Skip to main content

നാട്ടുകാരുടെ ചിരകാല സ്വപ്‌നത്തിന് സാഫല്യം; പള്ളിപ്പുറത്ത് 1.685  കോടി ചെലവിൽ അഞ്ചു റോഡുകളുടെ നിർമ്മാണത്തിന് തുടക്കം

 

വൈപ്പിൻ: നാട്ടുകാരുടെ ചിരകാല ആഗ്രഹം സഫലമാക്കി പള്ളിപ്പുറം പഞ്ചായത്തിൽ മൊത്തം ഒരുകോടി അറുപത്തിയെട്ടര ലക്ഷം രൂപ ചെലവിൽ അഞ്ചുറോഡുകളുടെ നിർമ്മാണത്തിന് തുടക്കം. വിവിധ വാർഡുകളിലായി റോഡുകളുടെ നിർമ്മാണോദ്ഘാടനം കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ നിർവ്വഹിച്ചു. 

ആറാം വാർഡിലെ പികെഎം മാരായി ഈസ്റ്റ് റോഡ് കൽവെർട്ട് ഉൾപ്പെടെ സുസജ്ജമായി നിർമ്മിക്കുന്നത് 51 ലക്ഷം രൂപ ചെലവിലാണ്. 300 മീറ്ററാണ് ദൈർഘ്യം. 680 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന പതിനേഴാം വാർഡിലെ കരുത്തല - മാടലാടി റോഡിനു 35.70 ലക്ഷം രൂപയാണ് ചെലവ്. പതിനാറാം വാർഡ് സ്റ്റാർലൈൻ വെസ്റ്റ് റോഡ് കാനയോടെ സജ്ജമാക്കുന്നത് 51.60 ലക്ഷം രൂപ ചെലവിട്ടാണ്. റോഡിന്റെ ദൈർഘ്യം 800 മീറ്റർ.

സ്വപ്‌ന തിയേറ്റർ - മഞ്ഞുമാതാ പള്ളി നോർത്ത് റോഡ് 400 മീറ്റർ നീളത്തിൽ മെറ്റലിംഗും ടാറിംഗും 11.30ലക്ഷം രൂപ ചെലവിൽ നടത്തും. എട്ടാം വാർഡിലെ തൃക്കടക്കാപ്പള്ളി റോഡ് 18.90 ലക്ഷം രൂപ ചെലവിൽ കാനയോടെ നിർമ്മിക്കും. 220 മീറ്ററാണ് റോഡിന്റെ നീളം. 

നിർമ്മാണോദ്ഘാടന ചടങ്ങുകളിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ കെ എഫ് വിൽസൻ, പോൾസൺ മാളിയേക്കൽ, അലക്‌സാണ്ടർ റാൽസൺ, നിഷ അനിൽ, എ ജി വിദ്യ, എ ടി സൂരജ്, അസിസ്റ്റന്റ് എൻജിനീയർ ആൽവിൻ, സി കെ ബാബു എന്നിവർ പ്രസംഗിച്ചു. 

date