Skip to main content

ടി.വി.ആര്‍.ഷേണായ് സ്മൃതി പുസ്തകം 23 ന് മുഖ്യമന്ത്രി പ്രകാശനം ചെയ്യും

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടി.വി.ആര്‍.ഷേണായിയുടെ സ്മരണാര്‍ത്ഥം കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച 'ടി.വി.ആര്‍.ഷേണായി : എ സെന്റിനല്‍ ഓഫ് ഔര്‍ ടൈംസ്' എന്ന പുസ്തകം ജൂണ്‍ 23 ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും.  ഉച്ച കഴിഞ്ഞ് മൂന്നിന് ഡല്‍ഹി കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി എ.കെ.ആന്റണി ആദ്യ പ്രതി സ്വീകരിക്കും.  മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ.അദ്വാനി മുഖ്യാതിഥിയായിരിക്കും.  മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷത വഹിക്കും.  മുന്‍ മന്ത്രിയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായ എം.എ.ബേബി, മലയാളം കമ്മ്യൂണിക്കേഷന്‍ എം.ഡിയും എഡിറ്ററുമായ ജോണ്‍ ബ്രിട്ടാസ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഡി.വിജയമോഹന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും.  ടി.വി.ആര്‍.ഷേണായിയുടെ പത്‌നി സരോജ ഷേണായി മീഡിയ അക്കാദമി സെക്രട്ടറി കെ.ജി.സന്തോഷ് എന്നിവര്‍ പങ്കെടുക്കും.
    രാഷ്ട്രീയ - ഭരണ - മാധ്യമ മേഖലകളിലെ പ്രമുഖ വ്യക്തികള്‍ ടി.വി.ആര്‍.ഷേണായിയെക്കുറിച്ച് എഴുതിയ ഓര്‍മ്മക്കുറിപ്പുകളും അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലേയും കര്‍മ്മ മേഖലയിലേയും അപൂര്‍വ്വ ചിത്രങ്ങളും ഉള്‍ക്കൊളളുന്നതാണ് പുസ്തകം.  മുഖ്യമന്ത്രി പിണറായി വിജയന്‍, എ.കെ.ആന്റണി, എം.എ.ബേബി, മുന്‍ രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി വേണു രാജാമണി, ടി.വി.ആര്‍.ഷേണായിയുടെ മകള്‍ സൂജാത ഷേണായി, ഓംചേരി എന്‍.എന്‍.പിളള, മാമ്മന്‍ മാത്യു, എം.പി.വീരേന്ദ്രകുമാര്‍, അഷ്ടവൈദ്യന്‍ ഇ.ടി.നാരായണന്‍ മൂസ്സ്, എം.കെ.ഭദ്രകുമാര്‍, തോമസ് ജേക്കബ്, പ്രഭാവര്‍മ്മ, ജോണ്‍ ബ്രിട്ടാസ്, രമേശ് ചെന്നിത്തല, വെങ്കിടേഷ് രാമകൃഷ്ണന്‍, പ്രൊഫ.കെ.വി.തോമസ്, പി.രാജീവ്, കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ തുടങ്ങിയവരുടെ അനുസ്മരണ കുറിപ്പുകളും ടി.വി.ആര്‍.ഷേണായിയുടെ തിരഞ്ഞെടുത്ത ലേഖനങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പി.എന്‍.എക്‌സ്.2522/18

date