Skip to main content

ലഹരി നിര്‍മാര്‍ജനത്തിന് കൂട്ടായ പരിശ്രമം ആവശ്യം

ലഹരി നിര്‍മാര്‍ജനത്തിനായി സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുടേയും കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് പി ഉബൈദുള്ള എംഎല്‍എ. മലപ്പുറം നഗരസഭാ ടൗണ്‍ഹാളില്‍ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവാക്കളെ വഴിതെറ്റിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ സമൂഹം ഒന്നടങ്കം ഉണരണം. ലഹരിയിലേക്ക് വഴി തെറ്റുന്ന സാഹചര്യങ്ങള്‍ മനസ്സിലാക്കി രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്സന്‍ സിഎച്ച് ജമീല അധ്യക്ഷത വഹിച്ചു.

മലപ്പുറം നഗരസഭ, എക്സൈസ് - പോലീസ് വകുപ്പ്, ആരോഗ്യവകുപ്പ്, സാമൂഹിക നീതി വകുപ്പ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി എന്‍എസ്എസ് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ത്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ കെ കൃഷ്ണമൂര്‍ത്തി, എന്‍എസ്എസ് കോഡിനേറ്റര്‍ എംപി സമീറ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷനര്‍ മുഹമ്മദ് റഷീദ്, വിമുക്തി കോഡിനേറ്റര്‍ ബി ഹരികുമാര്‍, മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ലഹരി വിരുദ്ധ സന്ദേശമുയര്‍ത്തി മലപ്പുറം നഗരത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. വിവിധ കോളേജുകളിലെ എന്‍എസ്എസ് യൂനിറ്റും ലഹരി വിരുദ്ധ പ്രവര്‍ത്തകരും രക്ഷിതാക്കളും ഉദ്യോഗസ്ഥരും മനുഷ്യ ചങ്ങലയില്‍ കണ്ണികളായി. ലഹരി ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ചും നിയമത്തെ കുറിച്ചും വിവിധ സെഷനുകളിലായി ക്ലാസും നടത്തി.

 

date