ആലുവ ആരോഗ്യ ഇന്‍ഷൂറന്‍സ് സെന്റര്‍: ഇതരസംസ്ഥാന തൊഴിലാളികളില്‍നിന്ന് മികച്ച പ്രതികരണം
കാക്കനാട്: തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ ആരംഭിച്ച ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് 'ആവാസ്' സെല്ലിന് ആദ്യദിനങ്ങളില്‍ത്തന്നെ മികച്ച പ്രതികരണം. സംസ്ഥാനത്ത് ആദ്യമായാണ് റെയില്‍വേ സ്റ്റേഷനില്‍ 'ആവാസ്' ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ രജിസ്ട്രേഷന്‍ സെന്റര്‍ തുറന്നിരിക്കുന്നത്. ട്രെയിനില്‍ വന്നിറങ്ങുന്ന ഇതരസംസ്ഥാനക്കാര്‍ക്ക് നേരിട്ട് സൗജന്യമായി രജിസ്ട്രേഷന്‍ നടത്താമെന്നതാണ് പ്രത്യേകത. ആദ്യ ദിനത്തില്‍ത്തന്നെ 120 കാര്‍ഡുകളാണ് വിതരണം ചെയ്തത്. തുടര്‍ന്നുള്ള ദിവസങ്ങളിലും പ്രതിദിനം എഴുപതില്‍പരം രജിസ്‌ട്രേഷന്‍ നടന്നു. ജൂണ്‍ 21ന് പ്രവര്‍ത്തനമാരംഭിച്ച സെന്റര്‍ കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
സംസ്ഥാനത്ത് തൊഴില്‍ തേടിയെത്തുന്ന ഇതര സംസ്ഥാനക്കാരായ മുഴുവന്‍ തൊഴിലാളികള്‍ക്കും സൗജന്യ ഇന്‍ഷൂറന്‍സും ആരോഗ്യ പരിരക്ഷയും ലഭ്യമാക്കുകയാണ് ലക്ഷ്യം. 18 നും 60നും ഇടയില്‍ പ്രായമുള്ള തൊഴിലാളികള്‍ക്ക് പദ്ധതിയില്‍ അംഗമാകാം. കാര്‍ഡ് ഉടമകള്‍ക്ക്് 15,000 രൂപയുടെ സൗജന്യ ചികിത്സയും രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷൂറന്‍സും ലഭിക്കും. ബയോമെട്രിക് കാര്‍ഡ് മുഖേന പണരഹിത ആശുപത്രി സേവനമാണ് ലഭിക്കുക. കാര്‍ഡിലെ തുക തീരുന്നതുവരെ എത്ര തവണവേണമെങ്കിലും ചികിത്സ തേടാം.
രാവിലെ ഒമ്പതുമുതല്‍ രാത്രി എട്ടുമണി വരെയാണ് സെല്‍ പ്രവര്‍ത്തിക്കുക. അഞ്ച് ജീവനക്കാരെയാണ് തൊഴില്‍ വകുപ്പ് ഇവിടെ നിയോഗിച്ചിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനില്‍ കാണുന്ന ഇതര സംസ്ഥാന തൊഴിലാളികളെ പദ്ധതിയുടെ ഗുണങ്ങള്‍ ബോധ്യപ്പെടുത്തി സെന്ററില്‍ കൊണ്ടുവരികയാണ് ഇവര്‍ ചെയ്യുന്നത്. വരുംദിവസങ്ങളില്‍ തിരക്ക് കൂടുകയാണെങ്കില്‍ സെന്ററിന്റെ പ്രവര്‍ത്തനം 24 മണിക്കൂറാക്കി ഉയര്‍ത്തും. ഞായറാഴ്ചയും പ്രവൃത്തിദിവസമാണ്.
'ആവാസ്' കാര്‍ഡ് ലഭിക്കുന്നതിനായി ആധാര്‍ കാര്‍ഡോ, മറ്റേതെങ്കിലും അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡോ ഹാജരാക്കണം. തൊഴിലാളിയുടെയും മാതാവിന്റേയും പേരും വിലാസവും രേഖപ്പെടുത്തിയ ശേഷം ആധാറിലേതുപോലെ കണ്ണിന്റെ അടയാളവും വിരലിന്റെ അടയാളവും എടുക്കും. തുടര്‍ന്ന് അഞ്ചു മിനിറ്റിനകം കാര്‍ഡ് നല്‍കും.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ വന്നിറങ്ങുന്ന റെയില്‍വേ സ്റ്റേഷനാണ് ആലുവയിലേത്. അതിനാലാണ് തൊഴില്‍ വകുപ്പ് ആവാസ് രജിസ്ട്രേഷന്‍ സെന്ററിനായി ആലുവ തെരഞ്ഞെടുത്തത്. റെയില്‍വേയുടെ പ്രത്യേക അനുമതിയോടെ നിബന്ധനകളെല്ലാം പാലിച്ചാണ് സെന്ററിന്റെ പ്രവര്‍ത്തനം. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് ജില്ലയില്‍ 'ആവാസ്' പദ്ധതി ആരംഭിച്ചത്. തൊഴിലിടങ്ങള്‍, ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ലാപ്‌ടോപ്പും പ്രിന്ററുമായി നേരിട്ടു ചെന്ന് വിവരശേഖരണം നടത്തുകയായിരുന്നു ഇതുവരെ ചെയ്തിരുന്നത്.
- Log in to post comments