ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണം-ശില്‍പ്പശാല
ബാലസൗഹൃദ കേരളം യാഥാര്‍ഥ്യമാക്കുന്നതിന് കൂട്ടായ പരിശ്രമം അനിവാര്യം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ബാലസൗഹൃദ കേരളം മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണം ശില്‍പ്പശാലയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വഹിച്ചു. ബാലസൗഹൃദ കേരളം യാഥാര്‍ഥ്യമാക്കുന്നതിന് കൂട്ടായി ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ എല്ലാ സഹകരണവും ഉറപ്പുനല്‍കുന്നു. കുട്ടികളുടെ സമഗ്ര വികസനത്തിന് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളുടെ ആരോഗ്യം, പോഷണം, വിദ്യാഭ്യാസം, സംരക്ഷണം, പങ്കാളിത്തം എന്നിവ ഉറപ്പാക്കി അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്‌പോകുമെന്നും അദ്ദേഹം പറഞ്ഞു.
ബാലസൗഹൃദ കേരളം യാഥാര്‍ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണവും ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന പ്രചാര പദ്ധതിയാണ് ബാലസൗഹൃദ കേരളം. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ജില്ലാതലത്തില്‍ തിരഞ്ഞെടുത്ത ഓരോ പഞ്ചായത്തിലും ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണത്തിനായി ശില്‍പ്പശാലകള്‍ സംഘടിപ്പിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ കേരളത്തിലെ 14 ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒന്‍പത് പരിശീലകരെ ഉള്‍പ്പെടുത്തി ദ്വിദിന പരിശീലന ക്യാമ്പും സംഘടിപ്പിച്ചു. മൂന്നാം ഘട്ടത്തില്‍ ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും പഞ്ചായത്ത് തലത്തിലും ബാലസംരക്ഷണ സമിതികള്‍ ശാക്തീകരിക്കുകയും എല്ലാ പഞ്ചായത്തുകളിലും ബാലസൗഹൃദ കേരളം പദ്ധതി വിജയകമായി നടപ്പാക്കുന്നതിനുള്ള കര്‍മ്മപദ്ധതികളുടെ ശാക്തീകരണ പ്രവര്‍ത്തനങ്ങളുമാണ് ലക്ഷ്യമിടുന്നത്. സ്‌കൂളുകളിലെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കി വിദ്യാഭ്യാസ അവകാശത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക, ലൈംഗികാതിക്രമങ്ങളില്‍ നിന്നും പീഡനങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുക, മദ്യം, മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്ന് കുട്ടികളെ മോചിപ്പിക്കുക, ബാലവേല, ഭിക്ഷാടനം, ശൈശവ വിവാഹം എന്നിവ തടയുക, കുട്ടികളുടെ ആത്മഹത്യ തടയുക, ലിംഗസമത്വം ഉറപ്പാക്കുക, ശാസ്ത്രീയാവബോധം വളര്‍ത്തുക തുടങ്ങിയവ കര്‍മ്മ പരിപാടിയിലെ തുടര്‍ പ്രവര്‍ത്തനങ്ങളാണ്.
കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കാനും സമൂഹവുമായി ഇടപഴകാനുമുള്ള അവസരമൊരുക്കണമെന്ന് മുഖ്യപ്രഭാഷണത്തില്‍ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ് പറഞ്ഞു.
ബാലസൗഹൃദ കേരളം -സമൂഹത്തിന്റെ ഉത്തരവാദിത്തം എന്ന വിഷയത്തില്‍ ഡോ. എം.പി. ആന്റണി ക്ലാസെടുത്തു. നിയപരിരക്ഷയും കുട്ടികളും എന്ന വിഷയത്തില്‍ അഡ്വ. വിജുവും ക്ലാസെടുത്തു. ബാലസംരക്ഷണ സമിതികളുടെ പ്രവര്‍ത്തന അവലോകനം ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ഡോ. പ്രേംന മനോജ് ശങ്കര്‍ നിര്‍വഹിച്ചു. ബാലസൗഹൃദ പദ്ധതികളുടെ ആസൂത്രണം സംബന്ധിച്ച് അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ ജ്യോതിമോള്‍ ടി. സംസാരിച്ചു.
എറണാകുളം ടിഡിഎം ഹാളില്‍ നടന്ന പരിപാടിയില്‍ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ് അധ്യക്ഷത വഹിച്ചു. ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം നസീര്‍ ചാലിയം, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിറ്റി കെ ജോസഫ്, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം സി.കെ. രാഘവനുണ്ണി, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ സിനി കെ.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments