Skip to main content
പുത്തന്‍വേലിക്കര പാലം

പുത്തൻവേലിക്കരയ്ക്ക് പുതുജീവനേകി സ്റ്റേഷൻ കടവ് പാലം

കൊച്ചി: ജില്ലയുടെ വടക്കേയറ്റത്തെ പഞ്ചായത്തായ പുത്തൻവേലിക്കരയ്ക്ക് പുതുജീവൻ നൽകുന്നതാണ് സ്റ്റേഷൻ കടവ് - വലിയ പഴം പള്ളി തുരുത്ത്പാലം. പ്രദേശവാസികളുടെ കഴിഞ്ഞ എട്ടുവർഷത്തെ കാത്തിരിപ്പിന്റെയും പരിശ്രമത്തിന്റെയും വിജയം കൂടിയാണിത്. പുത്തൻവേലിക്കരയിൽ നിന്നും ജില്ലാ ആസ്ഥാനമായ എറണാകുളത്തേക്കും താലൂക്ക് ആസ്ഥാനമായ പറവൂരിനും ഇനി ചുറ്റിക്കറങ്ങാതെ എളുപ്പത്തിൽ എത്തിപ്പെടാം. പാലം വരുന്നതിനുമുമ്പ് മാഞ്ഞാലി വഴി ചുറ്റിക്കറങ്ങിയായിരുന്നു പറവൂരെത്തിയിരുന്നത്. ഇതിന് ഒരു മണിക്കൂറിനടുത്ത് സമയം വേണം.ബസ് ചാർജാണെങ്കിൽ 20 രൂപയും. പാലത്തിലൂടെ കടന്നാൽ ചേന്ദമംഗലം വഴി പത്തു മിനിറ്റുകൊണ്ട് പറവൂരെത്താം. ബസ് ചാർജ് 10 രുപയും മതി. വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കുമാണ് പാലം കൂടുതൽ ഗുണം ചെയ്യുന്നത്. മാനാഞ്ചേരിക്കുന്നിലെ പ്രസന്റേഷൻ കോളജിലേയും ചേന്ദമംഗലത്തെ ഹയർ സെക്കന്ററി സ്കൂളിന്റെയും സേവനം ഇനി പുത്തൻവേലിക്കരയിലെ കുട്ടികൾക്കും പ്രയോജനപ്പെടുത്താം .സ്റ്റേഷൻകടവിലെ വിവേക ചന്ദ്രിക സഭ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് പറവൂരിൽ നിന്നും ചേന്ദമംഗലത്തു നിന്നും വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ എത്താൻ സാധിക്കും. പറവൂരിൽ നിന്നും ചാലക്കുടിയിലേക്കും മാളയിലേക്കും ഹൈവേയിൽ കയറാതെ എളുപ്പത്തിൽ എത്താനും സാധിക്കും. അങ്കമാലിയും ആലുവയും ഒഴിവാക്കി യാത്ര ചെയ്യാം. ഇത് ഹൈവേയിലെ ഗതാഗത തടസത്തിന് ചെറിയൊരു അളവിൽ പരിഹാരവുമാകും. പറവൂരിൽ നിന്നും 2 മണിക്കൂർ കൊണ്ടാണ് ജനങ്ങൾ ചാലക്കുടിയിലെത്തിയിരുന്നത്. സ്റ്റേഷൻകടവ് പാലത്തിലൂടെയാണെങ്കിൽ ഒരു മണിക്കൂർ കൊണ്ട് സ്ഥലത്തെത്താം.

 

2010ലാണ് പാലത്തിന്റെ നിർമ്മാണത്തിനു തുടക്കം കുറിച്ചത്. സാമ്പത്തിക പരാധീനതകൾ മൂലം ഇടയ്ക്കു വച്ച് കരാറുകാരൻ നിർത്തിപ്പോയി. പിന്നീട് റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷന്റെ നേതൃത്വത്തിൽ 2016 ൽ പണികൾ പുനരാരംഭിക്കുകയായിരുന്നു.

പുത്തൻ വേലിക്കരയുടെ ഭൂമി ശാസ്ത്രപരമായും സാമ്പത്തികമായും സാമൂഹികവുമായും നിലനിന്നിരുന്ന പിന്നോക്കാവസ്ഥ പുതിയ പാലത്തിനു മാറ്റിയെടുക്കാൻ കഴിയുമെന്ന് പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡന്റ് പി.പി.ലാജു പറഞ്ഞു. 

date