Skip to main content

കാഷ്യറില്ലാ കട 150-ാം ദിവസത്തിലേക്ക്

 

എറണാകുളം: കൂനമ്മാവ് സെൻ്റ് ജോസഫ് ബോയ്സ് ഹോസ്റ്റലിലെ കാഷ്യറില്ലാ കട 150 ദിവസം പിന്നിട്ടു. 150-ാം ദിവസത്തെ വിപണനോദ്ഘാടനം എറണാകുളം ജില്ലാ പഞ്ചായത്തംഗം അഡ്വ. യേശുദാസ് പറപ്പിള്ളി നിർവ്വഹിച്ചു. 

വിദ്യാർത്ഥികൾ കൃഷി ചെയ്യുന്ന ജൈവ പച്ചക്കറികൾ വിപണനം നടത്തുന്നതിനായാണ് ഇത്തരത്തിൽ ഒരു സംരംഭം ആരംഭിച്ചത്. കടയിൽ വച്ചിരിക്കുന്ന പെട്ടിയിൽ ഇഷ്ടമുള്ള പണം നിക്ഷേപിച്ച് ആളുകൾക്ക്  ആവശ്യമുള്ള പച്ചക്കറികൾ എടുക്കാവുന്നതാണ്. വിലവിവര പട്ടികയാേ പണം വാങ്ങാൻ ആളോ കടയിൽ ഉണ്ടാകില്ല. പണമില്ലെങ്കിലും ആരും ചോദിക്കുകയുമില്ല.

നിത്യോപയോഗ സാധനങ്ങൾ വാങ്ങുവാൻ പ്രയാസമനുഭവിക്കുന്നവർക്ക് കൈത്താങ്ങ് എന്ന ലക്ഷ്യത്തോടെയാണ് കാഷ്യറില്ലാ കടയെന്ന ആശയത്തിന് തുടക്കം കുറിച്ചത്. കൂനമ്മാവ് സെൻ്റ് ഫിലോമിനാസ് ചർച്ച് അങ്കണത്തിലെ നാല് ഏക്കർ സ്ഥലത്താണ് ബോയ്സ് ഹോസ്റ്റലിലെ കുട്ടികൾ കൃഷി ചെയ്യുന്നത്. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ മേൽനോട്ടത്തിലാണ് കാർഷിക പ്രവർത്തനങ്ങൾ നടക്കുന്നത്.

കൃഷി വകുപ്പ് വിവിധ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന പദ്ധതി അധിഷ്ഠിത പച്ചക്കറി കൃഷിയും ഇവിടെ അനുവദിച്ചിട്ടുണ്ട്. സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി പ്രകൃതി വളക്കൂട്ടുകൾ നിർമ്മിച്ച് വിപണനം നടത്തുന്ന തളിർ ഫാർമേഴ്സ് ഇൻ്ററസ്റ്റിംഗ് ഗ്രൂപ്പ്, കൂനമ്മാവ് സെൻ്റ് ജോസഫ് ബോയ്സ് ഹോസ്റ്റൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. കൈതാരത്ത് 10 ഏക്കർ സ്ഥലത്ത് പൊക്കാളി നെൽകൃഷിയും 75 സെൻ്റ് സ്ഥലത്ത് കരനെൽ കൃഷിയും ഒന്നര ഏക്കർ സ്ഥലത്ത് ശീതകാല പച്ചക്കറി കൃഷിയും വിദ്യാർത്ഥികൾ ചെയ്തു വരുന്നു.

കോട്ടുവള്ളി കൃഷി ഓഫീസർ കെ.സി റൈഹാന, ബോയ്സ് ഹോം ഡയറക്ടർ ഫാദർ സംഗീത് ജോസഫ്, കൃഷി അസിസ്റ്റൻ്റ് എസ്.കെ ഷിനു, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

date