Skip to main content

ലഹരിവിരുദ്ധ സന്ദേശമുള്‍ക്കൊണ്ട് മുന്നോട്ടുപോകാന്‍  വിദ്യാര്‍ഥികള്‍ക്കാകണം -മുഖ്യമന്ത്രി പിണറായി വിജയന്‍

 

* അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

ലഹരിവിരുദ്ധ സന്ദേശമുള്‍ക്കൊണ്ട് മുന്നോട്ടുപോകാന്‍ വിദ്യാര്‍ഥികള്‍ക്കാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരിവിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഒരു കാരണവശാലും ലഹരിക്കടിമപ്പെടില്ലെന്നും ലഹരിക്കെതിരെ ശക്തമായ നിലപാടെടുക്കുമെന്നും ദൃഢപ്രതിജ്ഞ ചെയ്തു നീങ്ങണം. 'വിമുക്തി' കാമ്പയിന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവത്കരണത്തില്‍ വിദ്യാര്‍ഥികള്‍ ഭാഗമാകണം. അങ്ങനെ വന്നാല്‍ നമുക്ക് നമ്മളെയും നാടിനെയും രക്ഷിക്കാനാകും. നാട് പുരോഗമിക്കുമ്പോള്‍ നാടിന്റെ ത്രസിക്കുന്ന യുവതയെ നിര്‍വീര്യമാക്കാനാണ് ലഹരി, മയക്കുമരുന്ന് മാഫിയകള്‍ ശ്രമിക്കുന്നത്. വിദ്യാലയങ്ങളെയും വിദ്യാര്‍ഥികളെയുമാണ് അവര്‍ ലക്ഷ്യമിടുന്നത്. ഇതിനെതിരെ വിദ്യാര്‍ഥികളില്‍ ശക്തമായ പ്രതിരോധം ഉയര്‍ന്നുവരുന്നുണ്ട് എന്നത് നല്ല കാര്യമാണ്. എന്‍.സി.സി, എന്‍.എസ്.എസ്, എസ്.പി.സി തുടങ്ങിയവയുടെ സഹായത്തോടെ ലഹരിക്കെതിരെ സ്‌കൂളുകളില്‍ നല്ല കൂട്ടായ്മ ഉയരുന്നുണ്ട്. 

'ലിസണ്‍ ഫസ്റ്റ്' അഥവാ ആദ്യം കേള്‍ക്കുക എന്നതാണ് ഇന്നത്തെ ദിനാചരണത്തിന്റെ സന്ദേശം. നമ്മുടെ കുട്ടികളും യുവജനങ്ങളും പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കാനും ശ്രദ്ധിക്കാനും നമ്മള്‍ തയാറായാല്‍ പലകാര്യത്തിലും അവരെ ശരിയായ വഴി സ്വീകരിക്കാന്‍ അവരെ സഹായിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ലഹരിവിരുദ്ധ ബോധവത്കരണത്തിനുള്ള സംസ്ഥാനതല അവാര്‍ഡുകളും മുഖ്യമന്ത്രി വിതരണം ചെയ്തു.മയക്കുമരുന്നും, ലഹരിയും ഉള്‍പ്പെടെയുള്ള പ്രലോഭനങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി മനസിനുണ്ടാകണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.

ലഹരിക്കെതിരെയുള്ള ഓപ്പണ്‍ ക്യാന്‍വാസിന്റെ ഉദ്ഘാടനം ചിത്രം വരച്ച് തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. കെ. മുരളീധരന്‍ എം.എല്‍.എ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, അഡീ. എക്‌സൈസ് കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) എ. വിജയന്‍, കൗണ്‍സിലര്‍ പാളയം രാജന്‍, എന്‍.എസ്.എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജേക്കബ് ജോണ്‍ എന്നിവര്‍ സംബന്ധിച്ചു. അഡീ. ചീഫ് സെക്രട്ടറി ടോം ജോസ് സ്വാഗതവും ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ (ബോധവത്കരണ വിഭാഗം) വി. അജിത്‌ലാല്‍ നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയര്‍മാരുടെ റാലിയും സംഘടിപ്പിച്ചു.

മികച്ച ലഹരി വിരുദ്ധ സംഘടനയ്ക്കുള്ള പുരസ്‌കാരം പുനലാല്‍ ഡെയില്‍വ്യൂവും, ലഹരിവിരുദ്ധ പ്രവര്‍ത്തനുള്ള പുരസ്‌കാരം ഡോ. കെ. വേണുഗോപാലും ഏറ്റുവാങ്ങി. വയലാ ഗവ: എച്ച്.എസ്.എസ് ക്ലബ് (മികച്ച സ്‌കൂള്‍ ക്ലബ്), അതുല്‍ ഒ.ടി (കൂത്തുപറമ്പ് എച്ച്.എസ്.എസ് -മികച്ച സ്‌കൂള്‍ ക്ലബ് അംഗം), വിമലാ കോളേജ് ക്ലബ് (മികച്ച കോളേജ് ക്ലബ്), സിദ്ധാര്‍ഥ് എ.എസ് കുമാര്‍ (എം.ഇ.എസ് കോളേജ് -മികച്ച കോളേജ് ക്ലബ് അംഗം) എന്നിവരും അവാര്‍ഡുകള്‍ മുഖ്യമന്ത്രിയില്‍ നിന്ന് സ്വീകരിച്ചു. 

പി.എന്‍.എക്‌സ്.2605/18

date