില്ലയിലെ നിലമ്പൂര്‍ ഗവ. മോഡല്‍ യു.പി സ്‌കൂളില്‍ 2013- 14 വര്‍ഷം ആരംഭിച്ച പദ്ധതിയാണ് സര്‍ക്കാറിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഈ വര്‍ഷം സംസ്ഥാന വ്യാപകമാക്കുന്നത്. 2013- 14 അധ്യയന വര്‍ഷം നിലമ്പൂര്‍ ഗവ.മോഡല്‍ യു.പി സ്‌കൂളില്‍ അധ്യാപകനായിരുന്ന ഗിരീഷ് മാരേങ്ങലത്താണ് ആശയത്തിന് തുടക്കമിട്ടത്. പിന്നീട് 2015- 16 ല്‍ കാളികാവ് ബസാര്‍ ഗവ.യു.പി സ്‌കൂളില്‍ തുടക്കമായി. സ്‌കൂളില്‍ നടപ്പാക്കിയ ഉറവ പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ അഭിരുചി തിരിച്ചറിഞ്ഞ് പ്രോല്‍സാഹിപ്പിക്കുന്നതിനായി നടത്തിയ ഓരോ കുട്ടിയും ഒന്നാമനാണ് എന്ന പദ്ധതിയാണ് ടാലന്റ് ലാബെന്ന പേരിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം ടാലന്റ് ലാബ് എന്ന പേരില്‍ തന്നെ ചില സ്‌കൂളുകളില്‍ പദ്ധതി നടപ്പാക്കിയിരുന്നു. വണ്ടൂര്‍ ബി.ആര്‍.സിക്കു കീഴില്‍ മൂന്നു സ്‌കൂളുകളില്‍ പദ്ധതി മാതൃകാടിസ്ഥാനത്തില്‍ തുടങ്ങി. ഇതോടൊപ്പം തിരുവനന്തപുരം ജില്ലയിലെ  വര്‍ക്കല ബി.ആര്‍.സി ക്കു കീഴിലെ വെങ്കുളം എല്‍.വി.യു.പി.എസിലും പദ്ധതി തുടങ്ങിയിരുന്നു.
കാളികാവ് ബസാര്‍ ഗവ.യു.പി സ്‌കൂളില്‍ പദ്ധതിയുടെ ഭാഗമായി ജനകീയ കൂട്ടായ്മയില്‍ പ്രാദേശികമായി തന്നെ പരിശീലകരെ കണ്ടെത്തിയാണ് വിവിധ മേഖലകളിലായി കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്. ചെലവിനാവശ്യമായ തുകയും പ്രദേശികമായി തന്നെ കണ്ടെത്തി. നിലവിലെ പഠന പ്രവര്‍ത്തനങ്ങളെ ബാധിക്കാതെ അവധി ദിവസങ്ങളിലാണ് വിത്യസ്ത മേഖലകളില്‍ ഇവര്‍ക്ക് പരിശീലനം നല്‍കിയിരുന്നത്. ഒഴിവു ദിവസമാണെങ്കിലും സ്വന്തം താല്‍പ്പര്യ മേഖലയായതിനാല്‍ കുട്ടികള്‍ ആവേശത്തോടെ എത്തി. മികച്ച ഫലം കണ്ടതോടെ ആശയം എസ്.എസ്.എ യുടെ മികവുല്‍സവത്തില്‍ അവതരിപ്പിച്ചിരുന്നു. ടാലന്റ് ലാബില്‍ ഫോട്ടോഗ്രാഫി പരിശീലനം നേടിയ കുട്ടികള്‍ സ്‌കൂള്‍ അവസാന സമയത്തെ ക്ലാസ് ഫോട്ടോ സ്വയമെടുത്തത് ഏറെ ശ്രദ്ധേയമായി. ഇവരുടെ കൂട്ടായ്മയില്‍ നിര്‍മ്മിച്ച വിഭവങ്ങള്‍ സ്‌കൂള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയും മധുരപലഹാരങ്ങളുണ്ടാക്കി ചന്തയിലെത്തിച്ചു വില്‍പ്പന നടത്തിയുമെല്ലാം പൊതു സ്വീകാര്യത നേടി. അഞ്ചച്ചവിടി, പൂങ്ങോട്, സ്‌കൂളുകളിലുള്‍പ്പെടെ കഴിഞ്ഞ വര്‍ഷം തന്നെ പദ്ധതി ആരംഭിച്ചിരുന്നു.

കലാ, കായിക, പ്രവൃത്തി പരിചയ മേഖലകളെല്ലാം ടാലന്റ് ലാബില്‍ ഉള്‍പ്പെടുന്നു. നീന്തല്‍, ഫുട്‌ബോള്‍, ക്രിക്കറ്റ്, വോളിബോള്‍, ചിത്ര രചന, കരാട്ടെ, സംഗീതം, നൃത്തം, പാചകം, ഫോട്ടോഗ്രാഫി, സാഹിത്യം, സംഘാടനം, ചരിത്രാനേ്വഷണം, അഭിനയം, പ്രസംഗം, നാടന്‍ കല, ഉപകരണ സംഗീതം, ശില്‍പ്പ നിര്‍മ്മാണം, കൃഷി, കലാ സംവിധാനം, ചെണ്ട കൊട്ട്, അധ്യാപനം തുടങ്ങി വിത്യസ്ത അഭിരുചികളെ അടിസ്ഥാനമാക്കിയാണ് പരിശീലനം. എല്ലാ കുട്ടിയും ഏതെങ്കിലുമൊരു പാഠ്യേതര ഇനത്തില്‍ ടാലന്റ് ലാബിലൂടെ പരിശീലനം സ്വന്തമാക്കിയിരിക്കും. ഒന്നിധികം മേഖലകളിലെ പരിശീലനത്തിന്റെ ഭാഗമാവാനും കുട്ടികള്‍ക്ക് അവസരമുണ്ട്. സ്‌കൂളിലെ ആഘോഷങ്ങളിലും ദിനാചരണങ്ങളിലും കാലാ കായിക മേളകളിലും ടാലന്റ് ലാബുകാരുടെ കഴിവിനെ ഉപയോഗപ്പെടുത്തും. പഠന രംഗങ്ങളിലെ മികവുള്ളവര്‍ മാത്രമല്ല പാഠ്യേതര രംഗത്തെ മിടുക്കരും അംഗീകരിക്കപ്പെടുന്നു എന്ന പ്രത്യേകതയുണ്ട് പദ്ധതിക്ക്. അതിലൂടെ കുട്ടികളെ ആത്മവിശ്വാസവും ആത്മാഭിമാനമുള്ളവരാക്കിത്തീര്‍ക്കുകയുമാണ്.
പദ്ധതിക്കായി പ്രവര്‍ത്തന ക്രമം തയ്യാറാക്കിയിട്ടുണ്ട്. മുന്‍കൂട്ടി തയ്യാറാക്കിയ ഫോര്‍മാറ്റ് ഉപയോഗിച്ച് വിദ്യാലയത്തിലെ ഓരോ കുട്ടിയുടെയും അഭിരുചി കണ്ടെത്തും. തുടര്‍ന്നു സമാന അഭിരുചിയുള്ളവരെ ചേര്‍ത്ത് ടാലന്റ് ഗ്രൂപ്പുകള്‍ രൂപീകരിക്കും. ഓരോ ടാലന്റ് ഗ്രൂപ്പിനും നടത്തിപ്പു ചുമതലയ്ക്കായി കമ്മിറ്റിയും വരും. പദ്ധതി ചെലവിനായുള്ള ഫണ്ട് പൊതു പങ്കാളിത്തത്തോടെ കണ്ടെത്തും. സ്‌കൂളുകളുമായി ബന്ധപ്പെട്ട അധ്യാപകരുടെ ബന്ധുക്കള്‍, പൂര്‍വ്വ വിദ്യാര്‍ഥികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, കലാകാരന്‍മാര്‍, രക്ഷിതാക്കള്‍, ക്ലബുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് പരിശീലകരെ കണ്ടെത്തുന്നത്. ഇതു ചെലവു ചരുക്കാനും പദ്ധതി ജനകീയമാക്കാനും സഹായിക്കും.

ഈ വര്‍ഷം ജൂണില്‍ തന്നെ എല്ലാ സ്‌കൂളുകളിലും ടാലന്റ് ലാബ് ആരംഭിക്കുന്നതിനായി സ്‌പെഷ്യല്‍ പി.ടി.എ കൂടുന്നതിനായി വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അധ്യാപകര്‍ക്കായുള്ള അവധിക്കാല പരിശീലനത്തില്‍ മാതൃകാനുഭവങ്ങള്‍ പങ്കിടലും പ്രവര്‍ത്തന പദ്ധതി തയ്യാറാക്കലും നടന്നു കഴിഞ്ഞു. എസ്.എസ്.എ യിലെ സ്‌പെഷ്യലിസ്റ്റ് അധ്യാപകരുടെ സേവനം ടാലന്റ് ലാബുമായി ബന്ധിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. ഇതോടെ പദ്ധതി കൂടുതല്‍ കാര്യക്ഷമമാവും.

 

date