ബേപ്പൂര്‍ ഗവണ്‍മെന്റ് ഐ.ടിഐ കെട്ടിട ശിലാസ്ഥാപനം മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു
ചുവപ്പ് നാടയില്‍ കുടുങ്ങി വികസന പ്രവര്‍ത്തനങ്ങള്‍ മുരടിച്ച് പോകുകയോ ചിലപ്പോള്‍ ഇല്ലാതാവുകയോ ചെയ്യുന്ന സാഹചര്യം സംസ്ഥാനത്ത് തുടരാന്‍ അനുവദിക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ബേപ്പൂര്‍ ഗവണ്‍മെന്റ് ഐ.ടിഐ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഭരണ പ്രതിപക്ഷ ഭേദമന്യെ ജനങ്ങള്‍ ഒറ്റകെട്ടായി നില്‍ക്കുന്നു എന്നത് ഗുണകരമായ മാറ്റമാണ്. ഇത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ വി.കെ.സി മമ്മദ്കോയ എം.എല്‍.എ അധ്യക്ഷനായിരുന്നു. കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.രാധാകൃഷ്ണന്‍ മാസ്റ്റര്‍, കൗണ്‍സിലര്‍മാരായ പോരോത്ത് പ്രകാശന്‍, പി.പി ബീരാന്‍ കോയ, ടി. അനില്‍കുമാര്‍, ബേപ്പൂര്‍ ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ ഉമ്മര്‍ പി പുനത്തില്‍, വിവിധ രാഷ്ട്രീയ പാട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
തീരദേശ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുക എന്ന ഉദ്ദേശത്തോടെ 2008 ഓഗസ്റ്റില്‍ പ്രവര്‍ത്തനമാരംഭിച്ച ബേപ്പൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ നിലവില്‍ ബേപ്പൂര്‍ ബസ് സ്റ്റാന്റിലെ കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ പരിമിതമായ സൗകര്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കോര്‍പ്പറേഷന്‍ നടുവട്ടം വ്യവസായ പാര്‍ക്കില്‍ നല്‍കിയ 1.20 ഏക്കര്‍ സ്ഥലത്ത് സര്‍ക്കാര്‍ അനുവദിച്ച 2.15 കോടി രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.
- Log in to post comments