ലോട്ടറിയുടെ ലാഭം മുഴുവൻ സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്ക്-മന്ത്രി തോമസ് ഐസക്
സംസ്ഥാന ലോട്ടറിയുടെ വരുമാനം മുഴുവൻ സംസ്ഥാനത്തെ ആരോഗ്യ മേഖലയ്ക്കായി വിനിയോഗിക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. ഇപ്പോഴുള്ള 30,000 രൂപയുടെ ആരോഗ്യ ഇൻഷുറൻസ് രണ്ട് ലക്ഷം രൂപയാക്കി ഉയർത്തുന്ന കാര്യം പരിഗണിച്ചുവരുകയാണ്. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിൻറെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ ലോട്ടറി തൊഴിലാളികൾക്കുള്ള മുച്ചക്ര സ്‌കൂട്ടർ വിതരണം സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴയിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ലോട്ടറി മാഫിയയെ കേരളത്തിൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. സാൻഡിയാഗോ മാർട്ടിൻമാരോട് 'കേരളത്തിൽ വേണ്ട' എന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. ജൂലൈ മുതൽ സംസ്ഥാന ലോട്ടറിയുടെ സമ്മാനഘടന പരിഷ്‌കരിക്കുകയാണ.് 5000 രൂപയുടെ സമ്മാനങ്ങൾ വർദ്ധിപ്പിക്കും. ലോട്ടറി വരുമാനം വർധിച്ചുകൊണ്ടിരിക്കുകയാണ്. 16-17 വർഷം 7 3 9 5 കോടി രൂപയുടെ വിറ്റുവരവ് നേടിയപ്പോൾ 17-18 ൽ 9 8 7 5 കോടി രൂപയായി. ഈ സാമ്പത്തിക വർഷം 12000 കോടി രൂപയാണ് ലോട്ടറിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. സംസ്ഥാന ലോട്ടറിയെ തകർക്കാൻ ശ്രമിക്കുന്നവരെ സർക്കാർ കൈകാര്യം ചെയ്യും. വരുമാനത്തിൽ പകുതി സമ്മാനമായി സർക്കാർ നൽകുന്നുണ്ട്. ഈ സർക്കാർ വന്നതിനു ശേഷം 42 ശതമാനത്തിൽ നിന്ന് 52 ശതമാനത്തിലേക്ക് സമ്മാനത്തുക വർധിപ്പിച്ചു. സാന്റിയാഗോ മാർട്ടിൻ തനിക്കെതിരെ മാനഹാനി വരുത്തിയെന്ന് നോട്ടീസ് നൽകിയിട്ടുണ്ട്. അതിന് അന്യസംസ്ഥാന ലോട്ടറി മാഫിയകൾ നടത്തിവരുന്ന നിയമലംഘനങ്ങൾ വ്യക്തമാക്കിയുള്ള കൃത്യമായ മറുപടി നൽകാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിൻറെ ആഭിമുഖ്യത്തിൽ 178 പേർക്കാണ് സംസ്ഥാനത്തൊട്ടാകെ മുച്ചക്രവാഹനം നൽകുന്നത്. ആലപ്പുഴയിൽ 50 പേർക്കുള്ള മുച്ചക്ര വാഹന വിതരണം മന്ത്രി നിർവഹിച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലയിൽ നിന്നുള്ളവരായിരുന്നു ഗുണഭോക്താക്കൾ. ലോട്ടറി തൊഴിലാളികൾക്ക് വാഹനത്തോടൊപ്പം ലോട്ടറി വയ്ക്കുന്നതിനുള്ള ബോർഡ,് ഹെൽമെറ്റ്, കുട എന്നിവയും നൽകി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബോണസ് ഇനത്തിൽ മാത്രം ബോർഡ് 37 693 പേർക്ക് 5500 രൂപ വീതവും 2 0 4 7 പെൻഷൻകാർക്ക് 1500 രൂപ വീതവും ആകെ 21.0 3 8 കോടി രൂപയാണ് വിതരണം ചെയ്തതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ നീറ്റ് പരീക്ഷയിൽ ദേശീയ തലത്തിൽ എസ്.സി.കാററഗറിയിൽ 77ാം റാങ്ക് നേടിയ ലോട്ടറി തൊഴിലാളിയുടെ മകളായ കെ.പി.മഞ്ജുഷയ്ക്ക് ബോർഡ് അനുവദിച്ച ഒരുലക്ഷം രൂപയുടെ പാരിതോഷികം ധനമന്ത്രി ചടങ്ങിൽ സമ്മാനിച്ചു.
പാതിരപ്പള്ളി എയിഞ്ചൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ പി. ആർ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു.മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകൻ, സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എസ്.ഷാനവാസ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി.സ്‌നേഹജൻ, ജില്ലാ പഞ്ചായത്ത് അംഗം ജുമൈലത്ത്, വികലാംഗക്ഷേമ കോർപറേഷൻ മാനേജിങ് ഡയറക്ടർ കെ.മൊയ്തീൻ കുട്ടി, ക്ഷേമനിധി ബോർഡ് അംഗങ്ങളായ വി.എസ്.മണി, ഫിലിപ്പ് ജോസഫ്, സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ എം.രാജ് കപൂർ,ദർശന അക്കാദമി ഡയറക്ടർ ഫാ.തോമസ് പുതുശ്ശേരി, സിസ്റ്റർ സ്മിത വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.
(പി.എൻ.എ. 1250/2018)
- Log in to post comments