Skip to main content

കുടുംബശ്രീ വിപ്ലവകരമായ മാറ്റം : ജില്ലാ കളക്ടര്‍

 സംസ്ഥാനത്ത് ആരോഗ്യം, സാക്ഷരത എന്നിവയ്ക്ക് ശേഷം വിപ്ലവകരമായ മാറ്റം ഉണ്ടാക്കിയത് കുടുംബശ്രീയാണെന്ന് ജില്ലാ കളക്ടര്‍ ടി വി അനുപമ.  ലിംഗ വ്യത്യാസമില്ലാതെ ഓരോ വ്യക്തിയും ശാക്തീകരിക്കപ്പെടണം. അതിലൂടെ സമൂഹവും ശക്തമാകും. സാമ്പത്തിക ശാക്തീകരണത്തിലൂടെ സാമൂഹിക ശാക്തീകരണം സാധ്യമാക്കണം. സമൂഹം ഉള്ളടത്തോളം കാലം കുടുംബശ്രീയും ഉണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ദേശീയ സംസ്ഥാന ജില്ലാ തലങ്ങളില്‍  പുരസ്‌ക്കാരങ്ങള്‍ നേടിയ അയല്‍ക്കൂട്ടങ്ങളെ ആദരിക്കാന്‍ കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിച്ച ആദരണീയം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ആദരണീയം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ എം.പത്മിനി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ഗവേണിംഗ് ബോഡിയംഗം ഷീല വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. 
    കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ച കൈപ്പമംഗലം പഞ്ചായത്തിലെ ഗ്രാമ ലക്ഷ്മി അയല്‍ക്കൂട്ടം, ദേശീയ നഗര ഉപജീവന മിഷന്റെ സ്വച്ഛത എക്സലന്‍സ് പുരസ്‌ക്കാരം നേടിയ കൊടുങ്ങല്ലൂര്‍ സി ഡി എസിലെ ചാപ്പാറ എഡിഎസ്, മികച്ച സിഡിഎസ്‌കളുടെ തിരഞ്ഞെടുപ്പില്‍ സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ നടത്തറ ഗ്രാമപഞ്ചായത്ത് സിഡി എസ്, സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക പരാമര്‍ശം കരസ്ഥമാക്കിയ ചാവക്കാട് നഗരസഭ സിഡിഎസ്, ജില്ലയിലെ മികച്ച സിഡിഎസുകളായി തിരഞ്ഞെടുത്ത വരവൂര്‍ ഗ്രാമപഞ്ചായത്ത് സിഡിഎസ്, പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് സിഡിഎസ്, കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് സിഡിഎസ് എന്നിവര്‍ക്ക് പുരസ്‌ക്കാരങ്ങള്‍ കൈമാറി.  
    ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.കെ.സതീശന്‍, ജില്ലാ സെക്രട്ടറി പി.എസ് വിനയന്‍, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ പി.ആര്‍ രജിത്ത്, വരവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബാബു, പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന ബാബു, കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി ജ്യോതിഷ്‌കുമാര്‍, ജില്ലയിലെ സിഡിഎസ് ചെയര്‍പേഴ്സന്‍മാര്‍, മെമ്പര്‍ സെക്രട്ടറിമാര്‍, എഡിഎംസി മാരായ ബൈജു മുഹമ്മദ് എം.എ, എം.പി ജോസ്, രാധാകൃഷണന്‍ കെ, വല്‍സല പി, കുടുംബശ്രീ ഉദ്യോഗസ്ഥര്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date