Skip to main content

ട്രാൻസ് ജൻഡർ സൗഹൃദ സമൂഹത്തിനായി വിവിധ കർമ്മപദ്ധതികൾ

ട്രാൻസ് ജൻഡർ സൗഹൃദ സമൂഹത്തിനായി വിവിധ കർമ്മപദ്ധതികൾ
 

എറണാകുളം: ജില്ലയിലെ  ട്രാൻസ് ജൻഡർ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ജില്ലാ നിയമസേവന അതോറിറ്റി, വിവിധ ട്രാന്‍സ് ജെന്‍ഡര്‍ സംഘടനകള്‍ എന്നിവയുടെ സംയുക്ത വേദി രൂപപ്പെടുത്താനും ട്രാന്‍സ് ജെന്‍ഡര്‍ പദ്ധതികള്‍ സമഗ്രമായി നടപ്പിലാക്കുവാനും ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന  യോഗത്തില്‍ തീരുമാനിച്ചു. സാമൂഹ്യനീതി വകുപ്പും സഹൃദയ വെല്‍ഫെയര്‍ അസോസിയേഷനും സംയുക്തമായി ആരംഭിച്ച ട്രാന്‍സ് ജന്‍ഡര്‍ സഹായ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായി.
 

ജില്ലയില്‍ ട്രാന്‍സ് ജന്‍ഡറുകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ ഏകോപനത്തിനായി ഒരു ഫെഡറേഷന്‍ രൂപീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭിപ്രായപ്പെട്ടു. ട്രാന്‍സ് ജന്‍ഡര്‍ വ്യക്തികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ജില്ലയില്‍ ഹെല്‍പ്പ് ഡെസ്ക്ക് രൂപീകരിക്കും. എല്ലാ വകുപ്പുകളുടെയും സഹകരണം ഹെല്‍പ്പ് ഡെസ്ക്കില്‍ ലഭ്യമാക്കും. വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി ഒരു വര്‍ഷത്തെ കര്‍മപദ്ധതിക്ക് രൂപം നൽകും. പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകള്‍ വിവിധ പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കും.
 

പോലീസ് സേനയില്‍ എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമായുള്ള ബോധവത്ക്കരണ പരിപാടികള്‍ മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കും. സിറ്റി, റൂറല്‍ പോലീസ് ജില്ലകളില്‍ നോഡല്‍ ഓഫീസര്‍മാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സഹായകേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം സജീവമാക്കും. ആരോഗ്യ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ട്രാന്‍സ് ജന്‍ഡര്‍ വ്യക്തികള്‍ക്കായി ആരോഗ്യ ക്യാമ്പുകള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുഖേന ഹോര്‍മോണ്‍ ഗുളികകളുടെ വിതരണം, ജില്ലിയില്‍ എല്ലാ മാസവും ഒരു ദിവസത്തെ പ്രത്യേക ക്ലിനിക്ക് എന്നിവ നടപ്പിലാക്കും. 
 

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 10 മുതല്‍ ട്രാന്‍സ് ജന്‍ഡര്‍ വ്യക്തികള്‍ക്കായി നിയമസഹായ കേന്ദ്രം ആരംഭിക്കും. ട്രാന്‍സ് ജന്‍ഡറുകളായ 20 പേരെയെങ്കിലും സാക്ഷരതാ മിഷന്‍റെ നേതൃത്വത്തില്‍ ഈ വര്‍ഷം വിവിധ തുല്യതാ കോഴ്സുകളില്‍ രജിസ്റ്റര്‍ ചെയ്യിക്കും. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ 'അരുത് വിവേചനം അരുത് ' എന്ന മുദ്രാവാക്യം ഉയര്‍ത്തി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ മുഖേന ഒരു മാസം നീണ്ടുനില്‍ക്കുന്ന അവബോധന പരിപാടികള്‍ ജനുവരിയില്‍ സംഘടിപ്പിക്കും. 

എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ ജില്ലാ  ജഡ്ജിയും ഡി.എല്‍.എസ്.എ സെക്രട്ടറിയുമായ പി.എം സുരേഷ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സുബൈര്‍ കെ. കെ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ അധികൃതര്‍, ട്രാന്‍സ് ജന്‍ഡര്‍ പ്രതിനിധികളായ സബിത, ചാരു,  അതിഥി, കാവ്യ,  സാന്‍ജോ സ്റ്റീവ് എന്നിവര്‍  പങ്കെടുത്തു.

date