Skip to main content

എട്ട് മുതല്‍ പ്ലസ് ടു വരെ പഠന നിലവാരമുയര്‍ത്താന്‍ ഇ-മുകുളം പദ്ധതിക്ക് തുടക്കമായി       

ജില്ലയിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഇ-മുകുളം പദ്ധതിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി ഇ-മുകുളം പദ്ധതിയുടെ പോര്‍ട്ടല്‍ പ്രകാശനം ചെയ്തു. 
    വിദ്യാര്‍ഥികളുടെ സമഗ്രപുരോഗതിക്ക് ഇന്റര്‍നെറ്റ്-മൊബൈല്‍ സാങ്കേതികവിദ്യ ഏറെ സഹായകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പഠനപ്രവര്‍ത്തനങ്ങള്‍ മൊബൈല്‍ ഫോണിന്റെ സഹായത്തോടെ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഏറെ ലളിതവും  എളുപ്പത്തില്‍ നിര്‍വഹിക്കാന്‍ പറ്റുന്നതുമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ജില്ലാഭരണകൂടം നടപ്പാക്കുന്ന കണ്ണൂര്‍ ക്ലാസ് റൂം അത്തരമൊരു പദ്ധതിയുടെ ഭാഗമാണ്. ഇത്തരം അനുകൂല സാഹചര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
    അടുത്ത എസ്.എസ്.എല്‍.സി-പ്ലസ്ടു പരീക്ഷകളില്‍ ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും നൂറ് ശതമാനം വിജയമെന്ന നേട്ടത്തിനായി വരുന്ന മൂന്നു മാസങ്ങളില്‍ കഠിനാധ്വാനം ചെയ്യാന്‍ തയ്യാറാവണമെന്ന് അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു. ഇതിനായി മുകുളം പദ്ധതി ഇലക്‌ട്രോണിക് രീതിയിലേക്ക് മാറ്റിയതാണ് ഇ-മുകുളം പദ്ധതി. താഴേത്തട്ടിലുള്ള കുട്ടികള്‍ മുതല്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ വരെയുള്ളവര്‍ക്ക് ഉപകരിക്കുന്ന രീതിയില്‍ എട്ട് മുതല്‍ 12 വരെ ക്ലാസ്സുകളിലെ പാഠഭാഗങ്ങളെ വിദഗ്ധ അപഗ്രഥനത്തിന് വിധേയമാക്കി തയ്യാറാക്കിയതാണ് ഇ-മുകുളം പദ്ധതി. 
    പഠനവിഷയങ്ങള്‍ പുസ്തക രൂപത്തില്‍ തയ്യാറാക്കി നല്‍കിയിരുന്നത്് ഇത്തവണ ഇലക്‌ട്രോണിക് രീതിയിലേക്ക് മാറ്റി. ഓരോ പഠനവിഷയത്തെയും കുറിച്ചുള്ള അപഗ്രഥനങ്ങള്‍,  ബന്ധപ്പെട്ട ചോദ്യങ്ങള്‍, പ്രയാസമേറിയ പാഠ്യഭാഗങ്ങള്‍ ലളിതമാക്കാനുതകുന്ന വിശദീകരണങ്ങള്‍ തുടങ്ങിയവ അടങ്ങിയതാണ് പദ്ധതി. ഓരോ വിഷയത്തിലും പ്രഗല്‍ഭരായ അധ്യാപകരെ ഉള്‍ക്കൊള്ളിച്ച് നടത്തിയ ശില്‍പശാലകളിലൂടെയാണ് പദ്ധതി തയ്യാറാക്കിയതെന്നും പ്രസിഡന്റ് പറഞ്ഞു. ഇ-മുകുളം പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കുള്ള പ്രോല്‍സാഹന ക്യാംപുകള്‍, സംശയ ദൂരീകരണത്തിനുള്ള ഇ-പ്ലാറ്റ്‌ഫോം തുടങ്ങിയ പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്.  
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ കെ.പി ജയബാലന്‍ മാസ്റ്റര്‍, വി.കെ സുരേഷ് ബാബു, ടി.ടി റംല, കെ ശോഭ, അംഗങ്ങളായ തോമസ് വര്‍ഗീസ്, അജിത് മാട്ടൂല്‍, വിദ്യാഭ്യാസ ഉപഡയരക്ടര്‍ യു കരുണാകരന്‍,   ഡയറ്റ് പ്രിന്‍സിപ്പാള്‍ കെ പ്രഭാകരന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, ആസൂത്രണ സമിതി അംഗം കെ.വി ഗോവിന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പി എന്‍ സി/4344/2017
 

date