Skip to main content

സ്കൂള്‍ വാഹനങ്ങള്‍ നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി

 

സ്ക്കൂള്‍ വാഹനങ്ങളുടെ പരിശോധന കര്‍ശനമായി തുടരുമെന്ന് ജില്ലാ റോഡ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ടി സി വിനീഷ് അറിയിച്ചു. പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി പരിശോധനകള്‍ സ്ഥിരമായി നടത്തി വരികയാണ്. വിദ്യാര്‍ഥികളെ കയറ്റുന്ന വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് പരിശോധനയ്ക്ക് ശേഷം ആര്‍ടിഒ ഓഫീസില്‍ നിന്ന് നല്‍കിയ സ്റ്റിക്കര്‍ നിര്‍ബന്ധമായി പതിക്കണം. ഓണ്‍ സ്കൂള്‍ ഡ്യൂട്ടിയെന്ന ബോര്‍ഡ് വെച്ചുമാത്രമേ യാത്ര നടത്താന്‍ പാടുള്ളൂവെന്നും ആര്‍.ടി.ഒ പറഞ്ഞു. 
അധ്യയന വര്‍ഷം തുടങ്ങുന്നതിനു മുന്നോടിയായി വാഹനങ്ങളുടെ പരിശോധന നടത്തിയിരുന്നു.  1024 വാഹനങ്ങള്‍ക്ക് പരിശോധനയ്ക്ക് ശേഷം ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. വാഹനങ്ങളുടെ ഫിറ്റ്നസ്, ഇന്‍ഷുറന്‍സ്, ലൈസന്‍സ്, സ്പീഡ് ഗവര്‍ണര്‍ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചത്. പരിശോധനയ്ക്ക് ശേഷം ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണ ക്ലാസ് നല്‍കിയിട്ടുണ്ട്. 
മോട്ടോര്‍ വാഹന വകുപ്പിന്‍റെ അംഗീകാരമില്ലാത്ത വാഹനങ്ങള്‍ നിയമം ലംഘിച്ച് വിദ്യാര്‍ഥികളുടെ യാത്രയ്ക്കായി ഉപയോഗിച്ചാല്‍ കര്‍ശന നടപടിയെടുക്കും. ഇത്തരം നിയമ ലംഘനങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സ്കൂള്‍ അധികൃതര്‍, രക്ഷിതാക്കള്‍, പിടിഎ തുടങ്ങിയവരും സഹകരിക്കണം. സ്കൂളുകളിലേക്ക് കുട്ടികളെ കയറ്റി വിടുന്ന വാഹനങ്ങളുടെ വിവരങ്ങള്‍, ഡ്രൈവറുടെ ഫോണ്‍ നമ്പര്‍ തുടങ്ങിയവ രക്ഷിതാക്കളും സ്കൂള്‍ അധികൃതരും കൈവശം സൂക്ഷിക്കണം. 
നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ കുട്ടികളെ വാഹനങ്ങളില്‍ കയറ്റി സഞ്ചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ പൊലീസിനെയും ആര്‍.ടി.ഒയെയും അറിയിക്കണമെന്ന് അര്‍ടിഒ പറഞ്ഞു. വലിയ വാഹനങ്ങളില്‍ ഡ്രൈവറെ കൂടാതെ ഡോര്‍ അറ്റന്‍ഡര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഇവരെ സ്കൂള്‍ അധികൃതര്‍ നിയമിക്കണം. ഓട്ടോ റിക്ഷകളില്‍ ഹാന്‍ഡില്‍ വെയ്ക്കണം. മുന്‍ സീറ്റിലിരുത്തി കുട്ടികളെ കൊണ്ടുപോകാന്‍ പാടില്ല. വാഹനങ്ങളില്‍ ചൈല്‍ഡ് ലൈന്‍, പൊലീസ് തുടങ്ങിയവരുടെ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കണമെന്നും ആര്‍ടിഒ നിര്‍ദേശിച്ചു. 

date