വിവിധ പദ്ധതികളുമായി സാക്ഷരതാ മിഷന്‍; കഴിഞ്ഞ വര്‍ഷം 2219 പേര്‍ തുല്യതാ പരീക്ഷകള്‍ പാസായി
ജില്ലാ സക്ഷരതാ മിഷന്റെ സാക്ഷരതാ സമിതി യോഗം ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു.
2020-21 വര്‍ഷം ജില്ലയില്‍ 2219 പേര്‍ സാക്ഷരതാ പരീക്ഷ പാസായതായി സാക്ഷരതാ മിഷന്‍ ജില്ലാ - കോര്‍ഡിനേറ്റര്‍ ദീപ ജെയിംസ് യോഗത്തില്‍ അറിയിച്ചു. നിലവില്‍ നാലാം തരം തുല്യതാ പരീക്ഷയ്ക്കായി 490 പേരും ഏഴാം തരം തുല്യതാ പരീക്ഷയ്ക്കായി 315 പേരും പത്താം തരം തുല്യതാ പരീക്ഷയ്ക്കായി 1120 പേരും ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയ്ക്കായി 1396 പേരും തയാറെടുക്കുന്നു.
പട്ടികജാതി കോളനികളിലെ നിരക്ഷരത നിര്‍മ്മാര്‍ജ്ജന പദ്ധതിയായ നവചേതന പദ്ധതി പ്രകാരം ജില്ലയിലെ 10 പഞ്ചായത്തുകളിലെ 10 വാര്‍ഡുകള്‍ തിരഞ്ഞെടുത്ത് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. തീരദേശ സാക്ഷരതാ പദ്ധതി പ്രകാരം സാക്ഷരതാ സര്‍വേ ആരംഭിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
അതിഥി തൊഴിലാളികളെ മലയാളത്തില്‍ സാക്ഷരരാക്കുന്നതിനു വേണ്ടി സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന ചങ്ങാതി പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ കടുങ്ങല്ലൂര്‍ പഞ്ചായത്തിനെ തിരഞ്ഞെടുത്തു. ജില്ലയിലെ മഞ്ഞള്ളൂര്‍ പഞ്ചായത്തിനെ ജോബ് സ്‌കില്‍ അക്യുസിഷന്‍ പ്രോഗ്രാം പദ്ധതിയില്‍ ഉള്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. പരീക്ഷകള്‍ പാസായവര്‍ക്കായി സര്‍ട്ടിഫിക്കറ്റ് വിതരണവും വിജയോത്സവവും 15 ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടത്താനും തീരുമാനമെടുത്തു.
സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ദീപ ജെയിംസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്, കോ ഓഡിനേറ്റര്‍മാരായ പി.എന്‍ ബാബു, കെ.എം സുബൈദ, വി.വി ശ്യാംലാല്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments