Skip to main content

ഭാഗ്യക്കുറി കുടുംബത്തിൽനിന്ന് നീറ്റ് പരീക്ഷാവിജയം ക്ഷേമനിധി ബോർഡിന്റെ ഒരു ലക്ഷം മജ്ഞുഷയ്ക്ക്

സാമ്പത്തിക പരാധീനതകൾക്ക് നടുവിൽ ഭാഗ്യക്കുറി കുടുംബത്തിൽനിന്ന് നീറ്റ് പരീക്ഷ എഴുതി എസ്. സി. കാറ്റഗറിയിൽ എഴുപത്തിയേഴാം റാങ്ക് കരസ്ഥമാക്കിയ മിടുക്കിക്ക് കൈത്താങ്ങായി സംസ്ഥാന സർക്കാരിൻറെ ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ്. ആലപ്പുഴ തത്തംപള്ളി ജില്ലാകോടതി വാർഡിൽ തെക്കേ വെളിയിൽ കെ.പി. മഞ്ജുഷയ്ക്കാണ് ക്ഷേമനിധി ബോർഡ് ഒരു ലക്ഷം രൂപയുടെ ഉപഹാരം നൽകിയത്. ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിൻറെ ആഭിമുഖ്യത്തിൽ ആലപ്പുഴയിൽ നടന്ന ഭിന്നശേഷിക്കാരായ ലോട്ടറി തൊഴിലാളികൾക്കുള്ള  മുച്ചക്ര സ്‌കൂട്ടർ വിതരണം സംസ്ഥാനതല ഉദ്ഘാടന വേദിയിൽ വച്ച് മഞ്ജുഷയ്ക്ക് ധനമന്ത്രി തോമസ് ഐസക്ക് സമ്മാനം കൈമാറി.

 

മഞ്ജുഷ യുടെ അച്ഛൻ പുരുഷോത്തമൻ ലോട്ടറി വിൽപനക്കാരൻ ആയിരുന്നു. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചു.  തുടർന്ന് അമ്മ ചെല്ലമ്മ ലോട്ടറി വിൽപന നടത്തി വരുമാനം കണ്ടെത്തിയെങ്കിലും നാലുവർഷം മുമ്പ് അപകടത്തിൽപ്പെട്ട് തൊഴിൽചെയ്യാൻ വയ്യാതായി. സാമ്പത്തികമായി ഒന്നുമില്ലായ്മയിൽ നിന്ന്  പഠിച്ചാണ് മഞ്ജുഷ കഴിഞ്ഞ നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയത്. ചെന്നിത്തല നവോദയ വിദ്യാലയത്തിലാണ് മഞ്ജുഷ പ്ലസ്ടു പഠിച്ചത്. പഠിക്കാൻ മിടുക്കിയായ മഞ്ജുഷയ്ക്ക് സഹപാഠികൾ സഹായിച്ച് നിർമ്മിച്ച സ്‌നേഹാലയം വീട്ടിലാണ് മഞ്ജുഷയുടെ താമസം. ചെന്നിത്തല നവോദയ വിദ്യാലയത്തിലെ  പി.ടി.എയുടെ അഭ്യർത്ഥനപ്രകാരം കോട്ടയം ആസ്ഥാനമായുള്ള ദർശന അക്കാദമിയാണ്  മഞ്ജുഷയുടെ ഒരു വർഷത്തെ പരീക്ഷാ പരിശീലനം ഏറ്റെടുത്ത് നൽകിയത്.  മഞ്ജു ഷയ്ക്ക് ജിപ്‌മെർ പരീക്ഷയിൽ  മുപ്പത്തിയെട്ടാം റാങ്കുണ്ട.് ആൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവേശന പരീക്ഷയുടെ റാങ്ക് പ്രതീക്ഷിച്ചിരിക്കുകയാണ്  മഞ്ജുഷ ഇപ്പോൾ. ഡൽഹിയിലെ എയിംസിൽ  പഠിക്കണമെന്നാണ് ആഗ്രഹം. ദർശന അക്കാദമി ഡയറക്ടർ തോമസ് പുതുശേരി, സഹോദരി എന്നിവർക്കൊപ്പമാണ്  ധനസഹായം വാങ്ങുന്നതിനായി മഞ്ജുഷ വേദിയിലെത്തിയത്.

 

(പി.എൻ.എ. 1252/2018)

date