Skip to main content

ഭൂരേഖാ ക്രോഡീകരണം: കേന്ദ്ര സംഘം കേരളത്തില്‍

സംസ്ഥാനത്തെ ഭൂരേഖാ നവീകരണ ജോലികള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ആധുനികവത്കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുമായി കേന്ദ്ര സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘം കേരളത്തിലെത്തി. ഇന്ന് (ജൂണ്‍ 26) രാവിലെ 11 മുതല്‍ സംഘം തൈക്കാട് ഗസ്റ്റ് ഹൗസില്‍ സംസ്ഥാനത്തെ ബന്ധപ്പെട്ട വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.
    കേന്ദ്ര ഭൂവിഭവ വകുപ്പിലെ സ്‌പെഷ്യല്‍ സെക്രട്ടറി വീണ ഐഷ്, ജോയിന്റ് സെക്രട്ടറി ഹുകൂം സിംഗ് മീണ, സാമ്പത്തിക ഉപദേഷ്ടാവ് സുധാ കേസരി, ഡെപ്യൂട്ടി സെക്രട്ടറി പി.സി. പ്രസാദ്, കേന്ദ്ര ഗ്രാമ വികസന വകുപ്പിലെ അണ്ടര്‍ സെക്രട്ടറി എം. രാമകൃഷ്ണ, കേന്ദ്ര പട്ടികവര്‍ഗകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി വിനോദ് കുമാര്‍ തിവാരി, പഞ്ചായത്ത് രാജ് മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി ബാലപ്രസാദ്, ആന്ധ്രാപ്രദേശ് സര്‍വേ ഭൂരേഖാ വകുപ്പ് ഡയറക്ടര്‍ എന്‍. പ്രഭാകര റെഢി, തെലുങ്കാന ഭൂരേഖാ വകുപ്പ് സ്‌പെഷ്യല്‍ ചീഫ് സെക്രട്ടറി രാജേശ്വര്‍ തിവാരി, ഏകതാപരിഷദ് പ്രസിഡന്റ് പി.വി. രാജഗോപാല്‍, ഏകതാ പരിഷദ് ദേശീയ കോ ഓഡിനേറ്റര്‍ രമേഷ് ശര്‍മ്മ, മധ്യപ്രദേശ് മുന്‍ ചീഫ് സെക്രട്ടറി ശരത് ചന്ദ്, ബെഹാര്‍ നല്‍സാര്‍ യൂണിവേഴ്‌സിറ്റി നിയമ ഉപദേശകന്‍ അഡ്വ. എം.സുനില്‍ കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് കേരളത്തിലെ ഭൂരേഖാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത്.  ഡിജിറ്റല്‍ ഇന്ത്യ ലാന്റ് റിക്കോഡ്‌സ് മോഡണൈസിംഗ് പ്രോഗ്രാമിന്റെ ഭാഗമായാണ് അവലോകനം.
    സംസ്ഥാനത്തു നിന്ന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, ലാന്റ് റവന്യൂ കമ്മീഷണര്‍ എ.ടി. ജയിംസ്, റവന്യൂ ജോയിന്റ് കമ്മീഷണര്‍ എന്‍.പത്മകുമാര്‍, രജിസ്‌ട്രേഷന്‍ ഐ.ജി.കെ. എന്‍.സതീഷ്, ലാന്റ് ബോഡ് സെക്രട്ടറി സി.എ. ലത, ഭൂരേഖാ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥ മേധാവികള്‍ പങ്കെടുക്കും.
    ഗസ്റ്റ് ഹൗസില്‍ രാവിലെ 11 മുതല്‍ രണ്ടര മണിക്കൂര്‍ നീളുന്ന രണ്ടു സെഷനുകളാണ് സംഘടിപ്പിച്ചിട്ടുളളത്.
പി.എന്‍.എക്‌സ്.2588/18

date