Skip to main content

ഇ-ശ്രം രജിസ്‌ട്രേഷന്‍:  കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുന്ന  തദ്ദേശ സ്ഥാപനങ്ങളെ ആദരിക്കും

 

ജില്ലയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 3,36,305 തൊഴിലാളികള്‍ 

    ഇ-ശ്രം പോര്‍ട്ടലിലേക്കുള്ള രജിസ്‌ട്രേഷനില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ആദ്യ 10 തദ്ദേശസ്ഥാപനങ്ങളെ ജില്ലാതലത്തില്‍ ആദരിക്കുമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. കളക്ടറേറ്റില്‍ ചേര്‍ന്ന ഇ-ശ്രം അവലോകന യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം  അറിയിച്ചത്. തദ്ദേശ സ്ഥാപന തലത്തില്‍ രജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണ്. ഡിസംബര്‍ 31 നുള്ളില്‍ രജിസ്‌ട്രേഷന്‍ 50 ശതമാനം പൂര്‍ത്തീകരിക്കുകയാണു ലക്ഷ്യമെന്നും കളക്ടര്‍ പറഞ്ഞു. 

    ജില്ലയില്‍ ഇതുവരെ 336305 അസംഘടിത തൊഴിലാളികളാണു രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആകെ രജിസ്‌ട്രേഷന്റെ 34 ശതമാനമാണ് പൂര്‍ത്തിയായത്. ജില്ലയിലെ അര്‍ഹരായ ആശ പ്രവര്‍ത്തകരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. 

    ദേശീയ തലത്തില്‍ അസംഘടിത തൊഴിലാളിയുടെ ഡാറ്റാബേസ് തയാറാക്കുന്നതിനും ഇതിലൂടെ ഭാവിയില്‍ വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നതിനും തൊഴില്‍ കാര്‍ഡ് നല്‍കുന്നതിനുമായാണ് ഇ-ശ്രം രജിസ്‌ടേഷന്‍ നടത്തുന്നത്.  
    
     ഇ-ശ്രം പദ്ധതിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രകാശനം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് കെ.ജെ ജോയിക്ക് നല്‍കി ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് നിര്‍വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യൂവല്‍, ജില്ലാ ലേബര്‍ ഓഫീസര്‍ പി.എം ഫിറോസ് എന്നിവരും വിവിധ ട്രേഡ് യൂണിയന്‍ പ്രതിനിധികളും ഇ-ശ്രം ഇപ്ലിമെന്റേഷന്‍ കമ്മറ്റി അംഗങ്ങളും പങ്കെടുത്തു.
 

date