നെഹ്‌റു ട്രോഫി; പുതിയ ഫോട്ടോ ഫിനിഷ് സംവിധാനം പ്രദർശിപ്പിച്ചു
പുന്നമടയിൽ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളം കളിക്ക് കുറേക്കൂടി ശാസ്ത്രീയമായ ഇലക്ട്രോണിക് ടൈമിംഗ് സിസ്റ്റം 'ഫോട്ടോ ഫിനിഷ്' പരീക്ഷണാടിസ്ഥാനത്തിൽ പുന്നമട ഫിനിഷിങ് പോയിന്റിൽ പ്രദർശിപ്പിച്ചു. മത്സര വള്ളങ്ങളുടെ ഫിനിഷിംഗ് 100 ശതമാനം കൃത്യതയുള്ളതാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ പ്രയോഗിച്ചുനോക്കിയത്. ഒളിമ്പിക്‌സ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ ഉപയോഗിക്കുന്ന സംവിധാനമാണ് പുതിയത്. ഇൻറർനാഷണൽ അത്ലറ്റിക് ഫെഡറേഷൻ അംഗീകരിച്ചിട്ടുള്ള പുതിയ സംവിധാനം ലിൻക്‌സ്എന്ന അമേരിക്കൻ കമ്പനിയുടേതാണ്. സ്റ്റാർട്ടിങ്ങിനായി വെടിയുതിർക്കുമ്പോൾ തന്നെ ക്ലോക്കിൽ സമയം പ്രവർത്തിച്ചുതുടങ്ങും. ഫിനിഷിങ് പോയിന്റിൽ ഘടിപ്പിച്ചിട്ടുള്ള ഫിനിഷ് ലിങ്ക്‌സ് ക്യാമറ സെക്കൻഡിൽ 3000 മുതൽ 5000 വരെ ഫ്രെയിമുകൾ എടുക്കാൻ കഴിവുള്ളതാണ്. സംവിധാനത്തിന്റെ ഭാഗമായുള്ള സോഫ്റ്റ് വെയർ ഉപയോഗിച്ച് മത്സരം കഴിഞ്ഞ് മിനിട്ടിനുള്ളിൽ തന്നെ ഓരോ വള്ളവും ഫിനിഷ് ചെയ്യാൻ എടുത്ത സമയം മൈക്രോ സെക്കൻഡുകൾ ഉൾപ്പടെ കാണാൻ കഴിയും. ഇതിന്റെ പ്രിന്റ് ഔട്ടും ലഭിക്കും. കൂടാതെ ഫിനിഷിങ് സമയം ഡിസ്‌പ്ലെയിലും കാണിക്കാൻ കഴിയും. ട്രാക്കിംഗ് ആൻഡ് ടൈമിംഗ് ഉള്ള പുതിയ സംവിധാനം വളരെ കൃത്യതനൽകുന്നതാണെന്ന് പ്രവർത്തനം വിവരിച്ചുകൊണ്ട് സബ് കളക്ടർ വി. ആർ. കൃഷ്ണ തേജ പറഞ്ഞു. 26നു കൂടുന്ന നെഹ്‌റു ട്രോഫി എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ പുതിയ സംവിധാനം അവതരിപ്പിക്കും. തുടർന്ന് കമ്മറ്റി അംഗീകരിച്ചാൽ മൂലം വള്ളം കളിയുടെ ദിവസം അതിന്റെ ഭാഗമായല്ലാതെ തന്നെ പുതിയ ഫോട്ടോ ഫിനിഷ് സിസ്റ്റം പരീക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഹരൻ ബാബു, മുൻ എംഎൽഎ കെ. കെ. ഷാജു, ബോട്ട് ക്ലബ് സെക്രട്ടറി എസ് .എം. ഇക്ബാൽ, ഡിടിപിസി സെക്രട്ടറി എം. മാലിൻ, കുട്ടനാട് തഹസിൽദാർ ആൻറണി സ്‌കറിയ എന്നിവർ പ്രാഥമിക പ്രദർശനത്തിന് എത്തിയിരുന്നു.
(പി.എൻ.എ. 1342/2018)
- Log in to post comments