Skip to main content

പരാതികള്‍ക്ക് പരിഹാരവുമായി കൊച്ചിയില്‍ ജനസമ്പര്‍ക്കം പോക്കുവരവ്, റീസര്‍വെ പരാതികള്‍ ഉടനെ തീര്‍പ്പാക്കും

 

കൊച്ചി: കൊച്ചി താലൂക്കിലെ താലൂക്കുതല ജനസമ്പര്‍ക്ക പരിപാടി പരിഹാരം 2018-ല്‍ പരിഗണിച്ചത് 118 പരാതികള്‍. ഭൂമിയുടെ പോക്കുവരവു സംബന്ധിച്ചും റിസര്‍വേ സംബന്ധിച്ചുമായിരുന്നു പരാതികളിലേറെയും. ഓണ്‍ലൈനായും നേരിട്ടും സമര്‍പ്പിച്ച പരാതികളായിരുന്നു ഇവ. പരിഹാരം ജനസമ്പര്‍ക്ക പരിപാടിയോടൊപ്പം നടന്ന ഫയല്‍ അദാലത്തില്‍ 88 കേസുകള്‍ പരിഗണിച്ചു. ഇവയില്‍ 52 എണ്ണം തീര്‍പ്പാക്കി. മറ്റുള്ള ഫയലുകളിന്മേല്‍ തുടര്‍ നടപടികള്‍ക്ക് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള നിര്‍ദേശം നല്‍കി. 

പോക്കുവരവ് നടത്താനുള്ള തടസ്സം, കൈവശഭൂമിക്ക് പട്ടയം അനുവദിക്കല്‍,  അതിര്‍ത്തി തര്‍ക്കം, വഴി അനുവദിച്ചുകിട്ടല്‍, ഭൂമി അളന്ന് തിട്ടപ്പെടുത്തല്‍, റീസര്‍വ്വേ തെറ്റുതിരുത്തല്‍ തുടങ്ങിയ പരാതികളാണ് ഭൂമിയുമായി സംബന്ധിച്ചു ലഭിച്ചത്. വിദ്യാഭ്യാസവായ്പ സംബന്ധിച്ചും കൃഷി, പഞ്ചായത്തു വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും ലഭിച്ചു.  

ആധാര്‍ രജിസ്‌ട്രേഷനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് അപേക്ഷ നല്കാനുള്ള സൗകര്യവും പരിഹാരം വേദിയിലൊരുക്കിയിരുന്നു. അക്ഷയയുടെ കൗണ്ടറുകളില്‍ നിരവധി പേര്‍ രജിസ്‌ട്രേഷനായി എത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സാമ്പത്തിക സഹായത്തിനായി അക്ഷയ കൗണ്ടര്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കാനും സൗകര്യമൊരുക്കിയിരുന്നു. 

 

ചുവപ്പുനാടയില്‍ കുരുങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

കൊച്ചി: ചുവപ്പുനാടയില്‍ കുരുങ്ങി വര്‍ഷങ്ങളായി പരിഹാരമാവാത്ത പല പ്രശ്‌നങ്ങള്‍ക്കും കൊച്ചി താലൂക്കില്‍ നടന്ന പരിഹാരം -2018 ജനസമ്പര്‍ക്ക പരിപാടിയിലും ഫയല്‍ അദാലത്തിലും തീരുമാനമായി. 1994 മുതല്‍  കൈവശമുള്ള ഭൂമിയ്ക്ക് കരമടയ്ക്കാനാവുന്നില്ലെന്ന പരാതിയുമായാണ് എടവനക്കാട് സ്വദേശി കെ കുട്ടപ്പന്‍ പരിഹാരത്തിനെത്തിയത്. ആധാരപ്രകാരം നാലു സെന്റു ഭൂമി കുട്ടപ്പന്റെ പേരിലാണെങ്കിലും റീസര്‍വേയില്‍ പേരില്ലാത്തതിനാല്‍ കരമടയ്ക്കാനായിരുന്നില്ല. പ്രശ്‌നം പരിശോധിച്ച ജില്ലാ കളക്ടര്‍ ജനസമ്പര്‍ക്കപരിപാടിക്ക് മുന്നോടിയായി ഇത് പരിഹരിക്കാന്‍ നിര്‍ദേശം നല്കി. തുടര്‍ന്ന് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച്  സര്‍വേ നടത്തുകയും രേഖകള്‍ പരിശോധിച്ച് ഭൂമി കുട്ടപ്പന്റെ പേരിലാണ് ഉറപ്പുവരുത്തുകയും ചെയ്തു. ജില്ലാ കളക്ടറില്‍ നിന്നും കരമടയ്ക്കാനുള്ള ഉത്തരവുമായാണ് കുട്ടപ്പന്‍ പരിഹാരത്തില്‍ നിന്നും മടങ്ങിയത്. 

നായരമ്പലത്ത് നിന്നെത്തിയ കെ കെ ദാസനും സമാനമായ ഒരു പരാതിയാണുണ്ടായിരുന്നത്. 1990-ല്‍ ദാസന്‍ വാങ്ങിയ സ്ഥലത്തിന് 2008 മുതല്‍ കരമടയ്ക്കാന്‍ അധികൃതര്‍ സമ്മതിക്കുന്നില്ലെന്നായിരുന്നു പരാതി. ദാസന്റെ ഭാര്യ മരണമടഞ്ഞ ഷീലയുടെ പേരിലായിരുന്ന ഭൂമി. താനും മക്കളുമാണ് അനന്തരവകാശികളെന്ന രേഖ ദാസന്‍ ഹാജരാക്കിയത് അംഗീകരിക്കപ്പെട്ടതോടെ കരമടക്കാനുള്ള തടസം നീങ്ങി. തെക്കന്‍ മാലിപ്പുറത്തുനിന്ന് ഹേന നെല്‍സണ്‍ ചലനശേഷിയില്ലാത്ത ഭിന്നശേഷിയുള്ള മകള്‍ ജിയ നെല്‍സണുമായാണ് പരിഹാരത്തിനെത്തിയത്. 22 വയസ്സുള്ള ജിയയുടെ മരുന്നുകള്‍ക്കും ചികിത്സയ്ക്കുമായി മാസം തോറും വലിയ തുക ചെലവാക്കേണ്ടി വരുന്നു. സ്വന്തമായി വീടില്ലാത്ത ഇവര്‍ക്ക് വാടകയിനത്തിലും പണം ആവശ്യമാണ്. പ്യാരി ജംഗ്ഷനില്‍ നിന്ന് അമ്പത്തിമൂന്നുകാരിയായ നബീസ ചലനശേഷി നഷ്ടപ്പെട്ട തന്റെ 22കാരിയായ മകളുമൊത്താണ് എത്തിയത്. ഇരുവരുടെയും പരാതി കേട്ട ജില്ലാ കളക്ടര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പതിനായിരം രൂപ വീതം അനുവദിച്ചു. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മിച്ചു നല്‍കാനുള്ള സാധ്യതയെക്കുറിച്ച് അനേ്വഷിക്കാന്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തി. 

പശ്ചിമകൊച്ചിയിലെ കല്‍വത്തി പത്തായത്തോട് കുളം കോര്‍പറേഷന്‍ മൂടിയത് മൂലം നീരൊഴുക്ക് തടസ്സപ്പെടുന്നുവെന്ന പരാതിയും പരിഹാരത്തിലുയര്‍ന്നു. പ്രദേശത്തെ കാനകളിലെ അഴുക്കുവെള്ളം റോഡില്‍ പരന്ന് ജനജീവിതം ദുസ്സഹമാവുന്നുവെന്ന് കൊച്ചിന്‍ ലൈഫ് ഇന്‍ ഓര്‍ഗനൈസ്ഡ് കമ്യുണിറ്റി സംഘടനാ പ്രതിനിധിയായ എം ഹനീഫ് പറഞ്ഞു. പരാതി പരിശോധിച്ച് നടപടിയെടുക്കാന്‍ കളക്ടര്‍ കോര്‍പറേഷന്‍ അധികൃതരോട് ആവശ്യപ്പെട്ടു. 

 

സര്‍വേയുമായി ബന്ധപ്പെട്ട പരാതികള്‍

സമയബന്ധിതമായി പരിഹരിക്കും: കളക്ടര്‍

കൊച്ചി:  ഭൂമി സര്‍വേയുമായി ബന്ധപ്പെട്ട പരാതികളുടെ പരിഹാരം കൂടുതല്‍ ഫലപ്രദമാക്കുമെന്ന് ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫിറുള്ള. കൊച്ചി താലൂക്കില്‍ നടന്ന പരിഹാരം 2018-ഉം ഫയല്‍ അദാലത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പൊതുജനങ്ങളുടെ പരാതികള്‍ താലൂക്കുതലത്തില്‍ ജില്ലാ കളക്ടര്‍ നേരിട്ട് ഇടപെട്ട് പരിഹരിക്കുന്ന ജനസമ്പര്‍ക്ക പരിപാടി കഴിഞ്ഞ വര്‍ഷം പത്ത് കേന്ദ്രങ്ങളില്‍ നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം 1500 പരാതികള്‍ക്ക് ഇത്തരത്തില്‍ പരിഹാരം കാണാനായെന്ന് അദ്ദേഹം പറഞ്ഞു. 

ഈ വര്‍ഷം മുതല്‍ പരിഹാരത്തോടൊപ്പം ഫയല്‍ അദാലത്തും നടത്തും. ഓരോ താലൂക്കിലും പരിഹാരം അദാലത്ത് നടക്കുമ്പോള്‍ ആ താലൂക്കുമായി ബന്ധപ്പെട്ട് മറ്റ് ഓഫീസുകളിലോ  കലക്ടറേറ്റിലോ തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകള്‍ പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കും. സര്‍വേയുമായി ബന്ധപ്പെട്ട പരാതികളാണ് ഏറെയും ലഭിക്കുന്നത്. അവ പരിഹരിക്കാന്‍ കൂടുതല്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിക്കും.    കണയന്നൂര്‍, കുന്നത്തുനാട് താലൂക്കുകളിലാണ് സര്‍വേയുമായി ബന്ധപ്പെട്ട കൂടുതല്‍ പരാതികള്‍ ഉയരുന്നത്. ആറുമാസത്തിനകം ഈ താലുക്കുകളിലെ സര്‍വേ സംബന്ധിച്ച പരാതികള്‍ക്ക് തീര്‍പ്പു കല്പിക്കും. മറ്റുള്ള താലൂക്കുകളിലെ സര്‍വേ സംബന്ധിച്ച പരാതികള്‍ ഓഗസ്റ്റ് മാസത്തോടെ തീര്‍പ്പാക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള അപേക്ഷകള്‍, കാലവര്‍ഷം മൂലമുണ്ടായ നഷ്ടങ്ങള്‍ തുടങ്ങിയവയും ജനസമ്പര്‍ക്കപരിപാടിയില്‍ തീര്‍പ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

താലൂക്ക് ഓഫീസ് പരിസരത്തെ വന്‍മരങ്ങള്‍ പൂര്‍ണ്ണമായും വെട്ടിമാറ്റാതെ സംരക്ഷിക്കുന്നതിന് ജീവനക്കാര്‍ തയ്യാറാക്കിയ മാര്‍ഗ്ഗരേഖ അഡീ.തഹസില്‍ദാര്‍ മുഹമ്മദ് സാബിര്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ മരണശേഷം ദു:ഖാചരണം പ്രഖ്യാപിച്ച് അന്നത്തെ കൊച്ചി സര്‍ക്കാര്‍ പുറത്തിറക്കിയ ഗസറ്റിന്റെ പകര്‍പ്പ് ജില്ലാ കളക്ടര്‍ക്ക് ഉപഹാരമായി തഹസില്‍ദാര്‍ ആംബ്രോസ് നല്കി. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എം.കെ കബീര്‍, ആര്‍ഡിഒ എസ് ഷാജഹാന്‍, തഹസില്‍ദാര്‍ കെ വി ആംബ്രോസ്, സര്‍വേ സൂപ്രണ്ട് എം എന്‍ അജയകുമാര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

 

Attachments area

date