അട്ടപ്പാടിയില്‍ 'മഹിളാ മിത്ര' പ്രത്യേക വായ്പ പദ്ധതി ഉദ്ഘാടനം ഇന്ന്
സന്‍സാദ് ആദര്‍ശ് ഗ്രാമ യോജന (സാഗീ) പദ്ധതിയുടെ ഭാഗമായി എം. ബി. രാജേഷ് എം.പി ദത്തെടുത്ത അട്ടപ്പാടി ബ്ലോക്കിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളിലെ പട്ടികജാതി-പട്ടികവര്‍ഗ, ബി.പി.എല്‍ വിഭാഗത്തിലെ കുടുംബശ്രീ വനിതകള്‍ക്കുള്ള മഹിളാ മിത്ര പ്രത്യേക വായ്പ പദ്ധതി സഹകരണ-ദേവസ്വം-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് (ജൂണ്‍ 26) രാവിലെ പത്തിന് അഗളി കില കാംപസില്‍ ഉദ്ഘാടനം ചെയ്യും. കാര്‍ഷിക അനുബന്ധമേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരാനും അതുവഴി കൂടുതല്‍ വരുമാനം ഉറപ്പാക്കാനും ജില്ലാ സഹകരണ ബാങ്കിന്‍റെ നേതൃത്വത്തില്‍ സാഗീ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ടം അട്ടപ്പാടി ബ്ലോക്കിലെ അഗളി, ഷോളയൂര്‍, പൂതൂര്‍ എന്നീ പഞ്ചായത്തുകളിലെ കുടുംബശ്രീ അയല്‍കൂട്ടങ്ങളിലാണ് നടപ്പിലാക്കുന്നത് . ഒന്നാം പാദത്തില്‍ ഈ പഞ്ചായത്തുകളിലെ 500 ഗുണഭോക്താക്കള്‍ക്കും രണ്ടാം പാദത്തില്‍ ബ്ലോക്കിലെ താല്‍പര്യമുള്ള മുഴുവന്‍ പേര്‍ക്കും സഹായം ലഭിക്കും.
കാര്‍ഷികാവശ്യങ്ങള്‍ക്കും മറ്റും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് അയല്‍ക്കൂട്ടങ്ങളുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ജില്ലാ കോ-ഓപറേറ്റീവ് ബാങ്ക് മുഖേന നാലു ശതമാനം പലിശ നിരക്കില്‍ 15,000 രൂപയാണ് വായ്പ നല്‍കുക. ഈ തുക ഒരു വര്‍ഷത്തേക്ക് എ.ടി.എം വഴി പിന്‍വലിക്കാം. ബാങ്ക് നിശ്ചയിക്കുന്ന തവണകളായി ഒരു വര്‍ഷത്തിനകം തുക തിരിച്ചടയ്ക്കണം. സമൂഹത്തില്‍ സാമ്പത്തികമായി താഴ്ന്ന വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ക്ക് മറ്റാരെയും ആശ്രയിക്കാതെ ജീവിക്കാനും തൊഴില്‍ മെച്ചപ്പെടുത്തി വരുമാനം വര്‍ധിപ്പിക്കാനും പദ്ധതി സഹായകമാവും. 2019 മാര്‍ച്ചോടു കൂടി ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
എം.ബി രാജേഷ് എം.പി അധ്യക്ഷനാവുന്ന പരിപാടിയില്‍ ആദ്യ എ.ടി.എം കാര്‍ഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെ. ശാന്തകുമാരി വിതരണം ചെയ്യും. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഈശ്വരിരേശന്‍, ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി സ്പെഷ്യല്‍ ഓഫീസറുമായ ജെറോമിക് ജോര്‍ജ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി. സെയ്തലവി, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജ്ക്ട് ഓഫീസര്‍ വേലായുധന്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ മാരുതി, ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനെജര്‍ ശ്രീനിവാസന്‍, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, അംഗങ്ങള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും.
- Log in to post comments