Skip to main content

എറണാകുളം അറിയിപ്പുകള്‍

സ്‌കോള്‍ കേരള വൊക്കേഷണല്‍ ഹയര്‍സെക്കന്ററി അഡീഷണല്‍ മാത്തമാറ്റിക്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി: വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കോള്‍ കേരള നടത്തുന്ന അഡീഷണല്‍ മാത്തമാറ്റിക്‌സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2021-23 ബാച്ചില്‍  സംസ്ഥാനത്തെ ഏതെങ്കിലും ഒരു റഗുലര്‍ വൊക്കേഷണല്‍ ഹയര്‍സെക്കനററി സ്‌കൂളില്‍ ഒന്നാം വര്‍ഷം ബി ഗ്രൂപ്പില്‍ പ്രവേശനം നേടിവരായിരിക്കണം.
www.scolekerala.org വെബ്‌സൈറ്റ് മുഖേന ഡിസംബര്‍ 16 മുതല്‍ ഓണ്‍ലൈനായും (ഇന്റര്‍നെറ്റ് ബാങ്കിംഗ്/ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡ് മുഖേന) ഓഫ്‌ലൈനായും (പോസ്റ്റ് ഓഫീസ് മുഖേന) അടയ്ക്കാന്‍ സൗകര്യമുണ്ട്. ഫീസ് വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമുളള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും സ്‌കോള്‍-കേരളയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുളള പ്രോസ്‌പെക്ടസ് കാണുക.
 പിഴ കൂടാതെ 2022 ജനുവരി 12 വരെയും 60 രൂപ പിഴയോടെ ജനുവരി 19 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു ശേഷം ഡൗണ്‍ലോഡ് ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും, അനുബന്ധരേഖകളും രണ്ട് ദിവസത്തിനകം അതത് സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപ്പെടുത്തലോടുകൂടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍-കേരള, വിദ്യാഭവന്‍, പൂജപ്പുര.പി.ഒ, തിരുവനന്തപുരം-12 വിലാസത്തില്‍ തപാല്‍ മാര്‍ഗം അയച്ചു നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2377537.

വിമുക്തി മിഷന്‍ ബോധവത്കരണം 19-ന് മൂത്തേടം കോളനിയില്‍

കൊച്ചി: മരട് നഗരസഭാ പരിധിയിലും സമീപപ്രദേശങ്ങളിലും ലഹരിമാഫിയയുടെ പ്രവര്‍ത്തനങ്ങളും അക്രമ സംഭവങ്ങളും വര്‍ദ്ധിച്ചു വരുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിവിധ സര്‍ക്കാര്‍ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ലഹരി മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിമുക്തി മിഷന്‍ ബോധവത്കരണം നടത്തുന്നു. ഇതിന്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പിന്റെ സഹകരണത്തോടെ ഡിസംബര്‍ 19-ന് രാവിലെ ഒമ്പതിന് നഗരസഭ 23-ാം വാര്‍ഡിലെ മൂത്തേടം കോളനിയില്‍ ഭവനസന്ദര്‍ശനവും നെട്ടൂര്‍ പ്രിയദര്‍ശിനി ഹാളില്‍ ജനകീയ മുഖാമുഖവും എം.എല്‍.എ കെ.ബാബുവിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് പരിപാടികള്‍ സംഘടിപ്പിക്കുന്നു.

കാര്‍ഷിക നവോത്ഥാനത്തിന് നെല്ലും മീനും

കൊച്ചി : വൈപ്പിന്‍ മേഖലയിലെ പ്രധാന കൃഷിയായ പൊക്കാളി നെല്‍ക്കൃഷിയിലും മത്സ്യക്കൃഷിയിലും കാലോചിതവും സാങ്കേതികവും പ്രകൃതിവ്യതിയാനങ്ങള്‍ ക്കനുസൃതവുമായ മാറ്റങ്ങള്‍ വരുത്തി, വൈപ്പിനിലെ കാര്‍ഷിക മേഖലയെ നവീകരിക്കുന്നതിനായി നടപ്പിലാക്കുന്ന വൈപ്പിന്‍ കാര്‍ഷിക നവോത്ഥാന പദ്ധതിക്ക് ഇന്ന് (17.12.2021) തുടക്കം കുറിക്കുന്നു. എടവനക്കാട് ഐലന്റ് കോട്ടേജില്‍ സംഘടിപ്പിക്കുന്ന കാര്‍ഷിക നവോത്ഥാന സെമിനാറിലൂടെ പദ്ധതിക്ക് തുടക്കം കുറിക്കും. സെമിനാറിന്റെ ഉദ്ഘാടനം വൈപ്പിന്‍ എം.എല്‍.എ കെ.എന്‍.ഉണ്ണിക്കൃഷ്ണന്‍ നിര്‍വ്വഹിക്കും. ഫിഷറീസ് കോളേജ് മുന്‍ ഡീന്‍ ഡോ.കെ.എസ്.പുരുഷന്‍ മുഖ്യാതിഥിയായിരിക്കും. കര്‍ഷകരും മത്സ്യത്തൊഴിലാളികളും, ജനപ്രതിനിധികളും, സാങ്കേതിക വിദഗ്ദ്ധരും സെമിനാറിന്റെ ഭാഗമാകും.
പൊക്കാളി പാടത്തെ നെല്‍്ക്കൃഷിയെയും മത്സ്യക്കൃഷിയെയും സ്വയം പര്യാപ്തമാക്കാന്‍ ആവിഷ്‌കരിക്കുന്ന പദ്ധതി, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നെല്‍കര്‍ഷകര്‍ക്കും മത്സ്യക്കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളിക്കള്‍ക്കും ഗുണകരമാകുന്ന തരത്തില്‍ വൈപ്പിനിലെ കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിടുന്നു.

date