പുത്തന്‍വേലിക്കര വലിയ പഴംപള്ളി തുരുത്ത് പാലം ഗതാഗതത്തിന് തുറന്നു കൊടുത്തു
കൊച്ചി: പുത്തന്‍വേലിക്കര വലിയ പഴം പള്ളിത്തുരുത്ത് പാലം പൊതുമരാമത്തു വകുപ്പു മന്ത്രി ജി.സുധാകരന്‍ ഗതാഗതത്തിനായി തുറന്നു കൊടുത്തു. ചുറ്റുവട്ടവും പുഴകളാല്‍ ഒറ്റപ്പെട്ടു കിടന്ന പുത്തന്‍വേലിക്കരയ്ക്ക് പുത്തനുണര്‍വു നല്‍കുന്നതാണ് ഇരുപത് കോടി രൂപ മുതല്‍ മുടക്കി നിര്‍മിച്ച പാലം. ഇതോടെ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ ഏഴാമത്തെ പാലമാണ് ഗതാഗതത്തിന് തുറന്നുകൊടുക്കുന്നത്.
പാലത്തിന്റെ നിര്‍മ്മാണ ഘട്ടം മുതല്‍ തടസങ്ങള്‍ ഉണ്ടായെങ്കിലും വകുപ്പിന് അധിക ചെലവ് വരുത്താതെയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചതെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. 23 കോടി രൂപയാണ് പാലം നിര്‍മ്മാണത്തിന് അടങ്കല്‍ തുക പ്രഖ്യാപിച്ചത്. 20 കോടി രൂപയ്ക്ക് നിര്‍മാണം പൂര്‍ത്തീകരിച്ചു. ജില്ലയില്‍ ഏഴാമത്തെ പാലമാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. വൈറ്റിലയിലെ ഫ്‌ളൈ ഓവറുകളുടെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നു. നാടിന്റെ വികസന കാര്യത്തില്‍ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് സര്‍ക്കാര്‍ ഇടപെടുന്നതെന്നും മന്ത്രി പറഞ്ഞു.
ബലമുള്ളവന്‍ കാര്യം കാണുന്നു എന്നുള്ള രീതിയിലല്ല സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കു ഫണ്ടു നല്‍കുന്നത്. വികസനത്തിന് സാമൂഹ്യ നീതിയുണ്ട്. ഗ്രാമങ്ങളെ അവഗണിക്കാന്‍ പാടില്ല. എന്നാലേ സമഗ്ര വികസനം ഉണ്ടാകൂ. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പറേഷന്റെ 47 മത്തെ പാലമാണ് പൂര്‍ത്തിയായിരിക്കുന്നത്. ജൂണ്‍-ജൂലൈ മാസങ്ങളില്‍ 48 പാലങ്ങള്‍ കൂടി നിര്‍മ്മാണം തുടങ്ങാനും പൂര്‍ത്തീകരിക്കാനുമുണ്ട്. പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ കടുത്ത അവഗണനയാണ് നമ്മള്‍ കാണിക്കുന്നത്. നാലു മാസം കൂടുമ്പോള്‍ എഞ്ചിനീയര്‍മാര്‍ പാലം പരിശോധിക്കണമെന്ന് മാനുവലില്‍ പറയുന്നു. ഇത് പലപ്പോഴും പാലിക്കപ്പെടാറില്ല. സംസ്ഥാനത്തുള 3000 പാലങ്ങളില്‍ 346 എണ്ണം അടിയന്തിരമായി പുനര്‍നിര്‍മ്മിക്കേണ്ടതാണ്. ബ്രിഡ്ജസ് ആന്റ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ കൂടുതല്‍ വിപുലീകരിച്ച് വലിയ മുന്നേറ്റമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിവേക ചന്ദ്രിക സഭ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന സമ്മേളനത്തില്‍ വി.ഡി.സതീശന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എസ്. ശര്‍മ്മ എം.എല്‍.എ, കെ.വി. തോമസ് എം.പി, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സെബാസ്റ്റ്യന്‍, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, പുത്തന്‍വേലിക്കര പഞ്ചായത്ത് പ്രസിഡന്റ് പി.വി.ലാജു, പി.എസ്. ഷൈല എന്നിവര്‍ പങ്കെടുത്തു.
- Log in to post comments