Skip to main content

വയോജനങ്ങള്‍ക്ക് താങ്ങാകാന്‍ ഇരവിപേരൂരില്‍ സായംപ്രഭ പദ്ധതി

 

വീടുകളില്‍ ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങള്‍ക്ക് കൈത്താങ്ങായി ഇരവിപേരൂര്‍   പഞ്ചായത്തില്‍ സായംപ്രഭ പദ്ധതി. വീടുകളില്‍ ഒറ്റപ്പെട്ട് പോകുന്ന    വയോജനങ്ങള്‍ക്ക് താങ്ങാകുകയാണ് പദ്ധതിയുടെ ലക്ഷ്യം. പഞ്ചായത്തിലെ 27 അങ്കണവാടികളിലൂടെ വയോജന ക്ലബ്ബ് രൂപീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പകല്‍ മക്കള്‍ ജോലിക്കും പേരക്കുട്ടികള്‍ സ്‌കൂളിലും പോയിക്കഴിഞ്ഞാല്‍ ഒറ്റപ്പെടുന്ന അവസ്ഥ വയോജനങ്ങള്‍ നേരിടുന്നുണ്ട്. കൂടാതെ ഇവരുടെ ശാരീരിക മാനസിക ആരോഗ്യനില നിശ്ചിത ഇടവേളകളില്‍ പരിശോധിക്കപ്പെടുകയും പരിചരണം ലഭ്യമാക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിന് പരിഹാരമായാണ് സായംപ്രഭ ആവിഷ്‌കരിക്കുന്നത്. 

വീട്ടിലെ മുതിര്‍ന്നവരെ മുഖ്യധാരയിലേക്കെത്തിച്ച് മികച്ച ജീവിതസാഹചര്യം നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പഞ്ചായത്തിന്റെ 2017-18 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സായംപ്രഭ ആവിഷ്‌കരിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി മൂന്ന് മാസം കൂടുമ്പോള്‍ വയോജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തും. ഇവര്‍ക്ക് ആവശ്യമായ കണ്ണട, വോക്കിംഗ് സ്റ്റിക്ക്, കേള്‍വി സഹായി ഉപകരണം തുടങ്ങിയവ സൗജന്യമായി വിതരണം ചെയ്യുക,  പോഷകാഹരങ്ങള്‍ നല്‍കുക, വിനോദയാത്ര, സിനിമാ പ്രദര്‍ശനം തുടങ്ങിയവ സംഘടിപ്പിക്കാനും പദ്ധതിയിലൂടെ പഞ്ചായത്ത് ലക്ഷ്യമിടുന്നു. കര്‍ക്കിടക മാസത്തില്‍ ഇവര്‍ക്കായി കര്‍ക്കടക കിറ്റും നല്‍കും. കിടപ്പുരോഗികള്‍ക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഴി ആവശ്യമായ പരിചരണം പഞ്ചായത്ത് നേതൃത്വത്തില്‍ ലഭ്യമാക്കുന്നുണ്ട്. 

വയോജനങ്ങള്‍ക്ക് തങ്ങളുടെ അനുഭവങ്ങളും കഴിവുകളും പങ്കിടാനുള്ള വേദിയും പദ്ധതിയുടെ ഭാഗമായി ഒരുക്കും. ലാഫിംഗ് ക്ലബ്ബും ഇതിനോടൊപ്പം സജ്ജമാക്കും. വാര്‍ഡ് തലത്തില്‍ ഓരോ കൂട്ടങ്ങളായി ആദ്യം അറുപത് വയസിന് മുകളില്‍ ഉള്ളവരെ വിളിച്ചു ചേര്‍ത്താണ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 60 മുതല്‍ 75 വയസു വരെയുള്ളവരാണ് നിലവില്‍ സായംപ്രഭയില്‍ പങ്കാളികളായിട്ടുള്ളത്. 

11,33,510 രൂപയാണ് പദ്ധതിക്കായി പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഗീതാ അനില്‍കുമാര്‍, വൈസ്പ്രസിഡന്റ് അഡ്വ. എന്‍ രാജീവ് എന്നിവര്‍ അറിയിച്ചു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ടി.ആര്‍ ലതാകുമാരിക്കാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല.         (പിഎന്‍പി 1682/18)

date