കൈത്തറി സ്വയംതൊഴില്‍ പദ്ധതി
കൈത്തറി മേഖലയില്‍ സ്വയംതൊഴില്‍ സംരംഭം തുടങ്ങാന്‍ ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംരംഭങ്ങള്‍ വ്യക്തിഗതം, പങ്കാളിത്തം, സ്വയംസഹായ സംഘങ്ങളോ ആകാം. കൈത്തറി മേഖലയില്‍ നവീന രീതിയിലുള്ള ഉല്‍പ്പാദനം, നവീന ഡിസൈന്‍ എന്നിവ വഴി മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. അപേക്ഷകര്‍ പത്താംക്ലാസ് വിദ്യാഭ്യാസമുള്ളവരും കൈത്തറി നെയ്ത്തില്‍ പത്തുവര്‍ഷത്തെ പരിചയമുള്ളവരുമാകണം. കൈത്തറി/ടെക്‌സ്റ്റൈയില്‍സ് ടെക്‌നോളജി എന്നിവയില്‍ ഡിപ്ലോമ/ബിരുദം, കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജിയുടെ രണ്ടുവര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, ഫാഷന്‍ ഡിസൈനിംഗില്‍ ബിരുദം ഡിപ്ലോമ ഉള്ളവര്‍ക്ക് മുന്‍ഗണന.
അപേക്ഷകര്‍ സംരംഭം തുടങ്ങുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യമുള്ളവരായിരിക്കണം. സ്വന്തമായി ഭൂമി ഉള്ളവര്‍ക്കു മുന്‍ഗണന. സ്വന്തമായി ഭൂമി ഇല്ലാത്തവര്‍ക്ക് സംരംഭം തുടങ്ങുന്നതിനായുള്ള ഭൂമി 15 വര്‍ഷത്തേയ്ക്ക് പാട്ടത്തിന് ലഭ്യമായിരിക്കണം. സര്‍ക്കാര്‍ വ്യവസായ ആവശ്യങ്ങള്‍ക്കായി അനുവദിക്കപ്പെട്ട ഭൂമിയില്‍ സംരംഭം തുടങ്ങാം. സ്ഥിര ആസ്തി മൂലധനത്തിന്റെ 40 ശതമാനവും പ്രവര്‍ത്തന മൂലധനത്തിന്റെ 30 ശതമാനവും (യഥാക്രമം പരമാവധി 40 ലക്ഷവും 1.50 ലക്ഷവും) ധനസഹായമായി നല്‍കും. ബാക്കി തുക സംരംഭകന്‍ ഏതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍ നിന്നും വായ്പ ഇനത്തില്‍ ലഭ്യമാക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷഫോറത്തിനും താലൂക്ക് വ്യവസായ ഓഫീസുകള്‍, ജില്ലാ വ്യവസായ കേന്ദ്രം എന്നിവിടങ്ങളില്‍ ബന്ധപ്പെടുക. ഫോണ്‍: 0471 2326756, 9995778797, 9495540104, 8281959963, 9495301756.
(പി.ആര്‍.പി 1749/2018)
- Log in to post comments