അഞ്ചു ലക്ഷത്തോളം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് പാറശ്ശാല ബ്ലോക്ക്
മഹത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം പാറശ്ശാല ബ്ലോക്കിലെ ആറ് ഗ്രാമപഞ്ചായത്തുകളിലുമായി കഴിഞ്ഞ വര്ഷം 5,23,620 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച തായി പാറശ്ശാല ബി.ഡി.ഓ അറിയിച്ചു. പതിനഞ്ചുകോടിയോളം രൂപ ചെലവഴിച്ചുകൊണ്ടാണ് വിവിധ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നത്. 270 കുടുംബങ്ങള്‍ 100 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ നാല് കുടുംബങ്ങള്‍ക്ക് 150 ദിവസം പൂര്‍ത്തിയാക്കാന്‍ സാധിച്ചു.
വിവിധ ഗ്രാമപഞ്ചായത്തുകളിലായി 176 കാര്‍ഷിക കുളങ്ങളും, 500 പുതിയ കിണറുകളും, 16 കിണര്‍ റീചാര്‍ജുകളും നിര്‍മിക്കുകയും 522 കാനാലുകള്‍ നവീകരിക്കുകയും ചെയ്തു. 25 മഴക്കുഴികള്‍ നിര്‍മിക്കാനും കഴിഞ്ഞ വര്ഷം സാധിച്ചു.
പട്ടികജാതി വിഭാഗത്തില്‍പെട്ട 1968 പേര്‍ക്കും 15,559 സ്ത്രീകള്‍ക്കും തൊഴിലുറപ്പ് വഴി കഴിഞ്ഞ വര്ഷം തൊഴില്‍ ലഭിച്ചു.
43 എസ് സി കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ കൈവരിക്കാനും സാധിച്ചു.
നിലവില്‍ പാറശ്ശാല ബ്ലോക്കില്‍ എട്ട് പ്രവര്‍ത്തികളാണ് നടക്കുന്നത്. ചെങ്കലില്‍ പുതുതായി അഞ്ചു കാര്‍ഷിക കുളങ്ങളും ഒരു കിണറും ഒരു നടപ്പാതയും, പാറശ്ശാല പഞ്ചായത്തിലെ ആരുശ്ശേരിയില്‍ കയര്‍ ഭൂവസ്ത്രം വിരിക്കുന്ന പണിയും നടന്നു വരികയാണ്. തിരുപുറം, കുളത്തൂര്‍, പാറശ്ശാല എന്നിവിടങ്ങളില്‍ കഴിഞ്ഞ വര്ഷം പൂര്‍ത്തിയാകാത്ത ചില പ്രവര്‍ത്തികളുടെ പൂര്‍ത്തീകരണവും നടക്കുന്നുണ്ട്.
ഹരിത കേരളം പദ്ധതി ആശയങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി മണ്ണ്, ജലം, ജൈവ സമ്പത്തുകള്‍ സംരക്ഷിക്കുന്ന പദ്ധതികള്‍ ഈ വര്‍ഷവും നടപ്പാക്കുമെന്ന് പാറശ്ശാല ബ്ലോക്ക് പ്രസിഡന്റ് വി.ആര്‍. സലൂജ അറിയിച്ചു.
(പി.ആര്‍.പി 1746/2018)
- Log in to post comments