എറണാകുളം അറിയിപ്പുകള്‍
പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
കൊച്ചിഃ കേന്ദ്രഗ്രാമ വികസന മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും കുടുംബശ്രീയും ചേര്‍ന്ന് പൂര്‍ണമായും സൗജന്യമായി നടത്തുന്ന തൊഴില്‍ പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെ ഭാഗമായി അക്‌സസ് എഡ്യുടെക് പ്രൈവറ്റ് ലിമിറ്റഡ് എറണാകുളം നാല് മാസം ദൈര്‍ഘ്യമുളള വെബ് ഡെവലപ്പര്‍ /സോഫ്റ്റ് വെയര്‍ റസിഡന്‍ഷ്യല്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞ യോഗ്യത ഡിഗ്രി (കമ്പ്യൂട്ടറുമായി ബന്ധം ഉളള ഡിഗ്രി /ഡിപ്‌ളോമ ഉളളവര്‍ക്ക് മുന്‍ഗണന) വിജയകരമായി പദ്ധതി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മികച്ച ശമ്പളത്തോടുകൂടിയുളള ജോലി ഉറപ്പാക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വാട്‌സ് അപ് മുഖേന ബന്ധപ്പെടുക. ഫോണ്‍ 9495363565.
കിറ്റ്‌കോയുടെ സൗജന്യ ഓണ്‍ലൈന്‍ വ്യവസായ സംരംഭകത്വ പരിശീലനം
കൊച്ചിഃ കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പും പൊതു മേഖലാ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്‌കോയും ചേര്‍ന്ന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് ഇലക്ട്രോണിക്‌സ് മേഖലയില്‍ ആറ് ആഴ്ചത്തെ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലന പരിപാടി ജനുവരി 18-ന് ആരംഭിക്കുന്നു. സ്വന്തമായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സയന്‍സിലോ എഞ്ചിനീയറിംഗിലോ ബിരുദമോ ഡിപ്‌ളോമയോ ഉളളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21-45 ഇടയില്‍.
ഐ ടി ആന്റ് ഇലക്ട്രോണിക്‌സ് മേഖലയില്‍ ലാഭകരമായ സംരംഭങ്ങള്‍ തിരഞ്ഞെടുക്കേണ്ട വിധം, വ്യവസായ മാനദണ്ഡങ്ങള്‍, വിവിധ ലൈസന്‍സുകള്‍, പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കല്‍, സാമ്പത്തിക വായ്പാ മാര്‍ഗ്ഗങ്ങള്‍, മാര്‍ക്കറ്റ് സര്‍വെ, ബിസിനസ് പഌനിംഗ്, മാനേജ്‌മെന്റ്, വിജയം വരിച്ച വ്യവസായികളുടെ അനുഭവങ്ങള്‍, സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ക്കുളള ഗവ സഹായങ്ങള്‍, ഇന്‍കുബേഷന്‍ സ്‌കീം, എക്‌സ്‌പ്പോര്‍ട്ട് ഇംപോര്‍ട്ട് മാനദണ്ഡങ്ങള്‍ ഇന്റലക്ചല്‍ പ്രോപ്പര്‍ട്ടി ആക്ട്, ആശയ വിനിമയപാടവം, മോട്ടിവേഷന്‍ തുടങ്ങിയ നിരവധി വിഷയങ്ങള്‍ ഓണ്‍ലൈന്‍ പരിശീലന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ജനുവരി 18-ന് മുമ്പായി 9847463688, 9447509643, 0484-412900.
കേരളത്തിലെ കടലോര മത്സ്യഗ്രാമങ്ങളില്‍ സാഗര്‍മിത്രകളെ
തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
കൊച്ചിഃ പ്രധാനമന്ത്രി സമ്പാദ യോജന (PMMSY ) പദ്ധതിയുടെ കീഴില്‍ കേരളത്തിലെ ഫിഷറീസ് വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് സാഗര്‍മിത്ര. സര്‍ക്കാരിനും മത്സ്യത്തൊഴിലാളികള്‍ക്കുമിടയില്‍ ഒരു ഇന്റര്‍ഫേസ് ആയി പ്രവര്‍ത്തിക്കുന്നതിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നും നിശ്ചിത യോഗ്യതയുളളവരെ സാഗര്‍മിത്രകളായി നിയമിക്കുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് എന്ത് സേവനങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ആദ്യം ബന്ധപ്പെടാവുന്നവരാണ് സാഗര്‍മിത്രകള്‍.
എറണാകുളം ജില്ലയിലെ തീരദേശ മത്സ്യഗ്രാമങ്ങളില്‍ നിലവില്‍ ഒഴിവുളള 10 സാഗര്‍മിത്ര തസ്തികകളില്‍ കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് സാഗര്‍മിത്രകളെ നിയമിക്കുന്നു. കരാര്‍ കാലത്ത് 15000/- രൂപ പ്രതിമാസം ഇന്‍സെന്റീവ് നല്‍കും. ഫിഷറീസ് സയന്‍സ്/ മറൈന്‍ ബയോളജി/സുവോളജി എന്നിവയിലേതെങ്കിലും ബിരുദം നേടിയിട്ടുളള ഫിഷറീസ് പ്രൊഫഷണലുകളും പ്രാദേശിക ഭാഷകളില്‍ ഫലപ്രദമായി ആശയവിനിമയം നടത്താന്‍ പ്രഗല്‍ഭ്യമുളളവരും വിവര സാങ്കേതിക വിദ്യയില്‍ പരിജ്ഞാനം ഉളളവരും 35 വയസില്‍ കുടാതെ പ്രായമുളളവരും ആയിരിക്കണം സാഗര്‍മിത്രകള്‍ ആകുന്നതിന് അപേക്ഷിക്കേണ്ടത്. അപേക്ഷകര്‍ അതാത് മത്സ്യഗ്രാമത്തിലുളളവരാണെങ്കില്‍ അവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. യോഗ്യരായ അപേക്ഷകരില്‍ നിന്നും അഭിമുഖം നടത്തിയാണ് സാഗര്‍മിത്രകളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷയും കൂടതല്‍ വിവരങ്ങളും ഫിഷറീസ് വകുപ്പിന്റെ എറണാകുളം ജില്ലാ ഓഫീസിലും, തീരദേശ മത്സ്യഭവനുകളിലും ലഭ്യമാകുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ 18.01.22-നകം ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് ഓഫീസ് സമയങ്ങളില്‍ 0484-2394476 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
സൂപ്പര്‍ സ്‌പെഷ്യാലിറ്റി അനസ്തഷ്യോളജിസ്റ്റ് എംപാനല്‍ ലിസ്റ്റ് തയാറാക്കുന്നു
കൊച്ചിഃ എറണാകുളം ജനറല്‍ ആശുപത്രിയിലെ വികസന സമിതിയുടെ കീഴില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി അനസ്തഷ്യോളജിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിനായി എംപാനല്‍ ലിസ്റ്റ് തയാറാക്കുന്നു. യോഗ്യത എംബിബിഎസ്, എംഡി/ഡിഎ അനസ്‌തേഷ്യാ. താത്പര്യമുളള അനസ്തഷ്യോളജിസ്റ്റുമാര്‍ അപേക്ഷ ഫോമില്‍ (അപേക്ഷ ഫോം ആശുപത്രി ഓഫീസില്‍ നിന്നും ലഭിക്കും) വിവരങ്ങള്‍ ചേര്‍ത്ത് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സെറ്റ് പകര്‍പ്പും സഹിതം മുദ്രവച്ച കവറില്‍, സൂപ്രണ്ട്, ജനറല്‍ ആശുപത്രി, എറണാകുളം വിലാസത്തില്‍ ജനുവരി 25-ന് മുമ്പ് സമര്‍പ്പിക്കണം.
തൊഴിലധിഷ്ഠിത കോഴ്സുകളിൽ സൗജന്യ പരിശീലനം
കാക്കനാട് : സംസ്ഥാന സർക്കാർ പൊതുമേഖല സ്ഥാപനമായ കെൽട്രോണും പട്ടികജാതി വികസന വകുപ്പും സംയുക്തമായി നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സുകളായ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് , അഡ്വർടൈസിംഗ്, ഗ്രാഫിക് ഡിസൈനിങ്, അഡ്വാൻസ്ഡ് ലാൻഡ് സർവേ എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി വിജയിച്ച പട്ടികജാതി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പഠനകാലയളവിൽ വിദ്യാർഥികൾക്ക് പ്രതിമാസ സ്‌റ്റെപന്റ് നൽകും . ജാതിസർട്ടിഫിക്കറ്റ് ,യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 15. കൂടുതൽ വിവരങ്ങൾക്ക് എറണാകുളം ജില്ലാ പട്ടികജാതി വികസന വകുപ്പ് ഓഫീസുമായോ കെൽട്രോൺ നോളജ് സെന്ററുകളുമായോ ബന്ധപ്പെടണം. ഫോൺ : 0484-2971400, 8590605259 ,0484-2632321.
വിദ്യാകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന പദ്ധതിയായ വിദ്യാകിരണം പദ്ധതിയിലേക്ക് ജില്ലയിലെ അർഹരായ ഗുണഭോക്താക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ സമർപ്പിക്കണം. അപേക്ഷാഫോമുകളും വിശദവിവരങ്ങളും www.sjd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. വിശദ വിവരങ്ങൾക്ക് 0484 - 2425377 എന്ന നമ്പറിൽ ബന്ധപ്പെടണം.
- Log in to post comments