Skip to main content

പഠിതാവിനെ അറിഞ്ഞ് ഹലോ ഇംഗ്ലീഷ്

ചെങ്ങന്നൂർ : പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ഇംഗ്ലീഷ് പഠനനിലവാരം ഉയർത്തുന്നതിനായി സമഗ്രശിക്ഷാ അഭിയാൻ ആവിഷ്‌ക്കരിച്ച ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ ആദ്യഘട്ടം ചെങ്ങന്നൂർ ഉപജില്ലയിൽ പൂർത്തിയായി. കഴിഞ്ഞ 2 വർഷങ്ങളായി പൈലറ്റ് പ്രോജക്ടായും ട്രൈ-ഔട്ട് രൂപത്തിലും വിദ്യാലയങ്ങളിൽ വിജയകരമായി ഇത് നടപ്പിലാക്കി വരികയാണ്. പദ്ധതിയുടെ പ്രതിഫലനങ്ങൾ മനസ്സിലാക്കാൻ നടത്തിയ ഇംപാക്ട് പഠനങ്ങളുടെ നിഗമനങ്ങളിൽ നിന്നും ഈ വർഷം മുതൽ സംസ്ഥാനത്തെ മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസ്സുകളിൽ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ക്ലാസ് റൂം തീയേറ്റർ സാധ്യതകൾ പ്രയോജനപ്പെടുത്തി രസകരമായ രീതിയിൽ ഇംഗ്ലീഷ് വായിക്കാനും കേൾക്കാനും പറയാനും എഴുതാനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ പ്രാഥമികലക്ഷ്യം. 

      ജൂൺ 8 ന് ആരംഭിച്ച ' പഠിതാവിനെ അറിയുക' എന്ന ആദ്യഘട്ടപ്രവർത്തനം ജൂൺ 20 ന് അവസാനിച്ചു. പത്തു മണിക്കൂർ പഠനസമയം ക്രമീകരിച്ചു കൊണ്ടുള്ള ആദ്യഘട്ടപ്രവർത്തന പാക്കേജുകൾ മുഴുവൻ വിദ്യാലയങ്ങളിലും ബി.ആർ.സി യുടെ നേതൃത്വത്തിൽ ലഭ്യമാക്കിയിരുന്നു. എല്ലാ യൂണിറ്റിനും സഹായകരമാകുന്ന ആക്റ്റിവിറ്റി പാക്കേജും റെഡിനസ് പാക്കേജും സ്‌ക്കൂളുകൾക്ക് ലഭ്യമാക്കുന്നതാണ്. ഒന്നാം യൂണിറ്റ് പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് കുട്ടികൾ നേടിയ കഴിവുകൾ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള പഠനോത്സവങ്ങൾ സംഘടിപ്പിക്കും. ജില്ലാ-ഉപജില്ലാ തലങ്ങളിൽ പ്രത്യേക മോണിറ്ററിംഗ് സമിതികൾ പദ്ധതിയുടെ വിജയത്തിനായി പ്രവർത്തിക്കും. എൽ.പി ക്ലാസ്സ് 1 & 2, 3 & 4, യു.പി എന്നിങ്ങനെ 3 മേഖലകളായി തരംതിരിച്ച് 8 ദിവസത്തെ പരിശീലനം ലഭിച്ച അധ്യാപകരും ബി.ആർ.സി ട്രെയിനർമാരും ക്ലസ്റ്റർ കോർഡിനേറ്റർമാരുമാണ് ഹലോ ഇംഗ്ലീഷ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത്. ചെങ്ങന്നൂർ ഉപജില്ലയിലെ 89 പൊതുവിദ്യാലയങ്ങളിൽ  ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന 6191 വിദ്യാർത്ഥികളാണ് ഈ പദ്ധതിയുടെ ഉപഭോക്താക്കളെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ  കെ. ബിന്ദു, ബി.പി.ഒ ജി.കൃഷ്ണകുമാർ എന്നിവർ അറിയിച്ചു.

 

(പി.എൻ.എ. 1410/2018)

date