Skip to main content

നാഷനല്‍ സര്‍വീസ് സ്‌കീം രജത ഭവനങ്ങളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു

  സഹപാഠിക്ക് വീട് നിര്‍മിച്ചുനല്‍കാനുള്ള വിദ്യാര്‍ഥികളുടെ മനസ് ഏത് ഭൗതിക, സാമ്പത്തിക സാഹചര്യങ്ങളേക്കാളും പ്രധാനപ്പെട്ടതാണെന്ന് തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ഹയര്‍സെക്കന്‍ഡറി നാഷനല്‍ സര്‍വീസ് സ്‌കീമിന്റെ രജത ഭവന പദ്ധതിയുടെ ഭാഗമായി പണികഴിപ്പിച്ച 71 മുതല്‍ 76 വരെ ഭവനങ്ങളുടെ താക്കോല്‍ദാനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു മന്ത്രി.
    വിദ്യാഭ്യാസ, സാമൂഹ്യ ജീവിതത്തിലെ ഒരു രജതരേഖയാണ് പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വീടുനല്‍കുന്ന ഈ പദ്ധതി.
    ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും നല്‍കി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ കരുത്തുറ്റതാക്കാനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
    രജതനാളം ഉണര്‍ത്തുപാട്ട് സി.ഡിയുടെയും എന്‍.എസ്.എസ് പ്രവര്‍ത്തന കലണ്ടറിന്റെയും പ്രകാശനം മന്ത്രി നിര്‍വഹിച്ചു. റിപ്പബ്‌ളിക് ദിനപരേഡില്‍ പങ്കെടുത്ത എന്‍.എസ്.എസ് വോളണ്ടിയര്‍മാരെയും ചടങ്ങില്‍ അനുമോദിച്ചു.
    ചടങ്ങില്‍ എന്‍.എസ്.എസ് റീജിയണല്‍ ഡയറക്ടര്‍ ജി.പി. സജിത്ത്ബാബു അധ്യക്ഷതവഹിച്ചു. ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ പി.കെ. സുധീര്‍ബാബു, എന്‍.എസ്.എസ് സെല്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജേക്കബ് ജോണ്‍, സ്‌റ്റേറ്റ് എന്‍.എസ്.എസ് ഓഫീസര്‍ ഡോ. കെ. സാബുക്കുട്ടന്‍, ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ (എക്‌സാം) ഇമ്പിച്ചിക്കോയ, ജേയിന്റ് ഡയറക്ടര്‍ (അക്കാദമിക്) ഡോ. പി.പി. പ്രകാശന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ നൗഷാദ്, നാരായണി തുടങ്ങിയവര്‍ സംബന്ധിച്ചു.
പി.എന്‍.എക്‌സ്.2523/18

date