പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും
കുന്ദമംഗലം നിയോജകമണ്ഡലത്തിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഹാളില്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യാഗസ്ഥരുടേയും യോഗത്തില്‍ തീരുമാനിച്ചു. മണ്ഡലത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പി.ടി.എ റഹീം എം.എല്‍.എ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനമുണ്ടായത്.
ആരോഗ്യരംഗത്ത് സുസ്ഥിര വികസനം നടപ്പിലാക്കുവാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തില്‍ നടപ്പില്‍ വരുത്തും. കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കനുസരിച്ച് പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കും. നിയോജകമണ്ഡലത്തിലെ രണ്ട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ക്കും എം.എല്‍.എ ഫണ്ടില്‍ നിന്നും ഫോഗിംഗ് മെഷീന്‍ ലഭ്യമാക്കുമെന്ന് എം.എല്‍.എ അറിയിച്ചു. ആരോഗ്യസേന എല്ലായിടത്തും ഫലപ്രദമായി ഇടപെടണമെന്നും ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ മുന്‍കയ്യെടുത്ത് വാര്‍ഡ് അടിസ്ഥാനത്തില്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് പ്രവര്‍ത്തങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്നും എം.എല്‍.എ നിര്‍ദ്ദേശിച്ചു.
പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡീഷണല്‍ ഡി.എം.ഒ ഡോ. ആശാദേവി പദ്ധതികള്‍ വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ. അജിത, കെ. തങ്കമണി, കെ.എസ്. ബീന, എന്‍.വി ബാലന്‍ നായര്‍, കെ.പി കോയ, കെ. രാധാകൃഷ്ണന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി. നാരായണന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് എ. പി ഹസീന എന്നിവര്‍ സംസാരിച്ചു.
- Log in to post comments