Skip to main content

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍  സിറ്റിംഗ് നടത്തി

കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ കാസര്‍കോഡ് ഗവ. ഗസ്റ്റ് ഹൗസില്‍ സിറ്റിംഗ് നടത്തി.  കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.എസ്. ഗോപിനാഥന്റെ അദ്ധ്യക്ഷതയില്‍  രാവിലെ 10 ന് ആരംഭിച്ച സിറ്റിംഗില്‍ കമ്മീഷന്‍ അംഗം കൂട്ടായി ബഷീര്‍ പങ്കെടുത്തു.  കാസര്‍കോഡ് ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍, ജോയിന്റ് ഡയറക്ടര്‍, വിവിധ സഹകരണ ബാങ്കുകളുടെയും ദേശസാല്‍കൃത ബാങ്കുകളുടെയും മാനേജര്‍മാര്‍, പരാതി സമര്‍പ്പിച്ചവര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

വിവിധ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട 49 കേസുകളും ദേശസാല്‍കൃത ബാങ്കുമായി ബന്ധപ്പെട്ട 10 കേസുകളും ഉള്‍പ്പെടെ 59 കേസുകള്‍  പരിഗണിച്ചു.  

കടാശ്വാസ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം അനുവദിച്ച ആശ്വാസ തുക വായ്പാ കണക്കില്‍ വരവ്‌വെച്ചത് സംബന്ധിച്ചും വായ്പാ കണക്ക് തീര്‍പ്പാക്കുന്നതില്‍ കാലതാമസമുണ്ടായതും കടാശ്വാസ തുക ലഭിച്ചിട്ടും ഈടാധാരങ്ങള്‍ ബാങ്കുകള്‍ തിരികെ നല്‍കാത്തതിനെക്കുറിച്ചും പരാതികളുണ്ടായിരുന്നു.

കമ്മീഷന്‍  ശുപാര്‍ശ ചെയ്തിട്ടും സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗം കടാശ്വാസം നിഷേധിച്ച കേസില്‍ കടാശ്വാസം ലഭ്യമാക്കാന്‍ തീരുമാനമായി.

അനുവദിച്ച കടാശ്വാസം മുതലില്‍ വരവ് വച്ച് ഈട് ആധാരം തിരികെ നല്‍കുന്നതിന് പകരം കൂടുതല്‍ തുക വീണ്ടും ആവശ്യപ്പെട്ട കേസില്‍ കടാശ്വാസ തുക മുതലിനത്തില്‍ വരവ് വെച്ച് ഒരു മാസത്തിനകം ആധാരം തിരികെ നല്‍കാന്‍ കമ്മീഷന്‍ ബാങ്കിനോട് നിര്‍ദ്ദേശിച്ചു.

കമ്മീഷന്‍ കടാശ്വാസം ശുപാര്‍ശ ചെയ്ത കേസുകളില്‍ 2017-ന് ശേഷം വായ്പ പുതുക്കി എന്ന കാരണത്താല്‍ സഹകരണ ആഡിറ്റ് വിഭാഗത്തിന്റെ ശുപാര്‍ശ സ്വീകരിച്ച് കടാശ്വാസം നിഷേധിച്ച കേസില്‍ ആ വായ്പയുടെ മുന്‍കാല പ്രാബല്യം കണ്ടെത്തി നിശ്ചിത സമയ പരിധിക്കുള്ളില്‍ കടാശ്വാസം അനുവദിക്കാന്‍ സഹകരണ വകുപ്പിന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

സഹകരണ/ദേശസാല്‍കൃത ബാങ്കുകളുടെ വായ്പകളില്‍ കടാശ്വാസത്തിന് അര്‍ഹത നിശ്ചയിക്കുന്നതിനുള്ള 10 കേസുകള്‍ കമ്മീഷന്‍ പരിഗണിക്കുകയും എട്ടെണ്ണം  തീര്‍പ്പാക്കുകയും ചെയ്തു.  വായ്പാ രേഖകള്‍ പുന:പരിശോധിക്കുന്നതിനായി ഒന്‍പത് കേസുകള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി.  ഹൗസിംഗ് സഹകരണ സംഘങ്ങള്‍ തീര്‍പ്പാക്കേണ്ട ആറ് കേസുകള്‍ 30 ദിവസത്തിനകം തീര്‍പ്പാക്കാനും കാലഹരണപ്പെട്ട വായ്പകളില്‍ രണ്ട് കേസുകള്‍ തീര്‍പ്പാക്കാനും കമ്മീഷന്‍ ഉത്തരവായി.

കടാശ്വാസത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടും  അനുവദിച്ചില്ലെന്ന 10 പരാതികള്‍ കമ്മീഷന്‍ സ്വീകരിച്ചു.  കണ്ണൂര്‍  ജില്ലയിലെ സിറ്റിംഗ്/അദാലത്ത് ഇന്ന് (17) രാവിലെ 10 ന് കണ്ണൂര്‍ സര്‍ക്കാര്‍ ഗസ്റ്റ ്ഹൗസില്‍ ആരംഭിക്കും. 

പി.എന്‍.എക്‌സ്.4888/17

date