എറണാകുളം ജില്ലയിലെ ബാങ്കുകള്‍ വിതരണം ചെയ്തത് 23,925 കോടി രൂപ
എറണാകുളം ജില്ലയില്‍ നടപ്പു സാമ്പത്തിക വര്‍ഷം സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ ബാങ്കുകള്‍ വിതരണം ചെയ്തത് 23,925 കോടി രൂപ. ഇതില്‍ 9570 കോടി രൂപ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കാണു നല്‍കിയത്. കാര്‍ഷിക മേഖലയില്‍ 4384 കോടിയും സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് 4448 കോടി രൂപയും ഭവനവായ്പ, വിദ്യാഭ്യാസ വായ്പ എന്നിവ ഉള്‍പ്പെടുന്ന മറ്റു മുന്‍ഗണനാ മേഖലയ്ക്കു 737 കോടി രൂപയും വായ്പയായി നല്‍കി.
സെപ്റ്റംബര്‍ അവസാനം ജില്ലയിലെ ബാങ്കുകളിലെ ആകെ നിക്ഷേപം 1,35,536 കോടി രൂപയും മൊത്തം വായ്പത്തുക 1,00,103 കോടി രൂപയുമാണ്. ജില്ലയിലെ വായ്പ നിക്ഷേപ അനുപാതം 74 ശതമാനമാണ്.
ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ബാങ്കിംഗ് സമിതിയുടെ അവലോകന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ജനങ്ങളെ ബാങ്കുകളുമായി കൂടുതല്‍ അടുപ്പിക്കുകയും സര്‍ക്കാരും ബാങ്കുകളും നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് അവരെ ബോധവത്കരിക്കുകയും കൂടുതല്‍ വായ്പകള്‍ വിതരണം ചെയ്യുകയുമാണു ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ബാങ്കുകള്‍ക്കു ജില്ലയുടെ സമഗ്ര വികസനത്തിനു പ്രധാനപെട്ട പങ്ക് വഹിക്കാന്‍ സാധിക്കും. ബ്ലോക്ക് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചു വായ്പാ വിതരണ മേളയും പൊതുജന സമ്പര്‍ക്ക പരിപാടിയും സംഘടിപ്പിക്കണമെന്നും ജില്ലാ പ്രസിഡന്റ് നിര്‍ദ്ദേശിച്ചു.
യോഗത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തനപുരോഗതി വിലയിരുത്തി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍ സാധാരണക്കാരിലേക്കു വേഗത്തിലെത്തിക്കാന്‍ ബാങ്കുകള്‍ പരിശ്രമിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ സി.സതീശ്, ലീഡ് ബാങ്ക് ഡി.ജി.എം മഞ്ജുനാഥ സ്വാമി, റിസര്‍വ് ബാങ്ക് എല്‍ഡിഒ അനൂപ് ദാസ്, നബാര്‍ഡ് ഡി.ഡി.എം അജീഷ് ബാലു, മറ്റ് ബാങ്ക് പ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments