ടി.കെ.സി. വടുതല ജന്മശതാബ്ദി ലോഗോ പ്രകാശനം ചെയ്തു
കൊച്ചി : ടി.കെ.സി. വടുതലയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു. എറണാകുളം പ്രസ് ക്ലബിൽ മേയർ എം.അനിൽകമാർ പ്രകാശന കർമം നിർവഹിച്ചു. ചടങ്ങിൽ ടി.ജെ.വിനോദ് എം.എൽ.എ., മുൻ എം.പി. തമ്പാൻ തോമസ്, ജനറൽ കൺവീനർ ഷാജി ജോർജ് എന്നിവർ പ്രസംഗിച്ചു.
വൈവിധ്യങ്ങൾ നിറഞ്ഞ രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കപ്പെടണമെങ്കിൽ ഭരണഘടനാ മൂല്യങ്ങൾ തകർക്കുന്ന ഭരണകൂടം മാറേണ്ടതുണ്ടെന്ന് മുൻ എം പി തമ്പാൻ തോമസ് അഭിപ്രായപ്പെട്ടു. ആഘോഷ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇന്ത്യൻ ഭരണഘടന ഫാസിസത്തെ അതിജീവിക്കുമോ " എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഫാസിസത്തെ തകർക്കണമെങ്കിൽ കർഷക സമരത്തിന് സമാനമായി ബി ജെ പി വിരുദ്ധ പ്രസ്ഥാനങ്ങളെല്ലാം ഒരുമിച്ച് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റ് പാർട്ടികളുമുള്ള ഒരു ബദലായി അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറായാൽ ഫാസിസ്റ്റ് ഭരണകൂടത്തെ അതിജീവിക്കാൻ കഴിയും. ഒരു വർഷം നീണ്ടുനിന്ന ശക്തമായ കർഷക സമരത്തിന് മുന്നിൽ ബി ജെ പി സർക്കാരിന് മുട്ടുമടക്കേണ്ടി വന്നത് ഇതിന്റെ സൂചനയാണ് - അദ്ദേഹം പറഞ്ഞു.
അടുത്ത പൊതു തിരഞ്ഞെടുപ്പോടെ ഒരു പൊതുവേദി രൂപപ്പെടുക തന്നെ ചെയ്യുമെന്നും അതിനുള്ള ആരംഭം പല മേഖലകളിലും തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ രാജ്യത്തെ മത രാഷ്ട്രമാക്കാനാണ് ബി ജെ പി , സംഘപരിവാർ ശക്തികളുടെ ശ്രമം. ഇന്ത്യൻ ഭരണഘടനയിൽ വിശ്വാസമില്ലാത്ത അവർ അതു പൊളിച്ചെഴുതാനാണ് നീക്കം. പണാധിപത്യത്തെ പ്രതിരോധിക്കാൻ കഴിഞ്ഞാൽ മാത്രമേ ജനാധിപത്യത്തെ രക്ഷപെടുത്താനാവുകയുള്ളുവെന്നും തമ്പാൻ തോമസ് പറഞ്ഞു.
ചന്ദ്രഹാസൻ വടുതല സ്വാഗതവും ഡോ. രഘൂത്തമൻ നന്ദിയും പറഞ്ഞു.
- Log in to post comments