Skip to main content

ലൈഫ് മിഷന്‍ രണ്ടാംഘട്ടം: ആദ്യ ഗഡു വിതരണം തുടങ്ങി

 

ലൈഫ് ഫിഷന്‍ രണ്ടാം ഘട്ടം ഭവനനിര്‍മാണത്തിനുള്ള ആദ്യ ഗഡു വിതരണം തുടങ്ങി. മൊത്തം തുകയുടെ 10 ശതമാനമായ 40,000 രൂപയാണ് ആദ്യ ഗഡുവായി വിതരണം ചെയ്യുന്നത്. 
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അംഗീകരിച്ച ഭൂമിയുള്ള ഭവനരഹിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ ധനസഹായം നല്‍കി ഭവനനിര്‍മാണം പൂര്‍ത്തീകരിക്കലാണ് മിഷന്‍റെ രണ്ടാംഘട്ടം ലക്ഷ്യമിടുന്നത്.
106 വീടുകള്‍ക്ക് തുക വിതരണം ചെയ്തു. വെള്ളിനേഴി പഞ്ചായത്തില്‍ 40 ഉം പുതുശ്ശേരിയില്‍ 66 ഉം വീടുകള്‍ക്കാണ് തുക വിതരണം ചെയ്തത്. കരാര്‍ ഒപ്പിട്ട മുഴുവന്‍ ഉപഭോക്താക്കള്‍ക്കും ജൂണ്‍ 25നകം ഒന്നാം ഗഡു വിതരണം ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. 20844 ആളുകള്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ വീട് നല്‍കുന്നത്.  പുതിയ അപേക്ഷകളില്‍ വീടുണ്ടാക്കാന്‍ തയാറാല്ലാത്തവരെ ഒഴിവാക്കി കൃത്യമായ പട്ടിക തയാറാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. മറ്റു സംസ്ഥാനങ്ങളില്‍ വീടുള്ളതോ ബന്ധുവീടുകളില്‍ കഴിയുന്നതോ ആയ ആളുകള്‍ പട്ടികയില്‍ ഉള്‍പ്പെട്ടെങ്കിലും ഉടന്‍ വീടു പണിക്കായുള്ള നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ പട്ടികയില്‍ നിന്നും ഒഴിവാക്കേണ്ടതായിട്ടുണ്ട്. അഗളി, ഷോളയൂര്‍ ഗ്രാമപഞ്ചായത്തുകളിലാണ് ഇത്തരം അപേക്ഷകള്‍ കൂടുതലായുള്ളത്. കര്‍മസമിതിയുടെ നേതൃത്വത്തിലാണ് അയോഗ്യരെ ഒഴിവാക്കുന്നത്. ഗ്രാമവികസന ഓഫീസറുടെ മേല്‍നോട്ടത്തിലാണ് അന്തിമ പട്ടികയിലുള്ളവരെ തിരഞ്ഞെടുക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍, 25 സെന്‍റിനു മുകളില്‍ ഭൂമിയുള്ളവര്‍, മൂന്ന് ലക്ഷത്തിനു മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ എന്നിവര്‍ക്ക് പദ്ധതിയില്‍ യോഗ്യതയുണ്ടാവില്ല. റേഷന്‍ കാര്‍ഡ്, വീട്ടുനമ്പര്‍ എന്നിവ ഇല്ലാത്തതിനാല്‍ മാത്രം വീടിന് അനുമതി നിഷേധിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ടെന്ന് ലൈഫ്മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം.ഗിരീഷ് അറിയിച്ചു. 
ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം, കൊടുമ്പ്, പൂക്കോട്ടുക്കാവ്, പുതുക്കോട്, ഗ്രാമപഞ്ചായത്തുകളും ചെര്‍പ്പുളശ്ശേരി നഗരസഭയും ഒന്നാം ഘട്ടത്തില്‍ ഭവന നിര്‍മാണം 100 ശതമാനവും പൂര്‍ത്തിയാക്കി. ഒന്നാം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ അപേക്ഷ നല്‍കിയത് അഗളി പഞ്ചായത്തിലാണ്. 1679 പേരില്‍ 1258 വീടുകള്‍ പൂര്‍ത്തിയാക്കി. ഷോളയൂര്‍ പഞ്ചായത്തില്‍ 997 അപേക്ഷകളില്‍ 666 വീടുകള്‍ പൂര്‍ത്തിയാക്കി. മുതലമടയില്‍ ലഭിച്ച 282 അപേക്ഷയില്‍ 181 വീടുകളും മലമ്പുഴയില്‍ ലഭിച്ച 208 അപേക്ഷകളില്‍ 118 വീടുകളും പൂര്‍ത്തിയാക്കി. കാഞ്ഞിരപ്പുഴയില്‍ 60 വീടുകള്‍ നിര്‍മിച്ചു. 63 അപേക്ഷകള്‍ കൂടിയുണ്ട്. പാലക്കാട് നഗരസഭയില്‍ 85 വീടുകള്‍ പൂര്‍ത്തിയാക്കി.142 വീടുകള്‍ കൂടി നിര്‍മിക്കാനുണ്ട്. ഇതുള്‍പ്പെടെ പൂര്‍ത്തീകരിക്കാത്ത 2792 വീടുകളുടെ നിര്‍മാണവും ഇതോടൊപ്പം നടക്കും.

date