തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയിൽ നൽകിയത് 29,89,105 തൊഴിൽ ദിനങ്ങൾ
എറണാകുളം: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജില്ലയിൽ 77,333 കുടുംബങ്ങൾക്ക് 29,89,105 തൊഴിൽ ദിനങ്ങൾ നൽകി. 2021-22 സാമ്പത്തിക വർഷത്തിൽ നവംബർ 30 വരെയാണ് ഇത്രയും തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയത്. നവംബർ മാസത്തെ ലേബർ ബഡ്ജറ്റിന് ആനുപാതികമായി 105.25 ശതമാനം നേട്ടം ജില്ല കൈവരിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകന യോഗത്തിലാണ് പദ്ധതിയുടെ പ്രവർത്തന പുരോഗതി വിശദീകരിച്ചത്.
പട്ടികജാതി കുടുംബങ്ങൾക്ക് 6,10,574 തൊഴിൽ ദിനങ്ങളും പട്ടിക വർഗ്ഗ കുടുംബങ്ങൾക്ക് 60,256 തൊഴിൽ ദിനങ്ങളും നൽകി. 90.84 ശതമാനം ദിനങ്ങളും വനിതകൾക്കാണ് നൽകിയത്.
പദ്ധതിയിൽ ഉൾപ്പെടുത്തി സാമ്പത്തിക വർഷത്തിൽ 123 ഫാം പോണ്ടുകൾ, 527 തൊഴുത്തുകൾ, 592 ആട്ടിൻ കൂട്, 741 കോഴിക്കൂട്, 16.24 ഹെക്ടർ സ്ഥലത്ത് തീറ്റപ്പുൽ കൃഷി, 167 അസോള ടാങ്കുകൾ, എന്നിവ ഏറ്റെടുത്ത് നടപ്പിലാക്കി. സ്വാശ്രയ സംഘങ്ങൾക്കായി 9 വർക്ക് ഷെഡുകളും നിർമ്മിച്ചു നൽകി.
പ്രധാന മന്ത്രി കൃഷി സീഞ്ചായി യോജന പ്രകാരം വൈപ്പിൻ, മുളന്തുരുത്തി പദ്ധതികളും പൂർത്തിയാക്കി. പാറക്കടവ്, പാമ്പാക്കുട പദ്ധതികൾ 2022 മാർച്ച് 31 നകം പൂർത്തീകരിക്കും.
പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം ഒന്നും രണ്ടും ഘട്ടത്തിൽ എറണാകുളം ജില്ലയിലേക്ക് അനുവദിച്ച റോഡുകളുടെ നിർമ്മാണ പ്രവൃത്തികളെല്ലാം പൂർത്തീകരിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ യോഗത്തിൽ അറിയിച്ചു. മൂന്നാം ഘട്ടമായി അനുവദിച്ച രണ്ട് റോഡുകളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്.
കാക്കനാട് പ്രിയദർശിനി ഹാളിൽ നടന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ല വികസന കോഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) അവലോകന യോഗത്തിൽ ചെയർമാൻ ഹൈബി ഈഡൻ എം.പി, എം എൽ എ മാരായ ടി.ജെ. വിനോദ്, പി.വി.ശ്രീനിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ദിശ മെമ്പർ സെക്രട്ടറി കൂടിയായ കളക്ടർ ജാഫർ മാലിക്, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.
- Log in to post comments