Skip to main content

മനോഹര ചിത്രങ്ങളുമായി സഞ്ചരിക്കുന്ന ആര്‍ട് ഗ്യാലറി  പ്രദര്‍ശനം തുടങ്ങി     

കേരള ലളിതകലാ അക്കാദമിയുടെ സഞ്ചരിക്കുന്ന ആര്‍ട്ട് ഗാലറി മേയര്‍ ഇ.പി ലത ഫ്‌ളാഗ്ഓഫ് ചെയ്തു. കലക്ടറേറ്റ് പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ കെ.പി ജയബാലന്‍ മാസ്റ്റര്‍, വി.കെ സുരേഷ് ബാബു, ടി.ടി റംല,  ജില്ലാ പഞ്ചായത്തംഗം അജിത് മാട്ടൂല്‍, സെക്രട്ടറി വി ചന്ദ്രന്‍, ആസൂത്രണ സമിതി അംഗം കെ.വി ഗോവിന്ദന്‍, ലളിതകല അക്കാദമി അംഗം രവീന്ദ്രന്‍ എം. വി തുടങ്ങിയവര്‍ സംസാരിച്ചു.
    ജില്ലയിലെ കക്കണ്ണംപാറ കലാഗ്രാമത്തില്‍ നടക്കുന്ന 20 ദിവസത്തെ റസിഡന്‍സി ക്യാമ്പിനോടനുബന്ധിച്ചാണ് സഞ്ചരിക്കുന്ന ആര്‍ട്ട് ഗ്യാലറി ഒരുക്കിയത്. കേരളത്തിലെ പ്രമുഖ ചിത്രകാരന്‍മാരുടെ 18 റിയലിസ്റ്റിക് ചിത്രങ്ങളടങ്ങിയ ആര്‍ട് ഗ്യാലറി കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ പര്യടനം നടത്തും. 
    ഇന്ന് (നവംബര്‍ 17) രാവിലെ 10 മണി മുതല്‍ പുതിയ ബസ് സ്റ്റാന്റ് പരിസരം, ഉച്ചയ്ക്ക് 1 മണി മുതല്‍ നാളെ ഉച്ചയ്ക്ക് 12 മണി വരെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലാണ് നഗരത്തിലെ പ്രദര്‍ശനം. 
    തുടര്‍ന്ന് നവംബര്‍ 19 വരെ കാസര്‍ക്കോട് ജില്ലയില്‍ പര്യടനം നടത്തും. ശേഷം 20 മുതല്‍ 30 വരെയുള്ള തീയതികളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പര്യടനം തുടരും. 
പി എന്‍ സി/4344/2017

date