അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ പരിശോധന നടത്തും
കൊച്ചി: ആരോഗ്യജാഗ്രത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ പരിശോധന നടത്തും. തഹസില്‍ദാരുടെ അദ്ധ്യക്ഷതയില്‍ കണയന്നൂര്‍ താലൂക്ക് ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ നടത്തിയ സര്‍വേയില്‍ ആറില്‍ താഴെ മാര്‍ക്ക് നേടി, കുറഞ്ഞ നിലവാരം പുലര്‍ത്തുന്നതായി രേഖപ്പെടുത്തിയ തൊഴിലാളി താമസക്യാമ്പുകളില്‍ തഹസീല്‍ദാരുടെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍, പോലീസ് എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന നടത്തുക. ശുചിത്വ പരിപാലനം ഉടമസ്ഥര്‍ ഉറപ്പാക്കിയില്ലെങ്കില്‍ താമസസ്ഥലങ്ങള്‍ അടച്ചുപൂട്ടാനുള്ള നടപടിയെടുക്കും. 17 സംസ്ഥാനങ്ങളില്‍ നിന്നുള്ള അതിഥി തൊഴിലാളികളാണ് ജില്ലയിലുള്ളത്. അതിഥിതൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുക, പകര്‍ച്ചവ്യാധികള്‍ തടയുക എന്നീ ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
താമസ കേന്ദ്രത്തിലെ മേല്‍ക്കൂര, വെള്ളക്കെട്ട്, വായുസഞ്ചാരം, വെളിച്ചം, വൈദ്യുതി, പാചകസൗകര്യം, ജലലഭ്യത, മാലിന്യസംസ്‌കരണം, ശൗചാലയം, കുളിമുറി, പ്രാഥമികാരോഗ്യ സൗകര്യങ്ങള്‍, കൊതുകുശല്യം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് സര്‍വേയില്‍ മാര്‍ക്ക് നല്‍കിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, വില്ലേജ് ഓഫീസര്‍ അടങ്ങുന്ന സംഘം തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചാണ് സര്‍വേ നടത്തിയത്.
- Log in to post comments